HEALTH

അകാലത്തില്‍ ഭര്‍ത്താവിനു ഭാര്യയോട് വിരക്തി തോന്നുമ്പോള്‍!

ഡോ.ടൈറ്റസ് പി വര്‍ഗീസ്, സെക്‌സോളജിസ്റ്റ്

സുരഭിക്ക് 45 വയസ്സും ഭര്‍ത്താവിന് 49 വയസ്സുമുണ്ട്. വളരെ സന്തോഷപ്രദവും സംതൃപ്തവുമായ ലൈംഗികജീവിതമായിരുന്നു അവരുടേത്. എന്നാല്‍ ഈയിടെയായി സുരേഷിന് ലൈംഗികബന്ധത്തില്‍ താല്‍പ്പര്യം കുറഞ്ഞതായി സുരഭിക്കൊരു തോന്നല്‍. അവള്‍ മുന്‍കൈയ്യെടുത്താലും താല്‍പ്പര്യമില്ലാത്ത പോലെയാണ് അയാളുടെ പെരുമാറ്റം. പരിഭവം പറഞ്ഞാല്‍ ”നിനക്കു വല്ല മാനസികരോഗമുണ്ടോ?” എന്നു പറഞ്ഞു സുരേഷവളെ കളിയാക്കും. തനിക്കു പ്രായമായതു കൊണ്ടായിരിക്കുമോ അദ്ദേഹത്തിന് തന്നോടു താല്‍പ്പര്യം കുറഞ്ഞത്? അതോ അദ്ദേഹത്തിന് ലൈംഗികവിരക്തി ബാധിച്ചതായിരിക്കുമോ? സുരഭി വല്ലാത്ത മാനസിക പിരിമുറുക്കത്തിലാണ്.
പരസ്പരവിശ്വാസവും സ്‌നേഹവും പൊരുത്തവുമുള്ള ദമ്പതികള്‍ സംതൃപ്തിദായകമായ ലൈംഗികവേഴ്ചയില്‍ ഏര്‍പ്പെടുമ്പോള്‍ കേവലം ശരീരങ്ങളുടെ ആവശ്യം പൂര്‍ത്തീകരിക്കുക മാത്രമല്ല. അതിനുമപ്പുറം ഊഷ്മളമായ രതിയുടെ ആഴങ്ങളിലൂടെ സഞ്ചരിച്ച് ദാമ്പത്ത്യബന്ധത്തിന്റെ കെട്ടുറപ്പും ദൃഡതയും ഒന്നു കൂടി ഊട്ടിയുറപ്പിക്കുക കൂടിയാണ് ചെയ്യുന്നത്.
മനസ്സില്‍ യൗവ്വനവും പെരുമാറ്റത്തില്‍ ഊര്‍ജ്ജസ്വലതയും കാത്തുസൂക്ഷിക്കുന്നവര്‍ക്ക് ഒരിക്കലും പ്രായമാകാറില്ല എന്നു കേട്ടിട്ടില്ലേ? വയസ്സായി എന്നൊരു ചിന്ത തലപൊക്കിത്തുടങ്ങുമ്പോഴാണ് എടുപ്പും നടപ്പും പെരുമാറ്റവുമെല്ലാം ഒരു പ്രത്യേകരീതിയിലേക്കു നീങ്ങുന്നതും വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങള്‍ പലരിലും കണ്ടു തുടങ്ങുന്നതും.
‘പ്രായാധിക്യചിന്തകള്‍’ മനസ്സില്‍ നിന്നകറ്റാന്‍ സെക്‌സ് നല്ല ഉപാധിയാണെന്നതിന് രണ്ടുപക്ഷമില്ല. സുരഭിയുടെ കാര്യത്തില്‍ സുരേഷി ന്റെ വയസ്സ് നാല്‍പ്പത്തിയൊന്‍പതും സുരഭിയുടേതു നാല്‍പത്തഞ്ചും മാത്രമാണെന്നോര്‍ക്കുക. അദ്ദേഹത്തിന് ലൈംഗികതയില്‍ താല്‍പ്പര്യം കുറഞ്ഞിട്ടുണ്ടെങ്കില്‍ അതിന്റെ കാരണങ്ങള്‍ എന്താണെന്നു കണ്ടുപിടിക്കാന്‍ ഭാര്യയെന്ന നിലയില്‍ സ്വാഭാവികമായി സുരഭിക്ക് അവകാശമുണ്ട്.
പലപ്പോഴും അതിന് സെക്‌സുമായി നേരിട്ടു ബന്ധമുണ്ടായെന്നുവരില്ല. ജീവിതത്തിലെ ഉല്‍ക്കണ്ഠകളും ടെന്‍ഷനും കാരണം ലൈംഗികകാര്യങ്ങളില്‍ താല്‍പ്പര്യം കാട്ടനാവാതെ പോകുന്ന നിരവധി ഭര്‍ത്താക്കന്മാരെ കണ്ടിട്ടുണ്ട്. ഭര്‍ത്താവിന്റെ ഔദ്യേഗികജീവിതത്തിലോ മറ്റോ പ്രശ്‌നങ്ങളുണ്ടെങ്കില്‍ പരസ്പരം മനസ്സിലാക്കിക്കൊണ്ട് അവ പരിഹരിക്കാന്‍ ഒരു ഭാര്യ എന്ന നിലയില്‍ കൂടെ നില്‍ക്കാനാണു സുരഭിയെപ്പോലുള്ളവര്‍ ശ്രമിക്കേണ്ടത്.
ഈ പ്രശ്‌നത്തെ ലൈംഗിക വിരക്തി എന്നു മുദ്രകുത്തി വെറുതേ ചിന്തിച്ച് തലപുണ്ണാക്കരുത്. താല്‍ക്കാലികമായ വിരസതയെന്നോ വിട്ടുനില്‍ക്കലെന്നോ മാത്രം മനസ്സിലാക്കുക.

Show More

Related Articles

Back to top button
Close