മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണ്ണവേട്ട. കരിപ്പൂരില്‍ എത്തിയ രണ്ട് യാത്രക്കാരില്‍ നിന്നുമായി 2 കിലോ 333.7 ഗ്രാം സ്വര്‍ണ്ണമാണ് വിമാനത്താവളം ഇന്റലിജന്‍സ് വിഭാഗം പിടികൂടിയത്. വനിത യാത്രക്കാരി അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് പിടിച്ചെടുത്തത്.
ഷാര്‍ജയില്‍ നിന്നും കരിപ്പൂരില്‍ എത്തിയ എയര്‍ അറബിയ ഫ്‌ലൈറ്റ് നമ്പര്‍ ജി 9454 യാത്രക്കാരിയായ കണ്ണൂര്‍ സ്വദേശി ജസീല വലിയപറമ്പത്തില്‍ നിന്നും ആണ് അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയില്‍ കടത്താന്‍ ശ്രമിച്ച ഒരു കിലോ 673 ഗ്രാം സ്വര്‍ണ്ണം ഇന്റലിജന്‍സ് വിഭാഗം പിടികൂടിയത്. ഇതിനുപുറമേ കരിപ്പൂരില്‍ എത്തിയ മറ്റൊരു യാത്രക്കാരനായ കോഴിക്കോട് സ്വദേശിയായ മുഹമ്മദ് അസീബില്‍ നിന്നും 660.01 ഗ്രാം സ്വര്‍ണവും എയര്‍ കസ്റ്റംസ് പിടികൂടി. ഇയാള്‍ കാപ്‌സ്യൂള്‍ രൂപത്തിലാക്കി ആണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. പിടികൂടിയ സ്വര്‍ണത്തിന് രാജ്യാന്തര മാര്‍ക്കറ്റില്‍ 90 ലക്ഷം രൂപക്ക് അടുത്ത് വില മതിപ്പ് ഉണ്ടെന്ന് കരിപ്പൂര്‍ വിമാന താവളത്തിലെ ഇന്റലിജന്‍സ് വിഭാഗം ഉദ്യോഗസ്ഥര്‍ അറിയിച്ചു.