
പ്രത്യേക ലേഖകന്‍
തിരുവനന്തപുരം: “പഴയകാല സിനിമകളില്‍ എംജിആറും നസീര്‍ സാറുമൊക്കെ പുലിയുമായി കെട്ടിമറിയുന്ന സീനൊക്കെ കാണുമ്പോള്‍ അതെല്ലാം ക്യാമറാ ട്രിക്കാണെന്ന് കേട്ടിട്ടുണ്ട്. ഇപ്പോള്‍ നിങ്ങളില്‍ പലരും കരുതുന്നത് അതെല്ലാം ഗ്രാഫിക്സ് ആണെന്നാണ്. ശരിയാണ്, സിനിമ ഒരു മെയ്ക്ക് ബിലീഫ് ആണ്. കൃത്രിമമായി സൃഷ്ടിക്കുന്ന കാഴ്ചകളെ യാഥാര്‍ത്ഥ്യം എന്ന മട്ടില്‍ അവതരിപ്പിച്ച് നിങ്ങളെ വിശ്വസിപ്പിക്കുന്ന മാജിക്. പക്ഷേ അത് പൂര്‍ണമായി ക്യാമറാ ട്രിക്കോ കംപ്യൂട്ടര്‍ ജനറേറ്റഡ് ഇമേജോ മാത്രമാണെന്നു ധരിക്കരുത്. തീര്‍ച്ചയായും ഏറെ റിസ്കുള്ള ഒന്നു തന്നെയാണ് എന്റെ അനുഭവത്തില്‍ മനുഷ്യര്‍ മാത്രം പങ്കെടുക്കുന്ന സംഘട്ടന രംഗങ്ങളുടെ ചിത്രീകരണം പോലും. പിന്നല്ലേ മൃഗങ്ങളുമായിട്ടുള്ള സാഹസിക രംഗങ്ങള്‍!” പറയുന്നത് മലയാളത്തിന്റെ മഹാടന് പത്മഭൂഷണ്‍ മോഹന്‍ലാല്‍. പുലിമുരുകനിലേതടക്കം മൃഗങ്ങളോടൊത്തുള്ള തന്റെ അഭിനയാനുഭവങ്ങള്‍ അദ്ദേഹം പങ്കുവച്ചത് വിദ്യാഭ്യാസ വകുപ്പിന്റെ വിക്ടേഴ്സ് ചാനലിലെ ഓണ്‍ലൈന്‍ ക്ളാസില്‍ ഇംഗ്ളീഷില്‍ സത്യജിത് റായിയുടെ സിനിമയില്‍ കടുവയെ അഭിനയിപ്പിച്ചതിനെപ്പറ്റിയുള്ള പ്രോജക്ട് ടൈഗര്‍ എന്ന പാഠഭാഗത്തിനിടെ അനിമേഷന്‍ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടാണ് താരം കുട്ടികളോട് തന്റെ അനുഭവം പങ്കുവച്ചത്.
“എന്റെ അഭിനയജീവിതത്തില്‍ എനിക്കുമുണ്ടായിട്ടുണ്ട് ആനയും കടുവയുമൊക്കെയായി അടുത്തിടപഴകി അഭിനയിക്കാന്‍. അനില്‍ സംവിധാനം ചെയ്ത അടിവേരുകള്‍, വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകന് തുടങ്ങിയ സിനിമകളില്‍ ഞാന്‍ ആനയുമായും കടുവയുമായുമെല്ലാം വളരെ അടുത്തഭിനിയിച്ചിട്ടുണ്ട്.”അദ്ദേഹം തുടര്‍ന്നു പറഞ്ഞു:
“കടുവയൊക്കെ ലൈവായി അഭിനയിച്ച പല സിനിമകളും നിങ്ങള്‍ കണ്ടിരിക്കും. ഓസ്കര് നേടിയ ലൈഫ് ഓഫ് പൈയൊക്കെ നിങ്ങളില്‍ നല്ലൊരു ശതമാനം കണ്ടിട്ടുമുണ്ടാവും. ഇന്ത്യയിലും ഹാഥി മേരാ സാഥി പോലുള്ള ആനക്കഥകളും നാഗീന പോലുള്ള സര്പ്പക്കഥകളുമൊക്കെ സിനിമയായിട്ടുണ്ട്. മലയാളത്തില്‍ തന്നെ സിന്ദൂരം തൊട്ട് സമ്മാനം വരെ എത്രയോ ആനക്കഥകള്‍? ഈച്ചയെ കേന്ദ്രകഥാപാത്രമാക്കി വരെ നമ്മുടെ രാജമൗലി സൂപ്പര്‍ ഹിറ്റ് സിനിമയുണ്ടാക്കിയില്ലേ? ഈയിടെ രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്ത സിനിമയില്‍പ്പോലും എത്ര മൃഗങ്ങളാണ് ഉണ്ടായത്.
സാധാരണ ഇത്തരം സിനിമകളില്‍, നന്നായി പരിശീലിപ്പിച്ച മൃഗങ്ങളെ ആണ് ഉപയോഗിക്കുക. നിങ്ങള്‍ക്കറിയാമല്ലോ, ചില ഫാന്റസി പാര്‍ക്കുകളിലും മറ്റും ഡോള്ഫിനുകളെക്കൊണ്ടൊക്കെ നടത്തുന്ന പ്രദര്‍ശനങ്ങള്‍. സംസാരിക്കുന്ന തത്തകള്‍…പിന്നെ സര്‍ക്കസ്.”മോഹന്‍ലാല്‍ പറഞ്ഞു നിര്‍ത്തുന്നു.
പ്രിയപ്പെട്ട ലാലേട്ടന്റെ അപ്രതീക്ഷിതമായ പ്രത്യക്ഷപ്പെടലും അനുഭവവിവരണവും കുട്ടികള്ക്കിടയിലെന്നോണം ലാലേട്ടന് ഫാന്‍സിനിടയിലും ചര്‍ച്ചാവിഷയമായിരിക്കുകയാണിപ്പോള്‍.