INDIANEWS

അതിര്‍ത്തിയില്‍ സംഘര്‍ഷം: മൂന്ന് ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു


ലഡാക്ക്: ഇന്ത്യ-ചൈനാ അതിര്‍ത്തിയില്‍ സംഘര്‍ഷം. ലഡാക്കിലെ ഗാല്‍വന്‍ താഴ് വരയിലാണ് സംഘര്‍ഷമുണ്ടായത്. മൂന്ന് ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു. മരിച്ചതില്‍ ഒരു കേണലും ഉള്‍പ്പെടും. കേണല്‍ ബി. സന്തോഷ് കുമാറാണ് മരിച്ചത്. ഇന്നലെ രാത്രിയോടെയാണ് സംഘര്‍ഷമുണ്ടായത്. ഇന്ത്യന്‍ അതിര്‍ത്തിയില്‍ റോഡ് നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് ചൈനയ്ക്കു അതൃപ്തിയുണ്ടായിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി ചൈന ഏകപക്ഷീയമായി കൈയേറ്റം നടത്തുകയായിരുന്നു. കഴിഞ്ഞ കുറേ ദിവസങ്ങളായി ഔദ്യോഗിക തലത്തില്‍ ചര്‍ച്ച നടന്നിരുന്നു. ഈ ചര്‍ച്ചകള്‍ക്കു പിന്നാലെയാണ് അക്രമണം ഉണ്ടായത്.

1975നു ശേഷം കഴിഞ്ഞ നാല്‍പ്പത്തിയഞ്ചു വര്‍ഷങ്ങളായി ഇന്ത്യാ ചൈനാ അതിര്‍ത്തിയില്‍ സംഘര്‍ഷം മൂലം ജീവഹാനി ഉണ്ടായിട്ടില്ല. ഇന്ത്യ- ചൈനാ നയതന്ത്ര ബന്ധത്തിന്റെ എഴുപതാം വാര്‍ഷികം ആഘോഷിക്കാന്‍ തീരുമാനിച്ചിരുന്നതിനു പിന്നാലെയാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. അതിര്‍ത്തിയില്‍ ഏറെ നാളായി സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. എന്നാല്‍ പ്രകോപനങ്ങള്‍ ഉണ്ടായിരുന്നില്ല. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര പ്രതിരോധമന്ത്രി സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. ഇന്ത്യയുടെ ഔദ്യോഗിക പ്രതികരണങ്ങള്‍ ഇതുവരെ ഉണ്ടായിട്ടില്ല. കേന്ദ്ര പ്രതിരോധ മന്ത്രിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം നടക്കുകയാണ്. സംഘര്‍ഷത്തില്‍ അഞ്ചു ചൈനീസ് സൈനികര്‍ മരിച്ചതായും 11 പേര്‍ക്കു പരിക്കു പറ്റിയതായും ചൈനയുടെ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Tags
Show More

Related Articles

Back to top button
Close