KERALANEWSTop News

അതിജീവനത്തിന്റെ 125 വര്‍ഷങ്ങള്‍

കട്ടപ്പന: മലയാളിയേയും തമിഴനെയും ഒരുപോലെ സ്വാധീനിച്ചത് എന്താണ് എന്ന ചോദ്യത്തിന് എല്ലാവരും ആദ്യം പറയുന്ന ഉത്തരം മുല്ലപ്പെരിയാര്‍ എന്നു തന്നെയാകും. എന്നു പൊട്ടും എപ്പോള്‍ പൊട്ടും എന്ന് നമ്മള്‍ ആശങ്കപ്പെട്ടിരുന്ന മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മിച്ചിട്ട് ഇന്ന് 125 വര്‍ഷമാകുന്നു.

ലക്ഷക്കണക്കിന് മലയാളികളുടെ തലയ്ക്ക് മുകളില്‍ മുല്ലപ്പെരിയാര്‍ തൂങ്ങിയാടാന്‍ തുടങ്ങിയിട്ട് കാലം കുറേയാകുന്നു. നിര്‍മാണ കാലത്ത് ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് ഇതായിരുന്നെങ്കിലും, ചുണ്ണാമ്പും സുര്‍ക്കി മിശ്രിതവും കരിങ്കല്ലുമൊക്കെ ഉപയോഗിച്ചുണ്ടാക്കിയ 125 വര്‍ഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടാണ് ഇന്ന് ലോകത്തിലുള്ളതില്‍ ഏറ്റവും പഴക്കമുള്ള ഭൂഗുരുത്വ അണക്കെട്ട്.
കേരളത്തിലാണ് മുല്ലപ്പെരിയാര്‍ ഡാം സ്ഥിതിചെയ്യുന്നതെങ്കിലും തമിഴ്നാടാണ് ഡാമിന്റെ ഉടമസ്ഥര്‍.

ബ്രിട്ടീഷ് ഭരണകാലത്ത് തേനി, മധുര, ദിണ്ടിക്കല്‍, രാമനാഥപുരം എന്നീ തമിഴ് പ്രവിശ്യകള്‍ ജലക്ഷാമം അനുഭവിക്കുമ്പോള്‍ പശ്ചിമഘട്ടത്തിനിപ്പുറമുള്ള കേരളത്തിലെ പെരിയാര്‍ തീരങ്ങളില്‍ പലപ്പോഴും വെള്ളപ്പൊക്കമായിരുന്നു. ഇതിന് സായിപ്പ് കണ്ടുപിടിച്ച പ്രതിവിധിയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട്.

1886 ഒക്ടോബര്‍ 29ന് പെരിയാര്‍ പാട്ടക്കരാര്‍ പ്രകാരം പെരിയാര്‍ നദിയുടെ 155 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന 8000 ഏക്കര്‍ സ്ഥലത്തിന് പുറമെ അണക്കെട്ട് നിര്‍മ്മാണത്തിനായി 100 ഏക്കര്‍ സ്ഥലവും തിരുവിതാംകൂര്‍ രാജാവായിരുന്ന വിശാഖം തിരുനാള്‍ രാമവര്‍മ്മ അന്നത്തെ മദിരാശി സര്‍ക്കാരിന് പാട്ടമായി നല്‍കുകയാണുണ്ടായത്. കരാറുപ്രകാരം പാട്ടത്തുകയായി ഏക്കറിന് 5 രൂപയെന്ന കണക്കില്‍ 40,000 രൂപ വര്‍ഷം തോറും കേരളത്തിന് ലഭിക്കും. 50 വര്‍ഷം മാത്രം ആയുസ്സ് കണക്കാക്കിയിരുന്ന ഡാമിന്റെ കരാര്‍ കാലയളവ് 999 വര്‍ഷമാണെന്നുള്ളതാണ് വിരോധാഭാസം. ആദ്യകരാര്‍ കഴിയുമ്പോള്‍ വേണമെങ്കില്‍ വീണ്ടുമൊരു 999 വര്‍ഷത്തേക്ക് കരാര്‍ പുതുക്കുന്നതിന് വിരോധമൊന്നും ഇല്ലെന്നും കരാറിലുണ്ട്.

അണക്കെട്ടില്‍ ചോര്‍ച്ചയും മറ്റും വരാന്‍ തുടങ്ങിയതോടെയാണ് അണക്കെട്ട് ദുര്‍ബ്ബലമാണെന്നും ജലനിരപ്പ് 136 അടിക്ക് മുകളില്‍ ഉയര്‍ത്താന്‍ പറ്റില്ലെന്നും പറഞ്ഞ് കേരളവും തമിഴ്നാടും തമ്മിലുള്ള നിയമ യുദ്ധങ്ങള്‍ ആരംഭിക്കുന്നത്. ഡാം പൊട്ടിയാലും തമിഴ്നാട്ടിലേക്ക് വെള്ളമൊഴുകി അവര്‍ക്ക് അപകടം ഒന്നുമുണ്ടാകില്ല എന്നതുകൊണ്ട് കിട്ടുന്നിടത്തോളം കാലം വെള്ളം ശേഖരിക്കുകയാണ് തമിഴ്നാട് . ഡാം പൊട്ടിയാല്‍ 35 കിലോമീറ്റര്‍ താഴെയുള്ള ഇടുക്കി ഡാം ആ വെള്ളം മുഴുവന്‍ താങ്ങിക്കോളും എന്നുള്ള മുടന്തന്‍ ന്യായങ്ങളും തമിഴ്നാട് സര്‍ക്കാര്‍ നിരത്തുന്നുണ്ട്. ഇടുക്കി ഡാം അല്ലാതെ തന്നെ നിറഞ്ഞുകവിയാറുണ്ടെന്നും മുല്ലപ്പെരിയാറിലെ വെള്ളം കൂടെ താങ്ങാന്‍ ഇടുക്കി ഡാമിന് ആകില്ലെന്നുമുള്ളത് പകല്‍ പോലെ വ്യക്തമായ കാര്യമാണ്.

2000-ല്‍ പദ്ധതിപ്രദേശത്തുണ്ടായ ഭൂമികുലുക്കത്തോടു കൂടിയാണ് കേരളത്തിന്റെ ആശങ്കകള്‍ വര്‍ധിച്ചത്. മുല്ലപ്പെരിയാര്‍ അണക്കെട്ട് സ്ഥിതിചെയ്യുന്നത് ഭ്രംശരേഖകള്‍ക്കുമുകളിലാണെന്നും ചില പഠനങ്ങള്‍ പറയുന്നു. അണക്കെട്ട് സുരക്ഷിതമാണെന്ന് തമിഴ്നാട് അവകാശപ്പെടുമ്പോള്‍ അത് ഭീതിജനകമാണെന്ന് കേരളം പറയുന്നു. സഹായക അണക്കെട്ടായ ബേബി ഡാമും ഭീതിജനകമാണെന്നാണ് കേരളത്തിന്റെ വാദം. എന്നാല്‍, അണക്കെട്ട് 1922-ലും, 1965-ലും സിമന്റുപയോഗിച്ച് ബലപ്പെടുത്തിയെന്നും ഭയപ്പെടാനൊന്നുമില്ലന്നും തമിഴ്‌നാടിന്റെ മുഖ്യ എഞ്ചിനീയര്‍ പറയുമ്പോള്‍ സിമന്റ് പഴയ കൂട്ടില്‍ വേണ്ടത്ര ചേരില്ലെന്ന് കേരളത്തിലെ വിദഗ്ദ്ധര്‍ പറയുന്നു. 1902-ല്‍ തന്നെ അണക്കെട്ട് നിര്‍മ്മാണത്തിന്റെ പ്രധാന കൂട്ടായ ചുണ്ണാമ്പ്, വര്‍ഷം 30.48 ടണ്‍ വീതം നഷ്ടപ്പെടുന്നുണ്ടായിരുന്നെന്നും ഇപ്പോള്‍ അത് അനേകം ഇരട്ടിയായി വര്‍ദ്ധിച്ചിട്ടുണ്ടാകുമെന്നുമാണ് കേരളത്തിന്റെ വാദം. 1979- 81 കാലഘട്ടത്തില്‍ നടത്തിയ ബലപ്പെടുത്തല്‍ അണക്കെട്ടിന് ബലക്ഷയം ആണ് വരുത്തിവെച്ചത് എന്ന് ഇതിനെക്കുറിച്ച് പഠിച്ച എം.ശശിധരന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.അണക്കെട്ടിന്റെ ചുറ്റളവില്‍ റിക്ടര്‍ സ്‌കെയിലില്‍ നാലിനു മുകളില്‍ വരുന്ന ഭൂകമ്പങ്ങള്‍ അണക്കെട്ടിന് ഗുരുതര ഭീഷണിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.താല്‍ക്കാലിക ബലപ്പെടുത്തല്‍ ഇനി നിലനില്‍ക്കില്ലെന്നും, മറിച്ച് പുതിയ ഡാം മാത്രമാണ് പരിഹാരം എന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇപ്പോള്‍ ഇതിന്റെ നിര്‍മ്മാണ കാലയളവ് 125 വര്‍ഷത്തില്‍ എത്തിനില്‍ക്കുമ്പോള്‍ ഇനി എന്തൊക്കെ ഉണ്ടാകുമെന്ന് കണ്ടറിയുക തന്നെ വേണം.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close