
മലപ്പുറം: കൊവിഡ് വന്നതോടെ ജീവിതമാര്ഗങ്ങള് അടച്ചുപൂട്ടിയപ്പോള്‍ നസീഫ് എന്ന എട്ടാം ക്ലാസുകാരന് അതിജീവനത്തിന്റെ വഴികണ്ടത് അലങ്കാരമത്സ്യങ്ങളിലാണ്.വാടക വീടിന് മുന്നില്‍ അലങ്കാരമത്സ്യക്കച്ചവടം നടത്തുകയാണ് നസീഫിപ്പോള്‍. തന്റെ പ്രിയപ്പെട്ട ഹോബി വരുമാനമാര്‍ഗം കൂടിയായി.എടരിക്കോട് പൊട്ടിപ്പാറയിലെ മടപ്പള്ളി ബഷീറിന്റെ മകനാണ് നസീഫ്. ഓട്ടോ ഡ്രൈവറായ ബഷീറിന് കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഓട്ടം കുറഞ്ഞതോടെ വീട്ടിലെ കാര്യങ്ങള്‍ നടത്തിക്കൊണ്ടുപോകാന്‍ തന്നെ പ്രയാസമായിരുന്നു. അപ്പോഴാണ് നസീഫ് മത്സ്യവില്പനയ്ക്ക് പിതാവിന്റെ സമ്മതം ചോദിച്ചത്. പിതാവിന്റെ പിന്തുണയോടെ നസീഫ് അലങ്കാരമത്സ്യക്കച്ചവടം ആരംഭിച്ചു.
വരുമാനം കുറവാണെങ്കിലും തന്നാല്‍ കഴിയും വിധം പിതാവിനെ സഹായിക്കാന്‍ കഴിയുന്നതിന്റെ സന്തോഷത്തിലാണ് നസീഫിപ്പോള്‍. എടരിക്കോട് പികെഎംഎം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിയായ നസീഫ് മാപ്പിളപ്പാട്ട് ഗായകന്‍കൂടിയാണ്. കല്യാണവീടുകളിലെ പാട്ടുസംഘത്തില്‍ അംഗമാണെങ്കിലും മൈലാഞ്ചിക്കല്യാണങ്ങള്ക്കു കൊവിഡ് തടസ്സമായതോടെ അതും നിലച്ചു.ഇപ്പോള്‍ ആ സങ്കടവും കച്ചവടത്തിനിടയിലെ മൂളിപ്പാട്ടുകൊണ്ട് നസീഫ് മറികടക്കുന്നത്.