Election 2021KERALANEWSTop News

അട്ടിമറിക്കാനാണ് ശ്രമമെങ്കിൽ സംഘപരിവാറിന് സ്വപ്നം കാണാൻ പറ്റാത്ത തിരിച്ചടിയെന്ന് പിണറായി

കോഴിക്കോട് : തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ശ്രമമെങ്കിൽ സംഘപരിവാറിന് സ്വപ്നം കാണാൻ പറ്റാത്ത തിരിച്ചടി ജനങ്ങൾ നൽകുമെന്ന് മുക്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ ഒരു സീറ്റിൽ പോലും വിജയം ഉറപ്പിക്കാൻ കഴിയുന്ന സാഹചര്യം ഇല്ലാതിരുന്നിട്ട് കൂടി ബിജെപിയുടെ പ്രധാന നേതാക്കളെല്ലാം കേരളത്തില്‍ തമ്പടിച്ച് ഭീഷണി മുഴക്കുകയാണെന്നും പിണരായി ചൂണ്ടിക്കാട്ടി. കോലീബി എന്ന പരസ്യസഖ്യത്തെ നിലം തൊടാതെ നാടു കടത്തിയ ചരിത്രമാണ് കേരളത്തിനുള്ളതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

“ത്രിപുരയില്‍ നടത്തിയ തിരഞ്ഞെടുപ്പ് അട്ടിമറി കേരളത്തില്‍ ആവര്‍ത്തിക്കുമെന്നാണ് ബിജെപി അവകാശപ്പെടുന്നത്. കേരളത്തില്‍ ഒരു സീറ്റില്‍ പോലും വിജയം ഉറപ്പിക്കാന്‍ പറ്റാത്ത പാര്‍ട്ടിയാണ് ബിജെപി. എന്നിട്ടും ബിജെപിയുടെ പ്രധാന നേതാക്കള്‍ കേരളത്തില്‍ തമ്പടിച്ച് ഭീഷണി മുഴക്കുകയാണ്. അട്ടിമറിക്കാനുള്ള പുറപ്പാടാണെങ്കില്‍ സംഘപരിവാര്‍ സ്വപ്‌നം കാണാത്ത തിരിച്ചടി കേരളം അവര്‍ക്ക് നല്‍കും. ആര്‍എസ്എസ്സിന്റെ വര്‍ഗ്ഗീയ നീക്കങ്ങള്‍ക്കനുസരിച്ച് ഉയര്‍ന്നു പൊങ്ങാന്‍ കഴിയുന്ന ഇടമല്ല കേരളം. ത്രിപുരയിലെ കോണ്‍ഗ്രസ്സിനെ അപ്പാടെ വിഴുങ്ങിയാണ് ബിജെപി തടിച്ചു ചീര്‍ത്തത്. ഇവിടെ കോണ്‍ഗ്രസ്സും ലീഗും ചേര്‍ന്നു കൊണ്ട് അത്തരം നീക്കം നടത്തിയപ്പോള്‍ ജനം അത് പരാജയപ്പെടുത്തുകയും എല്‍ഡിഎഫിനൊപ്പം അണിനിരന്നതും ചരിത്രമാണ്. കോലീബി എന്ന പരസ്യസഖ്യത്തെ നിലം തൊടാതെ നാടു കടത്തിയതാണ് കേരളം”, മുഖ്യമന്ത്രി പറഞ്ഞു.

വികസനം ചര്‍ച്ചചെയ്യാനല്ല, പകരം ഇരട്ട വോട്ട് ചര്‍ച്ച ചെയ്യാമെന്നാണ് യുഡിഎഫ് പറയുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അത് തിരഞ്ഞെടുപ്പ് കമ്മീഷനാണ് ചെയ്യേണ്ടത്. ഇരട്ടിപ്പുണ്ടെങ്കില്‍ ഒഴിവാക്കപ്പടണമെന്നും അപാകതകള്‍ കണ്ടെത്തി തിരുത്തപ്പെടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് നാല് ലക്ഷത്തിലധികം പേരുകള്‍ പ്രസിദ്ധീകരിച്ച് ജനങ്ങളെ കള്ളവോട്ടര്‍മാരായി ചിത്രീകരിച്ചിരിക്കകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

‘ഒരേ പേരുള്ളവര്‍, സമാനപേരുള്ളവര്‍ ഇരട്ടകള്‍ എല്ലാം കള്ളവോട്ടായി കാണുകയാണ്. ഒരു യുവതി വിവാഹം ചെയ്ത് ഭര്‍ത്താവിന്റെ സ്ഥലത്തെത്തിയാല്‍ ആദ്യത്തെ റജിസറ്ററില്‍ പേര് കണ്ടേക്കാം. എന്ന് കരുതി അവര്‍ വ്യാജവോട്ടറാവില്ല. രണ്ട് സ്ഥലത്ത് വോട്ട് ചെയ്യാന്‍ പാടില്ല. അതിനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഇവിടെ പ്രതിപക്ഷ നേതാവ് അതൊന്നുമല്ല ചെയ്തത്’, മുഖ്യമന്ത്രി പറഞ്ഞു.

പ്രതിപക്ഷ നേതാവിന്റെ വീട്ടില്‍ തന്നെ ഇരട്ട വോട്ടുണ്ട്. അദ്ദേഹത്തിന്റെ ആരോപണത്തെ തുടര്‍ന്ന് ട്വിറ്ററില്‍ ദേശീയ തലത്തില്‍ തന്നെ വലിയ അപവാദ പ്രചാരണമാണ് നടക്കുന്നത്. 20 ലക്ഷം ബംഗ്ലാദേശികള്‍ കേരളത്തിലെ വോട്ടര്‍പ്പട്ടികയില്‍ ഇടംനേടി എന്ന് ആക്ഷേപിക്കുകയാണ്. അത്തരത്തില്‍ കേരളത്തെ ലോകത്തിനു മുമ്പില്‍ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കാണ് പ്രതിപക്ഷ നേതാവ് നേതൃത്വം നല്‍കിയതെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി. നൈതികതയെയും സ്വകാര്യതാ ലംഘനവും പലരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. വിവരങ്ങള്‍ പ്രസിദ്ധീകരിച്ചത്‌ നിയമവിധേയമാണോ എന്നതില്‍ ഗൗരവമായ സംശയം ഉണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘കോവിഡ് രോഗബാധയുടെ കൃത്യമായ കണക്ക് വിശകലനം ചെയ്ത് പ്രതിരോധം ശക്തമാക്കാന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങളെ ഡാറ്റ കച്ചവടം എന്നാണ് പ്രതിപക്ഷ നേതാവ് ആരോപിച്ചത്.അന്ന് ഡാറ്റ കച്ചവടം എന്ന വിളിച്ചവര്‍ ശരിയായി ജീവിക്കുന്നവരെ അപകീർത്തിപ്പെടുത്തുകയാണ് ഇരട്ട വോട്ട് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തയതിലൂടെ ചെയ്തത്. രേഖകള്‍ പ്രസിദ്ദീകരിച്ചത് ഇന്ത്യയില്‍ നിന്നല്ല . കേരളത്തെ വ്യാജവോട്ടര്‍മാരുടെ നാടായി ചിത്രീകരിച്ചിരിക്കുകയാണ്. പരാജയ ഭീതിയുണ്ടാകുമ്പോള്‍ ഇങ്ങനെയൊക്കെ ചിത്രീകരിക്കാമോ. രാജ്യത്ത് ഏറ്റവും സ്വതന്ത്രവും നീതിപൂര്‍വ്വവുമായി തിരഞ്ഞെടുപ്പ് പ്രക്രിയ നടത്തുന്ന ഇടമാണ് കേരളം അതിനെയാണ് പ്രതിപക്ഷ നേതാവ് അപകീര്‍ത്തിപ്പെടുത്തിയത്’-മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

നുണ പ്രചാരകര്‍ക്കുള്ള മറുപടി ജനം നല്‍കും. എല്‍ഡിഎഫ് സർക്കാരിനെതിരേ അനാവശ്യ ആരോപണമുയരുമ്പോള്‍ പ്രതിരോധത്തിന്റെ കോട്ടയായി ജനമാണ് മാറുന്നത്. ഇടതുപക്ഷ രാഷ്ട്രീയം അവര്‍ ഏറ്റെടുക്കുന്നത് കൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്. മാധ്യമങ്ങളുടെ താത്പര്യങ്ങള്‍ ഉടമകളുടെ താത്പര്യമാണ്. അതിനാല്‍ ഭൂരിപക്ഷം മാധ്യമങ്ങളും എല്‍ഡിഎഫ് വിരുദ്ധസമീപനം സ്വീകരിക്കുന്നവരാണ്. ആ ഘട്ടങ്ങളില്‍ സത്യം വിളിച്ചുപറഞ്ഞത് ഈ നാട്ടിലെ സാധാരണ ജനങ്ങളാണ്. ആ ജനമാണ് പി ആര്‍ ഏജന്റെന്ന് മനസ്സിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close