KERALANEWSTop News

അഞ്ചു ജില്ലയില്‍ പരസ്യപ്രചാരണം അവസാനിച്ചു, ഇനി നിശബ്ദ പ്രചരണം

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിച്ചു. കോവിഡ് ജാഗ്രതയിലും മഴയിലും തിരഞ്ഞെടുപ്പ് ആവേശം ചോര്‍ന്നില്ല.അഞ്ചു ജില്ലകള്‍ മറ്റന്നാള്‍ പോളിങ് ബൂത്തിലേക്ക്. കവലകളില്‍ കൊട്ടിക്കലാശത്തിന്റെ ആരവങ്ങളൊഴിഞ്ഞുകൊണ്ടാണ് അഞ്ചുജില്ലകളില്‍ തദ്ദേശതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിച്ചത്. പരസ്യ പ്രചാരണം അവസാനിച്ചത് നേതാക്കള്‍ തമ്മിലുള്ള പോരോടെ. യു.ഡി.എഫ് – ബി.ജെ.പി ബന്ധം സംസ്ഥാനത്താകെയുണ്ടെന്നായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്റെ ആരോപണം.

പിന്നാലെ സമാനരീതിയിലുള്ള പ്രതികരണവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രനും രംഗത്തു വന്നു. യഥാര്‍ത്ഥത്തില്‍ ബി.ജെ.പിയുമായി കൂട്ടുകെട്ട് ഉണ്ടാക്കിയത് സി.പി.എമ്മാണെന്ന മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും എത്തി.

കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ട് കുഴപ്പങ്ങളില്ലാതെയായിരുന്നു പ്രചാരണങ്ങള്‍ക്ക് പരിസമാപ്തിയായത്. ഡിസംബര്‍ എട്ടിനാണ് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ വോട്ടെടുപ്പ് നടക്കുന്നത്.

കോവിഡിന്റെ പെരുമാറ്റച്ചട്ടത്തില്‍ ജാഥകളോ പൊതുയോഗങ്ങളോ റാലികളോ ഇല്ലാതെയാണ് ഇക്കുറി പ്രചാരണം കൊടിയിറങ്ങുന്നത്. സാമൂഹികമാധ്യമങ്ങളായിരുന്നു മിക്കയിടങ്ങളിലും പ്രചാരണത്തിന്റെ മുഖ്യവേദി.

അഞ്ചു ജില്ലകളിലായി ആകെ 88.26 ലക്ഷം (88,26,620) വോട്ടര്‍മാരാണുള്ളത്. ഇതില്‍ 41,58,341 പേര്‍ പുരുഷന്‍മാരും 46,68,209 സ്ത്രീ വോട്ടര്‍മാരും 70 ട്രാന്‍സ്ജെന്‍ഡറുകളുമാണുള്ളത്. 24,584 സ്ഥാനാര്‍ഥികള്‍ അഞ്ചു ജില്ലകളില്‍ മാത്രമായി മത്സര രംഗത്തുണ്ട്. തിരുവനന്തപുരം 6465, കൊല്ലം 5723, ആലപ്പുഴ 5463, പത്തനംതിട്ട 3699, ഇടുക്കി 3234 എന്നിങ്ങനെ പോകുന്നു കണക്കുകള്‍.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close