KERALA

അതിഥിത്തൊഴിലാളി ബാഹുല്യം; കട്ടപ്പന മൂന്നാമത്‌, ‘ഹിന്ദി വര്‍ക്കേഴ്സ് ’ മീറ്റിംഗ് നടന്ന് ഡിസംബറില്‍, പോലീസ്- സ്പെഷല്‍ ബ്രാഞ്ച് നിരീക്ഷണം ശക്തം, ആശങ്ക

കട്ടപ്പന: സംസ്‌ഥാനത്ത അതിഥി തൊഴിലാളികള്‍ കൂടുതലായുള്ള കട്ടപ്പനയില്‍ പോലീസും സ്‌പെഷല്‍ ബ്രാഞ്ചും നിരീക്ഷണം ശക്‌തമാക്കി. പെരുമ്പാവൂരും പായിപ്പാടും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ അതിഥി തൊഴിലാളികളുള്ളത്‌ കട്ടപ്പന മേഖലയിലാണ്‌. പായിപ്പാടും പെരുമ്പാവൂരും അതിഥി തൊഴിലാളികള്‍ പ്രതിരോധം സൃഷ്‌ടിച്ച സാഹചര്യത്തിലാണ്‌ കട്ടപ്പന മേഖലയില്‍ നിരീക്ഷണം ശക്‌തമാക്കിയത്‌. ഞായറാഴ്‌ചകളില്‍ മൂവായിരത്തോളം അതിഥി തൊഴിലാളികളാണ്‌ കട്ടപ്പന നഗരത്തില്‍ എത്തുന്നത്‌.

കട്ടപ്പന കേന്ദ്രമാക്കി അതിഥി തൊഴിലാളികള്‍ക്ക്‌ യൂണിയന്‍ രൂപീകരിക്കാന്‍ അടുത്തയിടെ ശ്രമം നടന്നിരുന്നു. ഹിന്ദി സംസാരിക്കുന്ന കേരളത്തിലെ ഇതര സംസ്‌ഥാന തൊഴിലാളികളുടെ കൂട്ടായ്‌മയ്‌ക്ക്‌ രൂപം നല്‍കുക എന്നതായിരുന്നു ലക്ഷ്യം. ഹിന്ദിക്കാര്‍ വര്‍ക്കേഴ്‌സ്‌ മീറ്റിങ്‌ എന്ന പേരിലാണ്‌ പരിപാടി നടന്നത്‌. ഒരു രാഷ്‌ട്രീയ പാര്‍ട്ടികളുടെയും പിന്തുണയില്ലാതെ ഇതര സംസ്‌ഥാന തൊഴിലാളികള്‍ക്ക്‌ ഒത്തുകൂടാന്‍ ഒരു വേദി എന്നതായിരുന്നു ലക്ഷ്യം.

ഡിസംബര്‍ പകുതിയോടെ കട്ടപ്പനയില്‍ നടന്ന ആദ്യ യോഗത്തില്‍ തന്നെ നിരവധി തൊഴിലാളികള്‍ പങ്കെടുക്കുകയും ചെയ്‌തു. 13 വര്‍ഷമായി വണ്ടന്‍മേട്‌ രാജാക്കണ്ടത്ത്‌ എസ്‌റ്റേറ്റ്‌ തൊഴിലാളിയായ അസം സ്വദേശി ഡേവിഡാണ്‌ ഇതര സംസ്‌ഥാന തൊഴിലാളികളെ സംഘടിപ്പിച്ചത്‌. നന്നായി മലയാളം സംസാരിക്കാന്‍ അറിയാവുന്ന ഇയാളുടെ നേതൃത്വത്തിലാണ്‌ അന്ന്‌ കട്ടപ്പന നഗരസഭാ സ്‌റ്റേഡിയം ബുക്ക്‌ ചെയ്‌തതും പോലീസില്‍ നിന്ന്‌ അനുമതി നേടിയതും.

ഇതര സംസ്‌ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്‌ഥലങ്ങളില്‍ നിരവധി തവണ കയറി ഇറങ്ങിയതാണ്‌ ഡേവിഡ്‌ ഇവരെ സംഘടിപ്പിച്ചത്‌. പായിപ്പാടില്‍ നിന്നും പെരുമ്പാവൂരില്‍ നിന്നും ഏറെ വ്യത്യസ്‌തമായ ജീവിത സാഹചര്യമാണ്‌ കട്ടപ്പന മേഖലയില്‍ ഇവര്‍ക്കുള്ളത്‌. ഇവിടെ ഒട്ടുമിക്ക തൊഴിലാളികളും ഏതെങ്കിലും ഒരു തൊഴിലുടമയുടെ കീഴിലാണ്‌ ജോലിചെയ്യുന്നത്‌. ഇവര്‍ക്ക്‌ തൊഴിലുടമ താമസ സൗകര്യവും ഭക്ഷണ സൗകര്യം ഒരുക്കിയിട്ടുണ്ട്‌.

പായിപ്പാട്‌ തൊഴിലാളികള്‍ സ്വന്തമായി താമസവും ഭക്ഷണവും ഒരുക്കിയാണ്‌ ജോലിക്കു പോകുന്നത്‌. ഇവിടെ ചുരുക്കം ചില തൊഴിലാളികള്‍ മാത്രമാണ്‌ അങ്ങിനെ കഴിയുന്നത്‌. കട്ടപ്പനയില്‍ അതിഥി തൊഴിലാളികള്‍ വാട്‌സ്‌ ആപ്‌ ഗ്രൂപ്പില്‍ അംഗങ്ങളാണ്‌. ഇവരുടെ ഇടയില്‍ ഉണ്ടാകുന്ന വിഷയങ്ങള്‍ ഉടനടി തന്നെ ഇവര്‍ ഗ്രൂപ്പില്‍ അറിയിക്കുകയും ചെയ്യുന്നു. ഞായറാഴ്‌ചയാണ്‌ ഇവരുടെ ഒത്തുചേരല്‍. ഞായറാഴ്‌ചകളില്‍ ഇവര്‍ ജോലിചെയ്യാറില്ല.

കട്ടപ്പന കുന്തളംപാറ റോഡിലാണ്‌ എല്ലാവരും ഒത്തുകൂടുന്നത്‌. സാധാരണ തോട്ടങ്ങളിലും മറ്റും ജോലിചെയ്യുന്നവര്‍ ആഴ്‌ചാവസാനങ്ങളില്‍ വേതനത്തില്‍ നിശ്‌ചിത വിഹിതം മാറ്റിവച്ച്‌ കൂടുതല്‍ തുകയും നാടുകളിലേക്ക്‌ അയച്ചുകൊടുക്കുകയാണ്‌ പതിവ്‌. ഇവര്‍ക്ക്‌ ജോലി നഷ്‌ടമായാല്‍ തൊഴിലുടമകള്‍ സഹായിച്ചില്ലെങ്കില്‍ പട്ടിണിയാകുമെന്നതാണ്‌ പൊതുവെയുള്ള സ്‌ഥിതി. ലോക്ക്‌ ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഇവിടെ ഒട്ടുമിക്ക തൊഴിലാളികളും തൊഴില്‍ ഉടമകളുടെ സംരക്ഷണയിലാണ്‌.

അതല്ലാതെ സ്വന്തമായി ലോഡ്‌ജുകളില്‍ താമസിച്ച്‌ ജോലിക്ക്‌ പോയിരുന്നവര്‍ക്ക്‌ കട്ടപ്പന നഗരസഭയുടെ സാമൂഹിക അടുക്കള വഴി ഇപ്പോള്‍ ഭക്ഷണം എത്തിക്കുന്നുണ്ട്‌. ഇതര സംസ്‌ഥാന തൊഴിലാളികള്‍ താമസിക്കുന്ന മേഖലകളില്‍ പോലീസ്‌ പരിശോധന നടത്തുകയും ഇവര്‍ ഒത്തുകൂടുന്നുണ്ടോ എന്നറിയാന്‍ ഡ്രോണ്‍ ഉപയോഗിച്ച്‌ നിരീക്ഷണം നടത്തുകയും ചെയ്യുന്നുണ്ട്‌.

Tags
Show More

Related Articles

Back to top button
Close