INDIANEWS

അഞ്ചു വര്‍ഷത്തേക്ക് ഒരാളെ തീരുമാനിക്കുന്നതില്‍ രണ്ടുദിവസം വൈകുന്നു എന്നു പറയുന്നതില്‍ കാര്യമില്ല;കെ പി സി സി അധ്യക്ഷ സ്ഥാന പ്രഖ്യാപത്തിനെക്കുറിച്ച് വിശദമായി മനസ്സിലാക്കാന്‍ ഒരുങ്ങി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്

ന്യൂഡല്‍ഹി : കെ പി സി സി അധ്യക്ഷ സ്ഥാനത്ത് നിന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ രാജിവെച്ചിട്ടും ആ സ്ഥാനത്തേക്ക് ആരെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ കഴിയാതെ നില്‍ക്കുമ്പോഴും നിരവധി പേരുടെ പേരുകളാണ് അധ്യക്ഷ സ്ഥാനത്തേക്ക് ഉയര്‍ന്നു വരുന്നത്.കെ.പി.സി.സി. അധ്യക്ഷനെ പ്രഖ്യാപിക്കും മുമ്പ് സംസ്ഥാന കോണ്‍ഗ്രസിലെ എല്ലാ വശങ്ങളും നേതാക്കളുടെ അഭിപ്രായങ്ങളും വിശദമായി മനസ്സിലാക്കാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. എം.പി.മാരില്‍ നിന്നും എം.എല്‍.എ.മാരില്‍ നിന്നും മുതിര്‍ന്ന നേതാക്കളില്‍ നിന്നും ലഭിച്ച നിര്‍ദേശങ്ങളുടെയടക്കം അടിസ്ഥാനത്തിലാവും തീരുമാനമെന്നതിനാല്‍ പ്രഖ്യാപനം അടുത്ത ദിവസങ്ങളില്‍ ഉണ്ടാകില്ലെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.എല്ലാ കാര്യങ്ങളും വിശദമായി ചര്‍ച്ചചെയ്താവും അന്തിമ തീരുമാനം.

അശോക് ചവാന്‍ സമിതി തെളിവെടുപ്പിനു ശേഷം വിവരങ്ങള്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കൈമാറിയിട്ടുണ്ട്. തോല്‍വിയുമായും തുടര്‍സംഭവങ്ങളുമായി ബന്ധപ്പെട്ട് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും സോണിയയോട് തങ്ങളുടെ അഭിപ്രായവും അറിയിച്ചിട്ടുണ്ട്. ഉമ്മന്‍ ചാണ്ടിയാകട്ടെ മൗനം തുടരുകയാണ്. ഈ പശ്ചാത്തലത്തില്‍ ഇനിയും പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാക്കാതെ എല്ലാവര്‍ക്കും സ്വീകാര്യമാവുന്ന തീരുമാനം എടുക്കുകയെന്നതാവും ഹൈക്കമാന്‍ഡിന്റെ നയം. കേരളത്തിന്റെ കാര്യമായതിനാല്‍ അധ്യക്ഷ എടുക്കുന്ന തീരുമാനത്തില്‍ ഇടപെടാതിരിക്കുക എന്ന സമീപനമാണ് മുതിര്‍ന്ന നേതാക്കളായ എ.കെ. ആന്റണിയും കെ.സി. വേണുഗോപാലും സ്വീകരിച്ചിട്ടുള്ളത്.

രാഹുല്‍ ഗാന്ധിയുമായി ആലോചിച്ച ശേഷമാവും അന്തിമ തീരുമാനം കൈക്കൊള്ളുക.ഡി.സി.സി. അധ്യക്ഷന്മാരെ നിശ്ചയിക്കുംപോലെയല്ല കാര്യങ്ങളെന്നും അഞ്ചു വര്‍ഷത്തേക്ക് ഒരാളെ തീരുമാനിക്കുന്നതില്‍ രണ്ടുദിവസം വൈകുന്നു എന്നു പറയുന്നതില്‍ കാര്യമില്ലെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു. നിലവില്‍ കെ. സുധാകരന്റെ പേരിനുതന്നെയാണ് മുന്‍തൂക്കമെങ്കിലും കൊടിക്കുന്നില്‍ സുരേഷിനെ പിന്തുണയ്ക്കുന്നവരുമുണ്ട്. ക്രിസ്ത്യന്‍ വിഭാഗത്തില്‍നിന്ന് വലിയതോതില്‍ വോട്ടു ചോര്‍ച്ച ഉണ്ടായ പശ്ചാത്തലത്തില്‍ മറ്റൊരു വര്‍ക്കിങ് പ്രസിഡന്റായ കെ.വി. തോമസിനെ പരിഗണിച്ചുകൂടെന്നുമില്ല. എന്നാല്‍ ഇവരാരുമല്ലാതെ പുതിയ തലമുറയില്‍പ്പെട്ട ജനകീയ അടിത്തറയുള്ളവരെ അധ്യക്ഷനാക്കുന്ന കാര്യവും തള്ളിക്കൂടെന്നുതന്നെയാണ് ലഭിക്കുന്ന സൂചന.

എന്നാല്‍ കെപിസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ ചൂടുപിടിക്കുന്ന സാഹചര്യത്തില്‍ ചേരി തിരിഞ്ഞ് വിമര്‍ശനങ്ങള്‍ കടുക്കുന്നതിനിടെ സോഷ്യല്‍ മീഡിയ പോര് നിര്‍ത്തണം എന്ന് ആവശ്യപ്പെടുകയാണ് കൊടിക്കുന്നില്‍ സുരേഷ് എംപി. കടുത്ത ചേരിപ്പോരിലേക്കുപോയാല്‍ നഷ്ടം നമുക്കു തന്നെയാണെന്നാണ് കൊടിക്കുന്നില്‍ പറയുന്നത്. കെപിസിസി പ്രസിഡന്റാവാന്‍ തനിക്ക് എന്ത് യോഗ്യതയാണുള്ളതെന്ന് ചോദിക്കുന്നവര്‍ക്കും അദ്ദേഹം മറുപടി നല്‍കി. പാര്‍ട്ടി ഏല്പിച്ച ചുമതലകള്‍ ഭംഗിയായി നിര്‍വ്വഹിച്ചതാണ് തന്റെ യോഗ്യത. തന്റെ യോഗ്യതയില്‍ ആരും അസഹിഷ്ണുത കാണിക്കേണ്ട എന്നാണ് ഫേയ്‌സ്ബുക്കില്‍ കുറിച്ചത്. പാര്‍ട്ടിയുടെ തീരുമാനം എന്ത് തന്നെ ആയാലും അതിന് വേണ്ടി നിലകൊള്ളുമെന്നും കൂട്ടിച്ചേര്‍ത്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close