NEWSWORLD

അടച്ചിട്ടയിടങ്ങളില്‍ ആറടി അകലം കോവിഡ് വ്യാപനം തടയില്ല

ന്യൂയോര്‍ക്ക്: കോവിഡ് രോഗം പകരുന്നത് തടയാനായി ആറടി അകലം പാലിക്കാനാണ് നിലവില്‍ ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ദേശിക്കുന്നത്. എന്നാല്‍ അടച്ചിട്ട സ്ഥലത്ത് കോവിഡ് രോഗിയില്‍ നിന്നും വായുവിലൂടെ രോഗം പടരാതിരിക്കാന്‍ ആറടി അകലം മതിയാകില്ലെന്നാണ് യു.എസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ പറയുന്നത്.വിവിധ സ്ഥലങ്ങളില്‍ മാര്‍ക്കറ്റുകളും സ്‌കൂളുകളും പൂര്‍ണതോതില്‍ തുറക്കാനിരിക്കുന്ന വേളയില്‍ ഈ നിരീക്ഷണം പുതിയ വെല്ലുവിളിയാണ്.

വായുവിലുണ്ടാകുന്ന ചെറിയ കണികകള്‍ വഴി രോഗം ആളുകളിലേക്ക് പടരാന്‍ സാധ്യതയുണ്ടെന്നതിനാല്‍ മുമ്പ് നാം സുരക്ഷിതമാണെന്ന് നിശ്ചയിച്ച അകലം മതിയാകില്ലെന്നാണ് തിങ്കളാഴ്ച സി.ഡി.സി അവരുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. മണിക്കൂറുകളോളം വായുവില്‍ തങ്ങിനില്‍ക്കുന്ന വൈറസ് വഴി രോഗം പടരാന്‍ സാധ്യതയുണ്ടെന്നാണ് ഏജന്‍സി മുന്നറിയിപ്പ് നല്‍കുന്നത്. വൈറസ് വായുവിലൂടെ പകരുമെന്നത് സംബന്ധിച്ച് ആദ്യം റിപോര്‍ട്ട് നല്‍കുകയും പിന്നീട് പിന്‍വലിക്കുകയും ചെയ്ത് ഒരാഴ്ച പിന്നിടുന്നതിന് മുമ്പാണ് സി.ഡി.സിയുടെ പുതിയ റിപ്പോര്‍ട്ട്.

സെക്കന്‍ഡുകള്‍ മുതല്‍ മണിക്കൂറുകള്‍ വരെ വായുസഞ്ചാരമില്ലാത്ത ഇടങ്ങളില്‍ വൈറസ് നിലനില്‍ക്കുമെന്നും ഇവ രണ്ട് മീറ്റര്‍ അകലത്തിലേക്ക് സഞ്ചരിക്കാനും സാധ്യതയുണ്ടെന്ന വെളിപ്പെടുത്തലാണ് ആശങ്കക്ക് ഇടയാക്കുന്നത്.നിലവില്‍ സാമൂഹിക അകലം പാലിക്കുന്നതിനായി ആറടി അല്ലെങ്കില്‍ 1.8 മീറ്റര്‍ അകലം പാലിച്ചാണ് ഓഫിസുകളും റെസ്റ്ററന്റുകളും കടകളും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. അടുത്ത് ഇടപഴകുമ്പോള്‍ ഉണ്ടാകുന്ന രോഗവ്യാപനമാണ് കൂടുതലെന്നും അമേരിക്കന്‍ ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. അധികം നേരം അടുത്തിടപഴകുന്നവര്‍ക്കാണ് വായുവിലൂടെ രോഗം പടരാന്‍ കൂടുതല്‍ സാധ്യത.ഇക്കഴിഞ്ഞ ജൂലൈയില്‍ ലോകാരോഗ്യ സംഘടനയും മഹാമാരിക്ക് കാരണമായ കോറോണ വൈറസ് വായുവിലൂടെ പകരുമെന്ന് അംഗീകരിച്ചിരുന്നു. വൈറസ് ബാധിതനായ ഒരാള്‍ ചുമക്കുമ്പോഴോ തുമ്മുമ്പോഴോ സംസാരിക്കുമ്പോഴോ പുറത്തുവരുന്ന സ്രവകണങ്ങളിലൂടെയാണ് രോഗം പ്രധാനമായും പടരുന്നതെന്നായിരുന്നു മുമ്പ് വിലയിരുത്തിയിരുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close