CULTURAL

അക്ഷരങ്ങളുടെ കളിത്തോഴന്‍ ഓര്‍മകളില്‍

കവികളില്‍ കാല്‍നടക്കാരനായിരുന്നു അയ്യപ്പന്‍. ജീവിച്ച കാലമത്രയും ഒറ്റക്ക് നടന്നു തീര്‍ത്ത ഈ മനുഷ്യന്‍ വ്യവസ്ഥാപിത കെട്ടുപാടുകളോട് നിരന്തരം കലഹിച്ചു. തെരുവില്‍ നടന്നു തെരുവില്‍ കിടന്നു തെരുവില്‍ അന്നം പങ്കിട്ടവനു മാത്രം വെളിപ്പെടുന്ന യാഥാര്‍ത്ഥ്യങ്ങള്‍ ആയിരുന്നു അയ്യപ്പന്റെ കവിതകള്‍.സ്വന്തമായി മുറിയില്ലാത്ത അക്ഷരങ്ങളിലെ അഭയാര്‍ത്ഥി.കവിതക്ക് പുറത്ത് കവിതയില്ലാത്ത മലയാളിയുടെ സാമാന്യ കവി ധാരണകളെ തെരുവില്‍ പിച്ചിച്ചീന്തിയ കാലഘട്ടത്തിന്റെ കവി ജീവിതമാണ് എ അയ്യപ്പന്‍.ഷര്‍ട്ടിന്റെ കൈ മടക്കില്‍ തിരുകി വെച്ച മരണത്തിന്റെ അമ്പു ലോകം കണ്ടതിന്റെ ഓര്‍മ്മ ദിനമാണിന്ന്.കവിതയ്ക്കു പുറത്തും കവിതയായി നിലനിന്ന മഹാപ്രതിഭയുടെ കവിത വറ്റിയ ദിനം.വരാനിരിക്കുന്ന ഭവിഷ്യത്തുകള്‍ മുന്‍കൂട്ടി പറയുന്ന ദൈവത്തിന്റെ പ്രതിപുരുഷനാണ് വെളിച്ചപ്പാടെങ്കില്‍,വരാനിരിക്കുന്ന കാലത്തിനെ വെല്ലുവിളിച്ചുകൊണ്ടേയിരുന്ന അക്ഷരങ്ങള്‍ കൊണ്ട് തുന്നിച്ചേര്‍ത്ത മനുഷ്യ രൂപമാണ് അയ്യപ്പന്‍.

തെരുവില്‍ ചിതറി വീണ ജീവിതങ്ങളുടെ പകര്‍ത്തെഴുത്തായിരുന്നു അദ്ദേഹത്തെ സമ്മാനതകളില്ലാതെ ഒരുവനാക്കി മാറ്റിയത്.ഓരോ അക്ഷരങ്ങളും ചേര്‍ത്തുവെച്ചു ഒരു കാലഘട്ടത്തെ തന്നെ അനായാസം പറഞ്ഞു തീര്‍ത്ത,ജീവിതം അത്രമേല്‍ കാവ്യതമാകമാക്കി തീര്‍ത്ത ഒരാള്‍.ബഷീറിന് ശേഷം അക്ഷരങ്ങളുടെ ആറ്മക്കള്‍ക്കു ഇത്രമേല്‍ ജീവന്‍ നല്‍കിയ മറ്റൊരു പേരില്ല.’എന്റെ ശവപ്പെട്ടി ചുമക്കുന്നവരോട് ഒസ്യത്തിലില്ലാത്ത ഒരു രഹസ്യം പറയാന്‍ ഉണ്ട്.എന്റെ ഹൃദയത്തിന്റെ സ്ഥാനത്ത്ഒരു പൂവുണ്ടായിരിക്കുംജിജ്ഞാസയുടെ ദിവസങ്ങളില്‍ പ്രേമത്തിന്റെ ആത്മതത്വം പറഞ്ഞു തന്നവളുടെഉപഹാരം.മണ്ണ് മൂടുന്നതിനു മുമ്പ് ഹൃദയത്തില്‍ നിന്ന്ആ പൂവ് പറിക്കണം.ദളങ്ങള്‍കൊണ്ട് മുഖം മൂടണംരേഖകള്‍ മാഞ്ഞ കൈവെള്ളയിലും ഒരു ദളം പൂവിലൂടെ എനിക്ക് തിരിച്ചു പോകണം അല്ലെങ്കില്‍ ആ ശവപ്പെട്ടി മൂടാതെ പോകുക ഇനി എന്റെ ചങ്ങാതികള്‍ മരിച്ചവരാണ്്’.

തെരുവിലെ ആള്‍ക്കൂട്ടത്തില്‍ നിന്ന് മാറി സ്വന്തമായി ഒരു തെരുവ് സൃഷ്ടിച്ച് അയ്യപ്പന്‍ ആ തെരുവിന്റെ അധിപനായി. ഈ അരാജക ജീവിതം തെരുവില്‍ അജ്ഞാത വൃദ്ധന്റെ മരണത്തില്‍ നങ്കൂരമിട്ടു, പിന്നീട് ആശുപത്രിയില്‍ മരവിച്ചു കിടക്കുമ്പോള്‍ തിരിച്ചറിയപ്പെട്ട മഹത്വം. ജീവിതം തന്നെ അയ്യപ്പന്‍ കവിതകള്‍ ആയിരുന്നു, അതുപോലെ തന്നെ മരണവും.നീറുന്ന ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ അയ്യപ്പനെ അതിനുമുകളിലേക്ക് ലഹരിയുടെ ചഷകം മറിച്ചിടാന്‍ പ്രേരിപ്പിച്ചു. അങ്ങനെ കരളിന്റെ പാതിയും ലഹരിയുടെ പക്ഷികള്‍ കൊത്തികൊണ്ടുപോയി. വിലാസമില്ലാത്തവന്റെ അരാജക ജീവിതം തെരുവില്‍ നങ്കൂരമിട്ടു.സ്‌കൂള്‍ ജീവിത സമയത്തു എസ്എഫ്‌ഐയില്‍(s f i ) നിന്ന് ജയിച്ചു.ഹര്‍ഷാരവത്തോടെ വീട്ടില്‍ എത്തിയപ്പോള്‍ ചേതനയറ്റു മരവിച്ചു കിടക്കുന്ന അമ്മയുടെ ശരീരമാണ് അയ്യപ്പനെ വരവേറ്റത്.വായ്ക്കരിയിടുവാന്‍ പറഞ്ഞ കാരണവരോട് ജീവിതത്തില്‍ അമ്മയുടെ ആമാശയത്തിലേക്കു അന്നമെത്തിക്കുവാന്‍ കഴിയാത്ത ഒരുവന് അത് കഴിയില്ല എന്നായിരുന്നു അയ്യപ്പന് പറയുവാനുണ്ടായിരുന്നത്.പിന്നീട് നടന്ന അച്ഛന്റെ ദുര്‍മരണവും അയ്യപ്പനെ ഏകാന്തതയുടെ പടുകുഴിയിലേക്കായിരുന്നു തള്ളിയിട്ടത്.പിന്നീട് അങ്ങോട്ട് ആശ്വാസവും താങ്ങുമയത് സഹോദരിയായിരുന്നു.കാലം ഇത്രമേല്‍ അനാഥമാക്കിയതുകൊണ്ടാവാം അവന്റെ കവിതകളില്‍ പൂക്കളുടെ നറുമണവും ,കലാകാലമൊഴുകുന്ന അരുവിയുടെ താളമേളവും ഇല്ലാതായത്.പക്ഷെ തെരുവിന്റെ ഹൃദയം തൊട്ട അയ്യപ്പനെന്ന കാലത്തിന്റെ കാത്തുവെപ്പിന് ഏറെ നറുമണമുണ്ടായിരുന്നു.അതുകൊണ്ടു തന്നെയാവണം പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ തന്റെ ആദ്യ കവിത സമാഹാരം കവിതയുടെ പുതിയ കാലത്തിനു സമര്‍പ്പിക്കുവാന്‍ സാധിച്ചത്.പിന്നീട് അങ്ങോട്ട് കാലവും കവിയും കവിതയുംകൂടി ചേര്‍ന്ന അപൂര്‍വതയുടെ തെരുവ് യുദ്ധങ്ങളായിരുന്നു.ഭൂരിപക്ഷ സമകാലിക ,രാഷ്ട്രീയ ബോധ്യങ്ങളെ ഭൂരിപക്ഷത്തിനപ്പുറം മനുഷ്യനുണ്ടെന്നു അയ്യപ്പന്‍ ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരുന്നു.കാലത്തില്‍ നിന്ന് കവിയെയോ,കവിയില്‍ നിന്ന് കവിതയെയോ പറിച്ചെടുക്കുവാന്‍ സാധിക്കാത്ത വിധം അയ്യപ്പന്‍ മലയാളിയുടെ ഹൃദയത്തില്‍ അമ്പുപോലെ തറച്ചിറങ്ങുകയായിരുന്നു.വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു അഭിമുഖത്തില്‍ അയ്യപ്പന്‍ തന്റെ വായനെക്കുറിച്ചു പറയുന്നത് ഇങ്ങനെയാണ്.’ഞാന്‍ ചെറുപ്പം മുതലേ വായിക്കുമായിരുന്നു.ലൈബ്രറിയില്‍ പോയി ആവശ്യമുള്ള പുസ്തകങ്ങളില്‍ നിന്ന് എനിക്ക് വേണ്ട താളുകള്‍ ഞാന്‍ കീറിയെടുക്കുകയായിരുന്നു പതിവ്.’അന്ന് അയ്യപ്പന്‍ കീറിയെടുത്ത ഓരോ താളുകളിലും ജീവിതത്തിന്റെ ദൈന്യതയും രോഷവും ഉറപ്പായും ഉണ്ടായിരിക്കുമെന്ന് പിന്നീട് അങ്ങോട്ട് ഒന്നില്‍നിന്നൊന്നു കീറിമാറ്റുവാന്‍ സാധ്യമാകാത്ത തരത്തില്‍ അദ്ദേഹം തെരുവില്‍ കളഞ്ഞിട്ടു പോയ ഓരോ കവിതയും സാക്ഷ്യപെടുത്തും.

മലയാള കവിതയിലെ അര നൂറ്റാണ്ടിലെ നിറ സാന്നിധ്യമായിരുന്നു എ.അയ്യപ്പന്‍. 1947 ഒക്ടോബര്‍ 27 നു ബലരാമപുരത്ത് ജനനം. അച്ഛനമ്മമാരായ അറുമുഖവും മുത്തമ്മാളും ചെറുപ്പത്തിലെ മരിച്ചു. സഹോദരി സുബ്ബലക്ഷ്മിയുടെ സംരക്ഷണയിലാണ് വളര്‍ന്നത്. കുട്ടിക്കാലത്തെ കവിതകളില്‍ അലച്ചിലോ അരാജകത്വമോ ഉണ്ടായിരുന്നില്ല. ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ എസ്.എഫ്.ഐ സെക്രട്ടറി ആയിരുന്നു. ആര്‍.സുഗതനും സി അച്യുതമേനോനും അയ്യപ്പനെ കമ്മ്യൂണിസ്റ്റ് ചിന്താഗതിക്കാരനാക്കി.പഠനകാലത്ത് തന്നെ ജയില്‍ വാസമനുഷ്ടിച്ച അയ്യപ്പന്‍ ഇരുപത്തിയൊന്നാം വയസ്സില്‍ അക്ഷരം മാസികയുടെ പ്രസാധകനും പത്രാധിപരുമായി മാറി. ഇടക്കാലത്ത് ബോംബെ വേദി പത്രത്തിന്റെ കറെസ്‌പോണ്ടെന്റായി പ്രവര്‍ത്തിച്ച അദ്ദേഹം ഈ കാലത്ത് കടല്‍തീരത്തും കാട്ടിലും മലയിലും ഇരുന്ന് കവിതകള്‍ എഴുതി.ചിറകുകള്‍ കൊണ്ടൊരു കൂട്, ബലിക്കുറിപ്പുകള്‍, മാളമില്ലാത്ത പാമ്പ,് ചിത്തരോഗആശുപത്രിയിലെ ദിനങ്ങള്‍, ബുദ്ധനും ആട്ടിന്‍കുട്ടിയും, കറുപ്പ്, വെയില്‍ തിന്നുന്ന പക്ഷി, ഗ്രീഷ്മവും കണ്ണീരും, കല്‍ക്കരിയുടെ നിറമുള്ളവള്‍ എന്നിവയാണ് പ്രധാന കൃതികള്‍. വെയില്‍ തിന്നുന്ന പക്ഷിക്ക് കേരള സംസ്ഥാന സാഹിത്യ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.ഉന്മാദത്തിന്റെ തടവറയില്‍ നിന്ന് രക്ഷ നേടാന്‍ ആവാതെ വിഷാദത്തിലേക്കും പിന്നീട് അത്മാഹൂതിയിലേക്കും നയിച്ച ചിത്രകാരന്‍ വാന്‍ഗോഗിനെ പറ്റി അയ്യപ്പന്‍ തീക്ഷ്ണമായ ഭാഷയില്‍ പാടി.

‘കാതു മുറിച്ചു പ്രേമ ഭാജനത്തിനു കൊടുത്തിട്ട്
കോമാളിയെ പോലെ നിന്ന വാന്‍ഗോഗ്
എന്റെ ലില്ലി ചെടിയില്‍ പൂത്ത പൂവ്
നിന്റെ ഓര്‍മക്ക് ഞാന്‍
വില്‍ക്കുന്നില്ല…!
നീ സ്‌നേഹിച്ച ചായം നിനക്ക് ദുഃസ്വപ്നം ആയിരുന്നു
പ്രേമത്തിന് അര്‍പ്പിച്ച ബലി
നിന്റെ കേള്‍വിയായിരുന്നു
നിന്റെ ചോര തെറിച്ച കാന്‍വാസ്
നിന്നെകുറിച്ചുള്ള സ്വപ്നത്തില്‍
ഞാന്‍ അത് കാണുന്നു
നിന്നെ സ്പര്‍ശിക്കും,നിന്റെ രക്തത്തിന്റെ വിളി കേള്‍ക്കും,ദൃശ്യവും ശബ്ദവും ചിലപ്പോള്‍ വേദന തന്നെയാണ്
കുരുത്തം കെട്ട പെണ്ണ്!നിന്റെ കൈവിരലുകള്‍ ചോദിച്ചില്ലല്ലോ….’

നമുക്ക് തൊടാനും ആവിഷ്‌കരിക്കാനും ധൈര്യമില്ലാത്ത ജീവിതങ്ങള്‍ ചിലരെങ്കിലും പ്രകടിപ്പിക്കാന്‍ തുനിഞ്ഞാല്‍ അത് ഒരുവിധം ആളുകള്‍ക്ക് ആഘോഷമാണ്. അലഞ്ഞു ജീവിക്കുന്നവന്റെ തീവ്രാനുഭവം ഉള്ള ഈ കവി ഒരര്‍ത്ഥത്തില്‍ ഒരു ഇരയായിരുന്നു . മഴയെയും വെയിലിനെയും പോലെ ഒരാള്‍.ചുറ്റുപാടിനെ കുറിച്ച് തീക്ഷണമായി പാടിയ സ്വതന്ത്രനായ ഈ പച്ച മനുഷ്യനെ എപ്പോഴും കുടിപ്പിച്ച് നിര്‍ത്തണം എന്നാഗ്രഹിക്കുന്ന ഒരു കൂട്ടം ആളുകള്‍ എപ്പോഴും അയ്യപ്പന്റെ കൂടെ ഉണ്ടായിരുന്നു. കുടിക്കാത്ത അയ്യപ്പന്‍ മൗനിയും അന്തര്‍മുഖനും ആണ്. കുടിക്കുമ്പോള്‍ അയ്യപ്പന്‍ കവിത ചൊല്ലും .കെ.എസ് ജോര്‍ജിന്റെ നാടക ഗാനങ്ങള്‍ പാടും. ഈ ഒരു അവസ്ഥയിലേക്ക് അയ്യപ്പനെ എത്തിച്ചത് കുടിക്കണം എന്ന് ആഗ്രഹമുള്ള അയ്യപ്പനും, അദ്ദേഹത്തെ അധികം കുടിപ്പിച്ചു നിര്‍ത്തണമെന്നും അതിലൂടെ തങ്ങളുടെ സായാഹ്നങ്ങള്‍ മധുരമാകാനും ആഗ്രഹമുള്ള ഒരു കൂട്ടവുമാണ്.പ്രണയം അതിന്റെ എല്ലാ തീക്ഷണതയിലും വിഴുങ്ങുവാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു.ലഹരി കലര്‍ന്ന രക്തത്തില്‍ നിന്ന് പ്രവഹിച്ച ഓരോ പ്രണയ കവിതകളിലും എക്കാലവും ജ്വലിച്ചുകൊണ്ടിരിക്കുന്ന ലഹരിക്കപ്പുറത്തെ ജീവിത തുരുത്തുകളും പ്രണയത്തേക്കാള്‍ വലിയ യാഥാര്‍ഥ്യങ്ങളുടെ ലഹരിച്ചുഴിയിലേക്കു തള്ളിയിടുന്നവയാണ്.അയ്യപ്പനെ വായിച്ചതില്‍ ഏറെ തെറ്റുപറ്റിയവരും യഥാര്‍ഥ കവിത ബോധം ഇല്ലാത്തവരുമായ ഒരുകൂട്ടം മലയാളി സമൂഹം ഇവിടെ ഉണ്ട്.എന്നൊക്കെയാകിലും ഓരോ ജീവിതത്തെ അക്ഷരങ്ങള്‍ പകര്‍ത്തുവാനും പകര്‍ത്തിയവ തെരുവില്‍ ഉറക്കെ പാടുവാനും അയ്യപ്പനോളം കവിതാക്ഷരങ്ങള്‍ കണ്ട ആത്മാര്‍ത്താത്ത മറ്റൊരാളില്‍ അസ്പര്‍ശ്യമാണ്.അയ്യപ്പന്‍ എന്ന കവിക്ക് അയാളുടെ ഭാവനാ ലോകത്തിനു ഇന്ധനമായി തീര്‍ന്ന മദ്യപാനം മറ്റൊരു കോണിലൂടെ നോക്കുമ്പോള്‍ അയ്യപ്പന്‍ ആരുടെയൊക്കെയോ ഇരയായിരുന്നു .ഇരയാണെന്ന് അറിഞ്ഞിട്ടും രക്ഷപെടാന്‍ ശ്രമിക്കാതിരുന്ന ഒരു ഇര .ആ എന്ന പദവി ഇരന്നു വാങ്ങിയ ഇര .ഒരു പക്ഷെ കേരളത്തിലെ ഏറ്റവും സ്വതന്ത്രനായ ഇര .അയ്യപ്പന്‍ മരിക്കുമ്പോള്‍ അയ്യപ്പന്റെ കീശയില്‍ അവസാന കവിത ഉണ്ടായിരുന്നു.

”അമ്പ് ഏതു നിമിഷത്തിലും മുതുകില്‍ തറക്കാം
പ്രാണനും കൊണ്ട് ഓടുകയാണ്
വേടന്റെ ക്രൂരത കഴിഞ്ഞു
റാന്തല്‍ വിളക്കിനു ചുറ്റും എന്റെ രുചിയോര്‍ത്ത് അഞ്ചെട്ടുപേര്‍ കൊതിയോടെ
ഒരു മരവും മറ തന്നില്ല
ഒരു പാറയുടെ വാ തുറന്ന് ഈ ഗര്‍ജനം സ്വീകരിക്കൂ.”
ഈ കവിതയുടെ അവസാനവരി വ്യക്തമല്ല പക്ഷെ ഒടുവില്‍ എഴുതിയിരിക്കുന്നത്
” ഞാന്‍ ഇരയായി എന്നാണ് ‘.ആ അരാജക ജീവിതം നങ്കൂരമിടുന്നതുവരെ അയ്യപ്പന് ജീവിതം വലിയൊരു നടന്നുതീര്‍ക്കലായിരുന്നു.ഞാന്‍ കൃത്യമല്ലാത്ത ജീവിതം നയിക്കുന്നു എന്ന് പറയാന്‍ നിങ്ങളാരാണ്?.
” ഞാനൊരു കമ്മ്യൂണിസ്റ്റ്കാരനാണ്. ബൂര്‍ഷ്വയായി ജീവിക്കേണ്ട ഒരാളായിരുന്നു ഞാന്‍. എനിക്ക് വേണമെങ്കില്‍ ഒരു സ്വര്‍ണക്കട നടത്തേണ്ട ആസ്തിയുണ്ടായിരുന്നു പണ്ട് . നിങ്ങള്‍ എന്ത് കൊണ്ട് ഇങ്ങനെ കവിത എഴുതി എന്ന് ചോദിച്ചാല്‍ എന്റെ ഇഷ്ടം പോലെ ഞാന്‍ എഴുതുന്നു. ഇത്രയും ബിംബങ്ങള്‍ സൃഷ്ടിക്കുന്ന ഒരാളെ ഞാന്‍ കണ്ടിട്ടില്ല. കുഞ്ഞിരാമന്‍ നായര്‍ക്കും കഴിഞ്ഞിട്ടില്ല എന്നാണ് തോന്നുന്നത്. സാധാരണക്കാര്‍ക്കിടയില്‍ ഈ വേഷം കെട്ടുന്നത് പോലും ഞാന്‍ കവിയായത് കൊണ്ടാണ് . മറ്റു സാഹിത്യകാരന്മാര്‍ എന്നെ കണ്ടിട്ടെയുള്ളൂ. ഞാന്‍ ആരെയും കണ്ടിട്ടില്ല.ഞാന്‍ ദിക്കുകള്‍ തെറ്റി നടന്നവന്‍, കവിതയിലേക്ക് എപ്പോഴും തിരിച്ചു വരുന്നവന്‍. സ്വന്തം അച്ചുതണ്ടില്‍ തിരിയുന്ന ഒരു കവി, മനുഷ്യന്‍, കാമുകന്‍. അസ്തമയങ്ങളില്‍ ഞാന്‍ എന്റെ കൂട്ടുകാരോടൊത്ത് ഉണ്ടാകാന്‍ എപ്പോഴും ആഗ്രഹിക്കുന്നു. ഏതു ലോകത്തുനിന്നും ഒരു കാല്‍നടക്കാരനായി അവരിലേക്ക് തിരിച്ചുവരാനും.”അയ്യപ്പന്റെ വാക്കുകളാണിവ.

ചേതനയറ്റ ശരീരത്തോടൊപ്പം ജീവിതം ബാക്കിയാക്കിയത് കവിതയുടെ തോരാമഴയും ഒരുപിടി സുഹൃത്തുക്കളുമായിരുന്നു.എല്ലാ ഇടവും നാടായ അയ്യപ്പന് എല്ലാ നാട്ടിലും തന്നോളം,താനായി കണ്ടു ഒരു വലിയ സുഹൃത് വലയങ്ങളുണ്ടായിരുന്നു.അതില്‍ ഏറ്റവും മുന്‍ നിരയില്‍ ഉണ്ടായിരുന്ന ഒരാളായിരുന്നു ജോണ്‍.’എന്റെ സിനിമയുടെ ഹിറ്റ്‌ലര്‍ ഞാനാണെന്ന് പൊതുജന സാമാന്യത്തോടു വിളിച്ചു പറഞ്ഞ,പകരം വെയ്ക്കുവാന്‍ മറ്റൊരാളില്ലാത്ത മലയാള സിനിമ ബോധ്യങ്ങളെ തന്നെമാറ്റിമറിച്ച കാലം മലയാളത്തിന് കൊടുത്ത പ്രതിഭയാണല്ലോ ജോണ്‍.ഇത്രത്തോളം എല്ലാം പങ്കുവെച്ച കൂട്ടുകാരന്‍ ഉണ്ടായിട്ടില്ല എന്ന് അയ്യപ്പന്‍ ഒരിക്കല്‍ പറയുകയുണ്ടായി.ജോണിന്റെ മരണം മറ്റൊന്നിനാലും നികത്തുവാന്‍ അയ്യപ്പന് സാധ്യമല്ലായിരുന്നു.പോകരുത് എന്ന് പറഞ്ഞിട്ടും രാത്രിയില്‍ തന്റെ ഷര്‍ട്ടീട്ടു താന്‍ കൊടുത്ത നൂറുരൂപയുമായി വേഗം നടന്നകന്ന ജോണ്‍ കൂട്ടുകാരനുമപ്പുറത്ത് ആരൊക്കെയോ ആയിരുന്നിരിക്കണം അയ്യപ്പന്.സിഗരറ്റിന്റെ പുക നിറയുന്ന ചെറിയ മുറിയില്‍ ചിയേര്‍സ് പറഞ്ഞു കാലത്തെ വെല്ലുവിളിക്കാന്‍ തനിക്കൊത്ത ഒരുവനെ കാലം കൊണ്ടുപോയപ്പോള്‍ ഏറെ കാലത്തിനു ശേഷം കവിത മാത്രം കണ്ട കണ്ണുകള്‍ ഒന്നും കാണുവാന്‍ സാധിക്കാത്ത വിധം നിറഞ്ഞതിനും കാലം തന്നെ സാക്ഷി.

‘ഞാന്‍ കാട്ടിലും
കടലോരത്തുമിരുന്നു
കവിതയെഴുതുന്നു..
സ്വന്തമായൊരു മുറിയില്ലാത്തവന്‍
എന്റെ കാട്ടാറിന്റെ അടുത്ത് വന്നു നിന്നവര്‍ക്കും.
ശത്രുവിനും സഖാവിനും
സമകാലീന ദുഃഖിതര്‍ക്കും
ഞാനിതു പങ്കുവെയ്ക്കുന്നു.
ഞാന്‍ എന്ന കവിതയിലെ വരികളാണിവ.

പ്രകൃതിയും സ്വപ്നവും കാത്തിരിപ്പും നിദ്രയും ഒറ്റപ്പെടലും അയ്യപ്പന്റെ കവിതകളില്‍ നിഴലിച്ചു കാണാം.കവിയുടെ യാത്ര ജനിക്കും മൃതിക്കുമിടയിലായിരുന്നു.പുരോഗമന സാഹിത്യകാരന്മാരെ കേസരി വിശേഷിപ്പിച്ചത് സമുദായത്തിലെ വിഷം തീനികളെ എന്നായിരുന്നു.ജീര്‍ണ്ണമായൊരു സമുദായത്തില്‍ ആ സമൂഹത്തിന്റെ ദുഷിപ്പുകളെ മുഴുവന്‍ സ്വയം വിഴുങ്ങി ആ സമുദായത്തെ നോക്കി ഇത് മുഴുവന്‍ വിഷമാണ് എന്ന് ഉറക്കെ പറയുവാന്‍ പുതിയ കാലത്തിലെ കവികള്‍ക്ക് കഴിയുന്നതിനാലാണ് അത്തരത്തില്‍ ഒരു പ്രയോഗം അദ്ദേഹം നടത്തിയത്.
തെരുവിന്റെ ആകാശക്കൂരയ്ക്കു കീഴില്‍ നിന്ന്, ജീവിച്ച കാലഘട്ടത്തെ അക്ഷരങ്ങള്‍കൊണ്ട് അദ്ദേഹം വെല്ലുവിളിച്ചുകൊണ്ടേയിരുന്നു.കമ്മ്യൂണിസത്തെ കവിതയോളം ഹൃദയത്തില്‍ പേറിയിരുന്നു അദ്ദേഹം.ആര്‍ സുഗതന്റെ പിന്‍ഗാമിയായിപോലും അദ്ദേഹത്തെ കണ്ടവരുണ്ട്.ജനയുഗത്തിലും കല്പക പ്രസ്സിലും അക്ഷരങ്ങള്‍ പകുത്തു.ഇ എം എസിന്റെ വീട്ടിലെ സ്ഥിര സന്ദര്‍ശകരില്‍ ഒരാളായിരുന്നു അയ്യപ്പന്‍.ഇ എം എസ സംസാരിച്ചതെല്ലാം കമ്മ്യൂണിസ്റ്റുകാര്‍ക്ക് വേണ്ടിയായിരുന്നു.നുണ പറഞ്ഞതും സത്യം പറഞ്ഞതും കമ്യൂണിസത്തിന് വേണ്ടി.ഇത്തരത്തില്‍ വളരെ ആത്മബന്ധം ഇ എം എസ്സുമായി അദ്ദേഹത്തിന് ഉണ്ടായിരുന്നു.പിന്നിട്ട വഴികളില്‍ നിന്നെല്ലാം കൂടെ കൂട്ടിയത് കവിതയെ മാത്രമായിരുന്നു.കൂടെ നിന്നതിനെയും നിര്‍ത്തിയതിനെയുമെല്ലാം വഴിയില്‍ തന്നെ കളഞ്ഞു ഒരേ സമയം അയാള്‍ കവിതയുടെ അപ്പനും മകനുമായി.മരണത്തിനു ശേഷം കവിതയെ ജനിപ്പിച്ച നദിതയെപോലെ മരണത്തിനായി കുപ്പായ മടക്കില്‍ അവനും ഒരു കവിത മാറ്റിവച്ചിരുന്നു.

Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close