അണ്‍ലോക്ക് 4: രാജ്യത്തെ തീയേറ്ററുകള്‍ തുറക്കാന്‍ നീക്കം

ന്യൂഡല്‍ഹി: രാജ്യത്ത് അണ്‍ലോക്ക് നാലിന്റെ ഭാഗമായി തീയേറ്ററുകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് ഉന്നതാധികാരസമിതി കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. തീയേറ്ററുകള്‍ മാത്രമുള്ള സമുച്ചയങ്ങള്‍ക്ക് ആദ്യം അനുവാദം നല്‍കിയേക്കും. സെപ്തംബര്‍ 1 മുതലായിരിക്കും അനുമതി. മാളുകളിലെ മള്‍ട്ടിസ്ക്രീനിംഗ് തീയേറ്ററുകള്ക്കായിരിക്കും രണ്ടാം ഘട്ടത്തില്‍ അനുമതി നല്‍കുക. സാമൂഹ്യ അകലം പാലിച്ചായിരിക്കും സ്ക്രീനിംഗ് നടത്തുക. കുടുംബാംഗങ്ങള്‍ക്ക് അടുത്തടുത്തുള്ള സീറ്റുകളില്‍ ഇരിക്കാന്‍ അനുമതി നല്‍കുമെങ്കിലും മറ്റുള്ളവര്‍ക്ക് സീറ്റുകള്‍ ഇടവിട്ട് ഇരിക്കാനായിരിക്കും അനുമതിയെന്നാണ് വിവരം. വിവിധ വകുപ്പുകളിലെ സെക്രട്ടറിമാരാണ് ഉന്നതാധികാര സമിതിയിലുള്ളത്. സമിതിയുടെ റിപ്പോര്‍ട്ടനുസരിച്ചുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം ഈ മാസം അവസാനത്തോടെയുണ്ടാകും.കഴിഞ്ഞ അഞ്ചുമാസത്തില്‍ രാജ്യത്ത് വന്‍ തൊഴില്‍ നഷ്ടമുണ്ടായതായാണ് കണക്ക്. ജൂലായില്‍ മാത്രം 50 ലക്ഷം ജോലിക്കാര്‍ക്ക് തൊഴില്‍ നഷ്ടമായിട്ടുണ്ട്. സംഘടിതമേഖലയില്‍ മാത്രം ആകെ തൊഴില്‍ നഷ്ടം രണ്ട് കോടിക്ക് അടുത്ത് വരുമെന്നാണ് കണക്കെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഇതിനിടെ തീയേറ്ററുകളില്‍ പ്രദര്‍ശനം അനുവദിച്ചാല്‍ അടിമുടി മാറാനൊരുങ്ങി രാജ്യത്തെ മള്‍ട്ടിപ്ലക്സുകള്‍. പേപ്പര്‍ലെസ് ടിക്കറ്റുകള്‍, സീറ്റ് അകലം, ഇടവേളകള്‍ ഇല്ലാതിരിക്കുക, കര്‍ശനമായ ശുചിത്വം എന്നീ സുരക്ഷാ മാനദണ്ഡങ്ങള്‍ മള്‍ട്ടിപ്ലക്സുകളുടെ ഭാഗമായി അവതരിപ്പിക്കുമെന്ന് പ്രമുഖ മള്‍ട്ടിപ്ലക്സ് ശൃംഖലകളുടെ സിഇഒമാര്‍ പറയുന്നു.മള്‍ട്ടിപ്ലക്സ് അസോസിയേഷന് ഓഫ് ഇന്ത്യ അംഗങ്ങളുമായി സഹകരിച്ച് തയ്യാറാക്കിയ ഒരു കൂട്ടം എസ്ഒപികള്‍ വിവിധ കേന്ദ്ര മന്ത്രാലയങ്ങള്‍ക്കും പ്രധാനമന്ത്രിയുടെ ഓഫീസിനും നിതി ആയോഗിനും ഈ മാസം ആദ്യം സമര്‍പ്പിച്ചതായി വ്യവസായ പ്രമുഖരായ ഐനോക്സ്, പിവിആര്‍ പിക്ചേഴ്സ്, സിനിപോളിസ് ഇന്ത്യ എന്നിവര്‍ പറഞ്ഞു.’ഓട്ടോമാറ്റിക് സീറ്റ് അകലം പാലിക്കല്‍, സിനിമാശാലകള്‍ പതിവായി വൃത്തിയാക്കല്‍, ലോബി ഏരിയ, റെയിലിംഗ്, വാതിലുകള്‍ പോലുള്ള ടച്ച് പോയിന്റുകള്‍ അണുവിമുക്തമാക്കല്‍, താപനില പരിശോധിക്കുന്നതിനുള്ള തെര്‍മല്‍ സ്കാനര്‍ പോലുള്ള അടിസ്ഥാനകാര്യങ്ങള്‍ എന്നിവയും ആഗോള നിലവാരത്തിന് അനുസൃതമായ എസ്ഒപികളുടെ ഭാഗമാണ്. പ്രേക്ഷകര്‍ക്ക് അവരുടെ മൊബൈല്‍ ഫോണുകളില്‍ ഒരു ബാര്‍കോഡ് സ്കാനര്‍ ലിങ്ക് നല്‍കും, അത് സ്കാന്‍ ചെയ്ത് ഹാളിലേക്ക് കടക്കാം.ഈ സുരക്ഷാ നടപടികള്‍ ചിലവേറിയതാണെങ്കിലും ഇത്തരമൊരു നീക്കം സിനിമാ തിയ്യേറ്ററുകളിലേക്ക് മടങ്ങാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുമെന്ന് മള്‍ട്ടിപ്ലക്സ് ഉടമകള്‍ പ്രതീക്ഷിക്കുന്നു. പുതിയ സിനിമകള്‍ എപ്പോള്‍ സ്ക്രീനുകളില്‍ എത്താന്‍ തുടങ്ങുമെന്നതും ഒരു ഘടകമാണ്.’ലൊക്കേഷന്‍ അധിഷ്ഠിത വിനോദം പ്രീ-കോവിഡ് നിലകളിലേക്ക് മടങ്ങുന്നതിന് കുറച്ച് സമയമെടുക്കുമെന്നതില്‍ സംശയമില്ല. ആദ്യം ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ചിത്രങ്ങള്‍ റിലീസ് ചെയ്യാന്‍ തുടങ്ങും. സിനിമാ തിയറ്റര്‍ ബിസിനസിലൂടെ പ്രതിവര്‍ഷം 12,000 കോടി രൂപയാണ് വരുമാനമെന്ന് വ്യവസായ കണക്കുകള്‍ ഉദ്ധരിച്ച് ടണ്ടന് പറഞ്ഞു. തിയേറ്ററുകള്‍ അടച്ചാല്‍ പ്രതിമാസം 1,000 കോടി രൂപ നഷ്ടപ്പെടും.