Election 2021INDIANEWSTop News

അടിമുടി തകർന്ന് കോൺ​ഗ്രസ്; കേരളവും തമിഴ്നാടും ബം​ഗാളും ബിജെപിക്ക് ഇപ്പോഴും ബാലികേറാമല; ദേശീയ രാഷ്ട്രീയത്തിൽ ഇടത് -മതേതര മുന്നണിയുടെ ഉദയമോ?

ന്യൂഡൽഹി: കോൺ​ഗ്രസ് മുക്തഭാരതമെന്ന ലക്ഷ്യവുമായി ബിജെപി മുന്നേറുമ്പോഴും, ഒരിക്കൽ കോൺ​ഗ്രസിന് മുന്നിൽ വെല്ലുവിളി ഉയർത്തിയ മൂന്ന് സംസ്ഥാനങ്ങൾ ബിജെപിക്ക് കീറാമുട്ടിയാകുന്നു. പശ്ചിമ ബം​ഗാളും കേരളവും തമിഴ്നാടും ബിജെപിയെ അധികാരത്തിൽ നിന്നും അകറ്റി നിർത്തുകയാണ്. കേരളത്തിൽ ആകെയുണ്ടായിരുന്ന ഒരു സീറ്റും ബിജെപിക്ക് നഷ്ടമായത് ദേശീയ തലത്തിൽ തന്നെ വലിയ നാണക്കേടാണ് പാർട്ടിക്ക് ഉണ്ടാക്കിയത്.

അസമിൽ ഭരണം നിലനിർത്താൻ കഴിഞ്ഞതും പുതുച്ചേരിയിൽ എൻആർ കോൺഗ്രസ് സഖ്യത്തിൽ പങ്കാളിയായി അധികാരം പിടിച്ചതും ബിജെപിക്ക് ആശ്വാസം പകരുന്നു. പക്ഷേ, തമിഴ്‌നാട്ടിലെയും കേരളത്തിലെയും പ്രകടനം ദയനീയമായി. കർണാടക ഒഴികെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ വളർ‍ച്ചയ്ക്കു കൃത്യമായ ഒരു തന്ത്രം പാർട്ടിക്ക് ഇപ്പോഴുമില്ലെന്നതിന്റെ തെളിവു കൂടിയാണിത്.

എതിരാളികളെ തറപറ്റിച്ച ഗംഭീര പ്രകടനമാണു മമത ബാനർജിയും പിണറായി വിജയനും ഡിഎംകെയുടെ എം.കെ. സ്റ്റാലിനും നടത്തിയത്. ഭരണാനുകൂല തരംഗം പിണറായിക്കും മമതയ്ക്കും ഗുണം ചെയ്തു. സ്റ്റാലിനാകട്ടെ ഭരണവിരുദ്ധതരംഗം നേട്ടമായി. പുതിയ കക്ഷികൾക്കു മുന്നണിയിൽ ഇടം കൊടുക്കുന്നതിലും പിണറായിയും സ്റ്റാലിനും ശ്രദ്ധ കാട്ടി.

കോൺഗ്രസിന്റേത് നിലംപരിശായ അവസ്ഥയാണ്. തമിഴ്നാട്ടിൽ ഡ‍ിഎംകെ മുന്നണിയിലെ ഏറ്റവും ചെറിയ കക്ഷിയാണ് അവർ. കേരളത്തിലും അസമിലും രാഹുലും പ്രിയങ്കയും വ്യാപക പ്രചാരണം നടത്തിയെങ്കിലും രണ്ടിടത്തും പാർട്ടി തകർന്നടിഞ്ഞു. സംഘടനാതലത്തിൽ ഉത്തരവാദിത്തപൂർണവും ജനാധിപത്യപരവുമായ പ്രവർത്തനരീതി ഉണ്ടാകണമെന്ന ആവശ്യം വീണ്ടും ശക്തമാകും. 2022ൽ അടുത്ത ഘട്ട നിയമസഭാ തിരഞ്ഞെടുപ്പുകൾ വരാനിരിക്കെ, പാർട്ടിയെ സജീവമാക്കി നിലനിർത്താനുള്ള നടപടികളിലേക്കും വീണ്ടുവിചാരങ്ങളിലേക്കും നേതൃത്വത്തിനു കടക്കാതിരിക്കാനാവില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close