
കേരളത്തില്‍ ഏഴു വര്‍ഷം തടര്ച്ചയായി ഭരിച്ച മുഖ്യമന്ത്രി എന്ന നിലയിലാണ് ഇപ്പോഴത്തെ തലമുറ സി.അച്ച്യുതമേനോന്‍ എന്ന മുഖ്യമന്ത്രിയെ ഒരു പക്ഷേ അറിയുക. എന്നാല്‍ കേരളം ഭരിച്ച മുഖ്യമന്ത്രിമാരില്‍ അതുല്യനായിരുന്നു സി.അച്ച്യുതമേനോന്‍
അതിനു ശേഷം വന്ന പല രാഷ്ട്രിയ നേതാക്കള്‍ക്കും മറികടക്കാനാവാതെപോയ വ്യക്തിപ്രഭാവം.
തൃശൂര്‍ പുതുക്കാടിനടുത്ത് രാപ്പാള്‍ ദേശത്ത് മഠത്തില്‍ വീട്ടില്‍ റവന്യൂ ഇന്‍സ്പെക്ടറായിരുന്ന കുട്ടന്മേനോന് എന്ന അച്യുതമേനോന്റെയും ചേലാട്ട് ലക്ഷ്മിക്കുട്ടിയമ്മയുടെയും പുത്രനായി 1913 ജനുവരി 13-ന് ജനിച്ചു. നാലാം ക്ലാസ്സു മുതല്‍ ബി.എ. വരെ മെരിറ്റ് സ്കോളര്‍ഷിപ്പോടുകൂടെ വിദ്യാഭ്യാസം. തൃശൂര്‍ സി.എം.എസ്. ഹൈസ്ക്കൂളിലും സെന്റ് തോമസ് കോളജിലും പഠിക്കെ മാതൃകാവിദ്യാര്‍ത്ഥി എന്ന നിലയില്‍ പ്രശസ്തനായി. എസ്.എസ്.എല്‍.സി.ക്ക് കൊച്ചി സംസ്ഥാനത്ത് ഒന്നാമനായി. പല വിഷയങ്ങളിലും പ്രാഗല്ഭ്യത്തിനുള്ള സുവര്‍ണ്ണമുദ്രകള്‍ നേടി. ഇന്റര്‍മീഡിയറ്റിനു റാങ്കും സ്കോളര്‍ഷിപ്പും സമ്പാദിച്ചു; ബി.എ.യ്ക്കു മദിരാശി സര്‍വകലാശാലയില്‍ ഒന്നാമനായി ജയിച്ചു.
മകനെ ഐ.സി.എസ് പഠനത്തിനായി ഇംഗ്ലണ്ടിലേക്കയക്കണമെന്നായിരുന്നു പിതാവിന്റെ മോഹമെങ്കിലും, മേനോന് നിയമപഠനത്തിനായി തിരുവനന്തപുരം ലോ കോളേജില്‍ ചേരുകയായിരുന്നു.
ബി.എല്‍. പരീക്ഷയ്ക്കു ഹിന്ദുനിയമത്തില്‍ ഒന്നാം സ്ഥാനം നേടി. തൃശ്ശൂര്‍ കോടതിയില്‍ അഭിഭാഷകനായി. ചിലപ്പോഴൊക്കെ സത്യവിരുദ്ധമായി കേസു നടത്തേണ്ടി വരും എന്നുള്ളതുകൊണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകനായി രാഷ്ട്രീയത്തില്‍ പ്രവേശിച്ചു.
കൊച്ചിന് കോണ്‍ഗ്രസ്സ് ജില്ലാ സെക്രട്ടറിയും, പ്രസിഡന്റുമായി. 1937-ല്‍ തൃശൂര്‍ രാഷ്ട്രീയ സമ്മേളനത്തിന്റെ സ്വാഗതസംഘം സെക്രട്ടറിയായിരുന്നു. 1940 ല്‍ കര്‍ഷകരെ സംഘടിപ്പിക്കാനിറങ്ങി. വി.ആര്.കൃഷ്ണനെഴുത്തച്ഛനുമായി ചേര്‍ന്ന്. അയിത്തത്തിനെതിരേം, ക്ഷേത്രപ്രവേശനമാവശ്യപ്പെട്ടു തിരുവില്വാമലയില്‍ നിന്ന് എറണാകുളത്തേക്ക് ജാഥ നടത്തി. രണ്ടാംലോകമഹായുദ്ധകാലത്ത് തേക്കിന്‍കാട് മൈതാനിയില്‍ നടത്തിയ ഒരു യുദ്ധവിരുദ്ധ പ്രസംഗത്തിന്റെ പേരില്‍ ജയിലിലായി.
1942 ലാണ് സിപിഐ അംഗമാകുന്നത്. മധുരയിലെ മൂന്നാം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ കേന്ദ്രകമ്മിറ്റിയംഗമായി. കൊച്ചി പ്രജാമണ്ഡലത്തിലും ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കേന്ദ്രകമ്മിറ്റിയിലും എക്സിക്യൂട്ടീവിലും കേന്ദ്ര സെക്രട്ടറിയേറ്റിലും അംഗമായി. 1943 ല്‍ പാര്‍ട്ടി നിരോധിച്ചപ്പോള്‍ നാലുവര്‍ഷം ഒളിവില്‍ പോയി. ഒളിവിലിരിക്കേ തൃശ്ശൂര്‍ നഗരസഭാ തിരഞ്ഞെടപ്പില്‍ മത്സരിച്ചു വിജയിച്ചു. ഒളിവില്‍ കഴിഞ്ഞ കാലത്താണ്, 1952-ല്‍ തിരു-കൊച്ചി നിയമസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് 1957-ലും 1960-ലും 70-ലും തെരഞ്ഞെടുപ്പുകളില്‍ വിജയിച്ചു.ഇ.എം.എസ്. നമ്പൂതിരിപ്പാട് മുഖ്യമന്ത്രിയായ ആദ്യത്തെ കമ്യൂണിസ്റ്റു മന്ത്രിസഭയില്‍ (1957-59) ധനകാര്യമന്ത്രി ആയി. 1968-ല്‍ രാജ്യസഭാംഗമായി.
പിന്നീട് 1969-ല്‍ ഐക്യമുന്നണി ഗവണ്മെന്റ് രൂപവത്കരിച്ചപ്പോള്‍ മേനോന് മുഖ്യമന്ത്രിയായി. 1970-ല്‍ നടന്ന ഇടക്കാല തെരഞ്ഞെടുപ്പിനുശേഷവും (1977 വരെ) അച്യുതമേനോന് തന്നെയായിരുന്നു മുഖ്യമന്ത്രി.
ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രതിനിധി എന്ന നിലയില്‍ മോസ്കോ സന്ദര്‍ശിച്ചു.
തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ കാലം കേരളത്തില്‍ മുഖ്യമന്ത്രിയായിരുന്ന വ്യക്തി, വീണ്ടും മുഖ്യമന്ത്രി ആയില്ലെങ്കിലും തന്റെ നേതൃത്വത്തിലുള്ള മുന്നണിക്ക് ഭരണതുടര്‍ച്ച ഉണ്ടാക്കിക്കൊടുക്കാന്‍ കഴിഞ്ഞ കേരളത്തിലെ ആദ്യ നേതാവ്, ഈ നിലകളിലൊക്ക അദ്ദേഹം ഓര്‍ക്കപ്പെടുന്നുണ്ട്. എന്നാല്‍ മാന്യതയുടെയും, വിശുദ്ധിയുടെയും പരിവേഷമാണ് അദ്ദേഹത്തിന്റെ വ്യക്തിത്വം ആകര്‍ഷകമാക്കിയത്.
ഒരു ഔദ്യോഗിക വിരുന്നില്‍ പങ്കെടുക്കാനായി ഹാളിലേക്ക് നടന്നു വരുമ്പോള്‍ തന്റെ ചെരുപ്പിന്റെ വള്ളിപൊട്ടിയത് മാറ്റിവച്ച് നഗ്നപാദനായി ചടങ്ങില്‍ പങ്കെടുത്തു മടങ്ങിയ മുഖ്യമന്ത്രിയെപ്പറ്റി വായിച്ചിട്ടുണ്ട്. മുഖമന്ത്രി സ്ഥാനമൊഴിഞ്ഞ ശേഷം ട്രാന്‍സ്പോര്‍ട് ബസില്‍ തൃശ്ശൂരെക്കു മടങ്ങിയ അച്യുതമേനോനെപ്പറ്റിയും ഇതൊക്കെ അദ്ദേഹത്തിന്റെ സ്വഭാവത്തിന്റ ഭാഗമായിരുന്നു. ജീവിതത്തിലുടനീളം തുടര്‍ന്ന ലാളിത്യത്തിന്റെയും, ധാര്‍മികതയുടെയും നിദര്‍ശനങ്ങള്‍ മാത്രമായിരുന്നു.
മികച്ച ഭരണാധികാരി എന്ന നിലയില്‍ നേട്ടങ്ങളുടെ ഒരുപാട് തിരുശേഷിപ്പുകള്‍ നമ്മുടെ കൂടെയുണ്ട്. ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയില്‍ ആഭ്യന്തരധന വകുപ്പുകളുടെ ചുമതലകള്‍ വഹിച്ച അദ്ദേഹത്തിന്റെ ഭരണകാലത്താണ് ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട്, കെല്‍ട്രോണ്‍, ഇഋടട, ഗടഉജ, കയര്‍ കോര്പറേഷന്, കെ.എസ്.എല്‍, കാര്‍ഷിക സര്‍വകലാശാല, ഇടുക്കി പദ്ധതി പൂര്‍ത്തീകരണം, ലക്ഷം വീട് ഭവനപദ്ധതി എന്നിവയൊക്കെ സാധ്യമായത്. ഭൂപരിഷ്കരണ നിയമത്തിന്റെ ശില്പികളെപ്പറ്റി തര്ക്കമുയരുമ്പോഴും അതു പ്രയോഗത്തില്‍ വരുത്തിയത് അച്ച്യുതമേനോന്‍ സര്‍ക്കാരാണ്. കെ. പി. പി. നമ്പ്യാര്‍,, ഡോ.എം.എസ്. വല്യത്താന്, തുടങ്ങിയ പ്രതിഭാ ശാലികളെ കേരളത്തിന്റെ വികസനത്തില്‍ പങ്കാളികളാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു..
എല്ലാ നേട്ടങ്ങളുടെയും, ഭരണമികവിന്റെയും മുകളില്‍ അടിയന്തരാവസ്ഥക്കാലം ഒരു കരിനിഴലായി നില്ക്കുന്നു എന്നതും വാസ്തവമാണ്. അധികാരം ഏതാണ്ട് പൂര്‍ണമായും അന്നത്തെ ആഭ്യന്തര മന്ത്രിയില്‍ കേന്ദ്രീകരിച്ചപ്പോള്‍ അരങ്ങേറിയ അതിക്രമങ്ങള്‍ മറക്കാന്‍ കഴിയില്ല.
തെരഞ്ഞെടുപ്പു രാഷ്ട്രീയം വിട്ട ശേഷവും നമ്മുടെ സാമൂഹിക സാംസ്കാരിക മേഖലകളില്‍ സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. എഴുത്തും, വായനയും, പ്രഭാഷണങ്ങളുമൊക്കെയായി തികച്ചും സക്രിയമായ ജീവിതം.എന്റെ ബാല്യകാലസ്മരണകള്‍ എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡും (1978) സോവിയറ്റ് ലാന്‍ഡ് നെഹ്രു അവാര്‍ഡും നോടി. മികച്ച പൊതു പ്രവര്‍ത്തനത്തിനുള്ള 1991-ലെ വി. ഗംഗാധരന് സ്മാരക അവാര്‍ഡും ലഭിച്ചു. 78-ാം വയസ്സില്‍ 1991 ഓഗസ്റ്റ് 16-ന് തിരുവനന്തപുരത്തെ ശ്രീചിത്ര ആശുപത്രിയില്‍ വച്ച് അന്തരിച്ചു