CULTURAL

അത്തം പിറന്നു, ഇനി പത്താം നാള്‍ ഓണം

ഇന്ന് ചിങ്ങമാസം അത്തം നാള്‍. കേരളത്തിന്റെ ഉത്സവമായ ഓണമിങ്ങെത്തി. ഇന്നുമുതല്‍ ഒരുക്കങ്ങള്‍ ആരംഭിക്കുകയായി. അത്തം പത്തു തിരുവോണം എന്നാണല്ലോ. കേരളനാട് ഭരിച്ചിരുന്ന മഹാബലി തമ്പുരാന്‍ കേരളം സന്ദര്‍ശിക്കുവാന്‍ വേണ്ടിയുള്ള ഒരുക്കങ്ങള്‍ തുടങ്ങുന്ന ദിവസം. അത്തം നാളായ ഇന്ന് പൂക്കളമിടാന്‍ തുടങ്ങുകയാണ്.പൂക്കളം ഒരുക്കുവാനായി തൊടികളില്‍ നിന്ന് പൂക്കള്‍ ശേഖരിക്കണം. അത്തം നാളായതുകൊണ്ടു തന്നെ ഇന്ന് തുമ്പപ്പൂവ് മാത്രമാണ് പൂക്കളങ്ങളില്‍ നിറയുക.കഴിഞ്ഞ വര്‍ഷത്തെ സംബന്ധിച്ച് എന്തായാലും തുമ്പപ്പൂവിന് ഈ വര്ഷം നമുക്ക് പഞ്ഞമില്ല.തൊടികളില്‍ തുമ്പികളേം തുമ്പപൂക്കളേം സുലഭമായി കാണാം.നമ്മളുടെ അച്ഛനമ്മമാരുടെ കുട്ടിക്കാലത്തു, പൂക്കളം ഒരുക്കുവാനായി തൊടിയില്‍ പോയി പൂക്കള്‍ ശേഖരിച്ചുകൊണ്ടുവന്നാണ് പൂക്കളം ഒരുക്കിയിരിക്കുന്നത്. അന്ന് തൊടികളില്‍ നിറയെ തുമ്പപ്പൂവും തോട്ടവാടിയും ജമന്തിപ്പൂവും തുളസിയും അങ്ങനെ 10 വൃത്തങ്ങളിലായി പൂക്കളം ഒരുങ്ങുന്നു.ഓരോ നിറത്തിലുള്ള പൂക്കളും ഓരോരോ ദൈവങ്ങളെ പ്രീതിപ്പെടുത്തുവാന്‍ വേണ്ടി ഉള്ളതാണെന്നാണ് സങ്കല്പം.തുമ്പപ്പൂവാണ് മാവേലി മന്നന്റെ ഇഷ്ട്ട പുഷ്പം ഇതേക്കുറിച്ചു ഒരു കഥ ഉണ്ട്.ഒരുപക്ഷെ എല്ലാര്ക്കും അറിയാവുന്ന കഥയാണ്.മാവേലി തമ്പുരാനേ വരവേല്‍ക്കാന്‍ പൂക്കളൊക്കെ ഒരുങ്ങിച്ചെന്നപ്പോള്‍ പകിട്ടൊന്നുമില്ലാതെ ഒതുങ്ങി നിന്ന പാവം തുമ്പപ്പൂവിനെ വാരിയെടുത്ത് മൂര്‍ദ്ധാവില്‍ വെച്ചത്രേ തമ്പുരാന്‍.ഓണത്തിന് തുമ്പ തന്നെ പ്രധാനി.ഓണപൂക്കളത്തില്‍ വെളുത്ത തുമ്പപ്പൂവാണ് പ്രധാനമായും ഉപയോഗിക്കുന്നത്.അത്തം നാലിന് മുന്‍പേ തന്നെ നമ്മള്‍ ചെറിയ ഒരുക്കങ്ങളൊക്കെ നടത്താറുണ്ട്.പ്രധാനമായും വീടും പരിസരവും വൃത്തിയാക്കുക,പറമ്പോക്കെ വെട്ടി തെളിച്ചിടുക, അതുപോലെ തന്നെ അത്തപൂക്കളം ഒരുങ്ങേണ്ട വീടിന്റെ നടുമുറ്റം ചാണകം
മെഴുകിയൊക്കെ ഇടാറുണ്ട് അല്ലെ.ഒരു ചൊല്ലുണ്ട് ചപ്പും ചവറും പുറത്തെപോ ആവണിമാസം അകത്തെ വാ.

10 ദിവസത്തോളം നീണ്ടുനില്‍ക്കുന്ന ആഘോഷമാണ് നമ്മുടെ ഓണം.ഓരോദിവസവും പൂവിടുന്നത് ഒരു പ്രത്യേക രീതിയിലാണ്.അത്തം നാളായ ഇന്ന് തുമ്പക്കുടവും തുമ്പപ്പൂവും മാത്രമേ ഇടാന്‍ എടുക്കു.ഇതില്‍ തുമ്പക്കുടം നടക്കും അതിനു ചുറ്റുമായി തുമ്പ പൂവും ഇടുന്നു.ഒന്നാം നിരയില്‍ ഗണപതി,രണ്ടാമത്തേതില്‍ ശിവശക്തി,മൂന്നാമതെത്തി ശിവന്‍,നാലാമത്തേതില്‍ ബ്രഹ്മാവ് അഞ്ചാമത്തേതില്‍ പഞ്ചപ്രാണങ്ങള്‍ ആരില്‍ ഷണ്മുഖന്‍ കീഴില്‍ ഗുരുനാഥന്‍ എട്ടില്‍ ദിക്പാലകന്മാര്‍ ഒന്‍പതില്‍ ഇന്ദ്രന്‍ പത്തില്‍ വിഷ്ണു എന്നിങ്ങനെ സങ്കല്പിച്ചു വേണമെന്നാണ്.ഇനി ഓണം മറ്റു ആഘോഷങ്ങളില്‍ നിന്നും എങ്ങനെ വ്യത്യസ്തം ആകുന്നു എന്നുള്ളതാണ്.വിഷു,തിരുവാതിര തുടങ്ങിയ ആഘോഷങ്ങളില്‍ നിന്ന് വെത്യസ്തമായ ചില പ്രത്യേകതകള്‍ ഓണത്തിനുണ്ട്. ആദ്യമായി ഓണാഘോഷങ്ങള്‍ ഏതേലും ഒരുദിവസം മാത്രമായി ഒതുങ്ങുന്നതല്ല എന്നുള്ളതാണ്.തിരുവോണത്തിനാണ് പ്രാധ്യാന്യം ഉള്ളതെങ്കിലും അത്തം മുതല്‍ ചതയം വരെ അങ്ങനെ 10 ദിവസത്തെ ആഘോഷങ്ങള്‍ ഉള്‍പ്പെടും. ഇത്രയും ദിവസം നീണ്ടുനില്‍ക്കുന്ന മറ്റൊരാഘോഷവും കേരളത്തിലില്ല.മറ്റൊരു ആഘോഷത്തിനും ലഭിക്കാത്ത ജനകീയത ഓണത്തിനുണ്ട്. ലോകത്തെ ഏതൊരു സമൂഹത്തെയും പോലെ കേരളവും പൂര്‍ണ്ണമായും കാര്ഷികവൃത്തിയെ അടിസ്ഥാനമാക്കി നിലനിന്നിരുന്ന പ്രദേശമായിരുന്നു.കേരളത്തിന്റെ ഉത്സവഘോഷങ്ങള്‍ എല്ലാംതന്നെ കൃഷിയുമായും വിളവെടുപ്പുമായും ബന്ധപ്പെട്ടവയാണ്.ഇതുപോലെ തന്നെയാണ് ഓണവും.നെല്ലും തെങ്ങും സമൃദ്ധമായുണ്ടായിരുന്ന കേരളത്തില്‍ കാര്‍ഷിക സംസ്‌കൃതിയുടെ ഉത്സവാവേശമാണ് ഓണത്തില്‍ നമുക്ക് കാണുവാന്‍ സാധിക്കുന്നത്. വിളവുകളുടെ കൊയ്ത്തുകാലം ആണ് ചിങ്ങമാസം അല്ലെ.

്.മേടം ഇടവം മാസങ്ങളില്‍ വിത്തിറക്കിയ കര്ഷകന് മുന്നില്‍ വിളികളുടെ കൊയ്ത്തുകാലമായ ചിങ്ങം എത്തുമ്പോള്‍ അത് സ്വാഭാവികമായും ഉത്സാവകാലമായി മാറുകയാണ്.കേരളത്തിലെ കാലാവസ്ഥ ആയി ബന്ധപ്പെട്ടും ഓണക്കാലം ഉത്സവമായി മാറുന്നു.കര്‍ക്കിടകമാസത്തില്‍ കാലവര്‍ഷം തകര്‍ത്തുപെയ്യുകയും പിന്നീട് ചിങ്ങം തുടങ്ങാറാകുമ്പോള്‍ മഴ അവസാനിച്ചു വസന്തകാലം തുടങ്ങുകയും ചെയ്യുന്നു.മലയാളമാസം ആരംഭിക്കുന്നത് ചിങ്ങം മുതല്‍ക്കേയാണ്.ഓണം എന്നത് തീര്‍ച്ചയായും ഋതുഭേദത്തിന്റെ ഉത്സവകാലം തന്നെയാണ്.ഇന്ന് വര്ഷം,കാലം തെറ്റിയാണ് പെയുന്നതെങ്കിലും ചിങ്ങം പിറക്കുമ്പോള്‍ പ്രതീക്ഷയോടെ സമൃദ്ധിയുടെ കാലത്തെ നമ്മള്‍ മലയാളികള്‍ വരവേല്‍ക്കുന്നു.കാര്‍ഷിക സംസ്‌കാരത്തിന്റെ അടയാളങ്ങള്‍ മാഞ്ഞുപോയിട്ടും ആഘോഷങ്ങള്‍ അതേപടി പിന്തുടരുകയാണ് നമ്മള്‍ മലയാളികള്‍.കേരളത്തില്‍ എല്ലായിടത്തും നമ്മള്‍ ഓണം ആഘോഷിക്കുന്നതിനാല്‍ കേരളത്തിന്റെ രാഷ്ട്രീയ അതിര്‍ത്തി പ്രദേശമാണ് ഓണത്തിന്റെ ഭൂമിക എന്ന് വേണമെങ്കില്‍ നമുക്ക് പറയാം.എന്നാല്‍ മലയാളികള്‍ ഉള്ളിടത്തെല്ലാം ഓണവും കൂടെയുണ്ട്. നമുക്കെല്ലാര്‍ക്കും അറിയാം അത്തത്തിന്റെ അന്ന് നടന്നുവരുന്ന ആഘോഷങ്ങളില്‍ വളരെ പ്രധാനപ്പെട്ട ഒരു ആഘോഷമായിരുന്നു. അത്തച്ചമയം.കൊച്ചി രാജാവും കോഴിക്കോട് സാമൂതിരിയും നടത്തിയിരുന്ന ഘോഷയാത്രയടങ്ങിയ ആഘോഷം.ആസ്ഥാനമായിരുന്നു തൃപ്പൂണിത്തുറയില്‍ വച്ചായിരുന്നു ഈ ആഘോഷം നടത്തിവന്നിരുന്നത്.കോഴിക്കോട് സാമൂതിരി അന്നത്തെ ദിവസം എവിടെ ആയിരുന്നുവോ അവിടെ വെച്ചായിരുന്നു അത്തച്ചമയം നടത്തിയിരുന്നത്.1947 വരെ രാജകുടുംബം ഈ ആഘോഷങ്ങള്‍ നിലനിര്‍ത്തിയിരുന്നു.ഇപ്പോള്‍ തൃപ്പൂണിത്തുറയില്‍ മാത്രം നടക്കുന്ന അത്തച്ചമയം യഥാര്‍ത്ഥത്തില്‍ അത്താഘോഷമാണ്.ഇനി അത്തച്ചമയത്തിന്റെ
ഉത്ഭവത്തെ കുറിച്ച് പറയുകയാണെങ്കില്‍ വിവിധ അഭിപ്രായങ്ങള്‍ നിലവിലുണ്ട്.സാമൂതിരിക്കു മേല്‍ നേടിയ വിജയം എന്നാണു ഒരു കൂട്ടര്‍ പറയുന്നത്.എന്നാല്‍ കര്‍ക്കിടക തിരുവോണം മുതല്‍ ചിങ്ങാതിരുവോണം വരെ 28 ദിവസം നീണ്ടുനില്‍ക്കുന്ന തൃക്കാക്കരക്ഷേത്രത്തിലെ ഉത്സവം കാണാനുള്ള പുറപ്പാടായിരുന്നു ഇതെന്നാണ് മറ്റൊരു അഭിപ്രായം.എന്നാല്‍ തൃക്കാക്കരയപ്പനായ ഓണത്തപ്പനുമായി ബന്ധപ്പെട്ടതാണ് അത്തച്ചമയം എന്നും അഭിപ്രായം ഉണ്ട്. എ.ഡി. പതിനഞ്ചാം നൂറ്റാണ്ടു മുതല്‍ കോഴിക്കോടും കൊച്ചിയും തമ്മില്‍ അധികാര മതസരങ്ങളിലും യുദ്ധങ്ങളിലും ഏര്‍പ്പെട്ടിരുന്നു.തൃക്കാക്കര സ്ഥിതിചെയ്തിരുന്ന ഇടപ്പള്ളിയിലെ രാജാവ് സാമൂതിരിപ്പാടിന്റെ വശത്തായിരുന്നു.പോര്‍ട്ടുഗീസ്‌കാരും ഡച്ചുകാരും തരംപോലെ കൂറുമാറി.ഇതിന്റെയെല്ലാം ബലമായി തൃക്കാക്കര ക്ഷേത്രത്തിന്റെ പ്രശസ്തിക്കു കോട്ടംതട്ടി.ശത്രുരാജ്യമായ എടപ്പള്ളിയില്‍പെട്ട തൃക്കാക്കരയില്‍ ഉത്സാവത്തിനു പോകുനത് കൊച്ചിരാജാവിനു ദുഃസ്സഹമായിത്തീര്‍ന്നു.എങ്കിലും തൃക്കാക്കരയില്‍ പോകുന്നുഎന്നൊരു സങ്കല്പംരാജകുടുംബം 1947 വരെ നിലനിര്‍ത്തിയിരുന്നു.ഇതാണ് പ്രസിദ്ധമായ അത്തച്ചമയം.ശക്തന്‍ തമ്പുരാനാണ് ഇത് ഈ രീതിയില്‍ ചിട്ടപ്പെടുത്തിയെടുത്ത്.1949 ല്‍ തിരുവിതംകൂറും കൊച്ചിയും സംയോജിച്ചതോടെ മഹാരാജാവ് പങ്കെടുത്തുകൊണ്ടുള്ള പ്രൗഢ ഗംഭീരമായ അത്തച്ചമയം നിര്‍ത്തലാക്കി .പിന്നീട് 1961 ല്‍ കേരളാ ഗവണ്മെന്റ് ഓണം നമ്മളുടെ സംസ്ഥാനോത്സാവമാക്കി മാറ്റിയതോടെ വളരെ ജനകീയമായ പങ്കാളിത്തത്തോടെ വീണ്ടും അത്തച്ചമയം രൂപം കൊണ്ടു.

അത്തച്ചമയം തൃപ്പൂണിത്തുറയിലെ പാലസ് കേന്ദ്രീകരിച്ചശേഷവും പലഘട്ടങ്ങളിലായി മറ്റു സ്ഥലങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.പതിനെട്ടാം നൂറ്റാണ്ടില്‍ കൊച്ചി രാജാവായിരുന്ന രാജവര്‍മ ത്രിശൂര്‍ ജില്ലയിലെ തൃപ്രയാറിനു അടുത്തുള്ള ചാഴൂര്‍ കോവിലകത്തു വെച്ചാണ് അത്തച്ചമയാഘോഷ യാത്ര നടത്തിയത്.പത്തൊമ്പതാം നൂറ്റാണ്ടിന്റെ മദ്ധ്യം മുതല്‍ ഇരുപതാം നൂറ്റാണ്ടിലെ പതിനാലു സംവത്സരങ്ങള്‍ കൊച്ചി രാജാവായിരുന്ന രാമവര്‍മ്മ തൃപ്പുണിത്തുറ കളിക്കോട്ട കൊട്ടാരത്തില്‍ ചമയം നടത്തി.എന്നാല്‍ ഇരുപതാം നൂറ്റാണ്ടില്‍ മദ്രാസ്സില്‍ വെച്ച് തീപ്പെട്ട രാമവര്‍മ്മയുടെ പിന്മുറക്കാരനായ മറ്റൊരു രാമവര്‍മ്മ ചമയാഘോഷം തൃപ്പുണിത്തുറ ഹില്‍പാലസിലേക്കു കൊണ്ടുവന്നു.ഇരുപതാം നൂറ്റാണ്ടില്‍ ചൊവ്വരയില്‍ വെച്ച് തീപ്പെട്ട രാമവര്‍മ്മയുടെ കാലത്തു ത്രിശൂര്‍ ആയിരുന്നു അത്തച്ചമയയാഘോഷം.അവസാനമായി അത്തച്ചമയം കൊണ്ടാടിയ കെരളവര്‍മ്മ ആഡംബരപ്രിയന്‍ ആയിരുന്നില്ല.അതിനാല്‍ വെറും ചടങ്ങെന്ന നിലയിലായിരുന്നു അദ്ദേഹത്തിന്റെ കാലത്തെ ചമയാഘോഷം.സാധാരണവസ്ത്രങ്ങള്‍ മാത്രം ധരിച്ചു രാജാവ് താമസിച്ചിരുന്ന നാലുകെട്ടിനുള്ളില്‍ അല്പം നിമിഷം ധ്യാനനിമഗ്നനായി നിന്നിട്ടു അദ്ദേഹം ചടങ്ങു അവസാനിപ്പിക്കുകയിരുന്നു.. തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയുടെ ആഭുമുഘ്യത്തിലാണ് ഇപ്പോള്‍ അത്തച്ചമയഘോഷം നടന്നുപോരുന്നത്.നമ്മള്‍ അത്തച്ചമയത്തിന്റെ ചരിത്രം പരിശോദിച്ചാല്‍ കേരളത്തിലെ രാജാക്കന്മാരുടെ ചരിത്രവുമായി ബന്ധപ്പെട്ടു കിടക്കുന്നതായിട്ടു കാണാന്‍ സാധിക്കും . ഒരു രാജകീയ പ്രൗഢി കാണിക്കുവാന്‍ വേണ്ടി ആരംഭിച്ചതാണ് അത്തച്ചമയം.കൊച്ചി,കോഴിക്കോട് രാജവംശങ്ങളുടെ അധികാരം
നഷ്ടപ്പെട്ടതോടെ അത്തച്ചമയം ചടങ്ങു മാത്രമായി ചുരുങ്ങാന്‍ തുടങ്ങുന്നു.പീരങ്കിയും മറ്റും ഉപയോഗിച്ചുള്ള ശബ്ദപ്രൗഢിയും ആദ്യകാല അത്തച്ചമയങ്ങളുടെ പ്രതേകത ആയിരുന്നു.മുഖം കാണിക്കുന്നവര്‍ക്ക് പണം സമ്മാനായി നല്‍കിയിരുന്നു.ഏറ്റവും മുതിര്‍ന്ന കാരണവര്‍ക്ക് ഓണപ്പുടവ ആയിരുന്നു നല്‍കിയിരുന്നത്. ആധുനിക ഗവണ്മെന്റ് വന്നതോടെ അത്തച്ചമയത്തിന്റെ പഴയ രീതിയൊക്കെ അസ്തമിച്ചെങ്കിലും ഘോഷയാത്രയില്‍ ചരിത്രസ്മൃതി ഉണര്‍ത്തുന്ന
പ്ലോട്ടുകളും ദൃശ്യങ്ങളും ഉപയോഗിക്കാറുണ്ട്. കെ ടി ഡി സി യുടെ പിന്തുണയോടെയാണ് ഇന്ന് അത്തച്ചമയം നടത്തി വരുന്നത്.എല്ലാ ജനങ്ങള്‍ക്കും പങ്കെടുക്കാന്‍ വിധത്തിലാണ് ഇന്നത്തെ അത്തച്ചമയം ചിട്ടപ്പെടുത്തിയിരിക്കുന്നത് അതുകൊണ്ടുതന്നെ വലിയ ജനപങ്കാളിത്തമാണ് ഇതിനുള്ളത്. ഏതായാലും ഇത്തവണ അത്തച്ചമയം പോലുള്ള ആഘോഷങ്ങള്‍ ഇല്ലെങ്കിലും എന്നും മലയാളികളുടെ മനസ്സുകളില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ നടന്ന ആഘോഷങ്ങള്‍ നല്ല ഓര്‍മകളായി ഉണ്ട്.കോവിഡ് എന്ന മഹാമാരിയോട് നമ്മള്‍ പൊരുതി നമ്മള്‍ പഴയ ജീവിത ശൈലിയിലോട്ടും ആഘോഷങ്ങളിലോട്ടുമൊക്കെ തിരികെ പോകുമെന്നാണ് പ്രതീക്ഷ.

Show More

Related Articles

Back to top button
Close