KERALANEWSTop News

അടുത്ത വിക്കറ്റ് തെറിക്കുന്നത് സ്പീക്കർ ശ്രീരാമകൃഷണന്റേതോ? മൊഴിയിൽ വൈരുദ്ധ്യമെന്ന് കസ്റ്റംസ്; വീണ്ടും ചോദ്യം ചെയ്യണമെന്നും ആവശ്യം; സിപിഎമ്മിന് ഇത് നാണക്കേടിന്റെ കാലം

തിരുവനന്തപുരം: മന്ത്രി കെ ടി ജലീലിന്റെ രാജിക്ക് പിന്നാലെ, നിയമസഭയുടെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് സ്പീക്കറും രാജിവെയ്ക്കേണ്ട സാഹചര്യം ഉണ്ടാകുമോ എന്ന ആശങ്കയിൽ സിപിഎം. തുടർഭരണം കിട്ടിയാലും ഇല്ലെങ്കിലും സിപിഎമ്മിനും ഇടത് മുന്നണിക്കും വലിയ നാണക്കേടാണ് മന്ത്രി കെ ടി ജലീലിന്റെ രാജി വരുത്തി വെച്ചത്. അതിന് പിന്നാലെയാണ് കസ്റ്റംസ് സ്പീക്കർ ശ്രീരാമകൃഷ്ണനെ വിടാതെ പിന്തുടരുന്നത്. മൊഴിയിലെ വൈരുദ്ധ്യമാണ് സ്പീക്കർക്ക് കെണിയാകുന്നത്.

താൻ സരിത്തിനും സ്വപ്നയ്ക്കും കൈമാറിയതു വെറും ബാഗാണെന്നും അതിൽ പണമില്ലായിരുന്നുവെന്നുമുള്ള മൊഴിയാണ് സ്പീക്കർ പി. ശ്രീരാമകൃഷ്ണനെ സംശയത്തിന്റെ നിഴലിൽ നിർത്തുന്നത്. ബാഗിൽ നോട്ടുകെട്ടായിരുന്നുവെന്നും കോൺസുലേറ്റിലെ സ്കാനിങ് മെഷീനിൽ ബാഗ് സ്കാൻ ചെയ്യുകയും ഭാരം അളക്കുകയും ചെയ്തപ്പോൾ ഇതു ബോധ്യപ്പെട്ടെന്നുമാണ് സരിത്തിന്റെ മൊഴി. കോൺസുലേറ്റിലെത്തിക്കുന്ന ബാഗുകൾ പരിശോധിച്ച ശേഷമാണ് കടത്തിവിടുന്നത്. ഈ ബാഗുമായി കോൺസൽ ജനറൽ യുഎഇയിലേക്കു പോയെന്നാണ് സരിത്തിന്റെയും സ്വപ്നയുടെയും മൊഴി. ഏഴോ എട്ടോ നോട്ടുകെട്ടുകൾ ബാഗിൽ ഉണ്ടായിരുന്നു എന്നും മൊഴിയുണ്ട്. എന്നാൽ ബാഗ് മാത്രം സമ്മാനമായി കൊടുത്തുവെന്നാണ് സ്പീക്കറുടെ നിലപാട്.

അഭിഭാഷകരുടെ ഉപദേശപ്രകാരമുള്ള മറുപടിയാണ് ഓരോ ചോദ്യത്തിനും സ്പീക്കർ നൽകിയതെന്നും കസ്റ്റംസ് വിലയിരുത്തി. തങ്ങളുടെ ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യുമ്പോൾ കൂടുതൽ ഉത്തരം ലഭിക്കുമെന്നാണ് കസ്റ്റംസ് കരുതുന്നത്. ചികിത്സ കഴിഞ്ഞ് സ്പീക്കർ ആശുപത്രി വിട്ടാലുടൻ കൊച്ചിയിലേക്കു വിളിച്ചുവരുത്തി ചോദ്യം ചെയ്യാനാണു തീരുമാനമെന്നാണ് ലഭിക്കുന്ന സൂചന.

വിദേശത്ത് കോളജിൽ നിക്ഷേപമില്ലെന്നാണ് സ്പീക്കർ പറയുന്നതെങ്കിലും ഈ കോളജുകളിൽ നിക്ഷേപമുള്ള സ്പീക്കറുടെ സുഹൃത്തുക്കളുടെ മൊഴി പരിശോധിക്കും. സ്പീക്കറുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇവരെ വീണ്ടും ചോദ്യം ചെയ്യാനും ആലോചിക്കുന്നു. സ്വപ്ന തന്നെ മന:പൂർവം കുടുക്കിലാക്കാൻ ശ്രമിക്കുകയായിരുന്നു എന്നും സ്പീക്കർ മൊഴി നൽകിയിട്ടുണ്ട്. താൻ ഉൾപ്പെടെയുള്ള ഫോട്ടോയെടുക്കാനും വിഡിയോ പകർത്താനും സ്വപ്ന എപ്പോഴും ശ്രമിച്ചിരുന്നു എന്നാണു മൊഴി.

അതിനിടെ, ഡിപ്ലോമാറ്റിക് ബാ​ഗേജ് സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) റജിസ്റ്റർ ചെയ്ത കേസിൽ പ്രതി സന്ദീപ് നായർ സമർപ്പിച്ച ജാമ്യാപേക്ഷ പ്രിൻസിപ്പൽ സെഷൻസ് കോടതി തിങ്കളാഴ്ച പരിഗണിക്കും. എൻഐഎ കേസിൽ സന്ദീപിന് ജാമ്യം ലഭിച്ചിരുന്നു. എന്നാൽ സ്വർണക്കടത്തു കേസിൽ കോഫെപോസ പ്രകാരം സന്ദീപ് കരുതൽ തടങ്കലിലായതിനാൽ ജയിൽ മോചിതനായിട്ടില്ല.

സ്വർണക്കടത്തു കേസിൽ സ്വപ്ന സുരേഷിനൊപ്പം ബെംഗളൂരുവിൽ നിന്നാണു സന്ദീപിനെ എൻഐഎ അറസ്റ്റ് ചെയ്തത്. കേസിലെ മുഖ്യപ്രതികളിലൊരാളായ സന്ദീപിനെ എൻഐഎ മാപ്പുസാക്ഷിയാക്കി. അതേസമയം, സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിയടക്കമുള്ളവരുടെ പേരുപറയാൻ ഇഡി നിർബന്ധിച്ചെന്ന സന്ദീപിന്റെ മൊഴിയിലാണ് ഇഡിക്കെതിരായ അന്വേഷണം ക്രൈംബ്രാഞ്ച് മുറുക്കുന്നത്. കള്ളക്കടത്തിൽ സ്ഥിരം കുറ്റവാളിയായിരുന്നിട്ടും അന്വേഷണ സംഘങ്ങളിൽ നിന്ന് ഏറ്റവും കൂടുതൽ പരിഗണന ലഭിച്ച പ്രതിയാണു സന്ദീപ് നായർ. കുറ്റകൃത്യം ആസൂത്രണം ചെയ്തതും ഗൂഢാലോചന നടത്തിയതും സന്ദീപിന്റെ പങ്കാളിത്തത്തോടെയാണ് എന്നിട്ടും കേസിൽ മാപ്പുസാക്ഷിയാകാൻ കഴിഞ്ഞതു നിയമവിദഗ്ധരെ അതിശയിപ്പിച്ചിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close