INSIGHTTop NewsWORLD

അത്ഭുതങ്ങള്‍ ഉണ്ടാകും നവംബര്‍ മൂന്നിന്

പി പി മാത്യു

അമേരിക്കന്‍ തെരഞ്ഞെടുപ്പിനു മുന്‍പ് സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന ദേശീയ കണ്‍വെഷനുകള്‍ക്കു ശേഷം ജനാഭിപ്രായ സര്‍വേകളില്‍ സ്ഥാനാര്‍ത്ഥികള്‍ കൂടുതല്‍ പിന്തുണ നേടാറുണ്ട്. ഡെമോക്രാറ്റിക്ക് കണ്‍വെന്‍ഷന്‍ നടന്ന ശേഷം പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡനും വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി കമല ഹാരിസിനും മുന്നേറ്റമുണ്ടായി. എന്നാല്‍ അതിനു പിന്നാലെ നടന്ന റിപ്പബ്ലിക്കന്‍ കണ്‍വെന്‍ഷന്‍ കൊണ്ട് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിനോ അവരെ പിന്തള്ളുന്ന മുന്നേറ്റം നടത്താന്‍ കഴിഞ്ഞിട്ടില്ല. ചൊവാഴ്ച പുറത്തു വന്ന ‘മോര്‍ണിംഗ് കണ്‍സള്‍ട്ട്’ സര്‍വേയില്‍ ബൈഡനു എട്ടു പോയിന്റ് ലീഡ് ഉണ്ട്. (5143). സ്ത്രീകള്‍ക്കിടയില്‍ 12 പോയിന്റ് (53 41). ബൈഡനെ കുറിച്ച് 51% മതിപ്പു രേഖപ്പെടുത്തുമ്പോള്‍ ട്രംപിനെ തള്ളിക്കളയുന്നവര്‍ 55% ഉണ്ട്. ബൈഡന്‍ 388 ഇലക്ട്റല്‍ വോട്ട് നേടി വന്‍ വിജയം കൊയ്യും എന്നാണ് പ്രവചനം. 538 അംഗ ഇലക്ട്റല്‍ കോളേജില്‍ 270 ആണ് ഭൂരിപക്ഷം. അരിസോണ, ഫ്‌ലോറിഡ, മിഷിഗണ്‍, നോര്‍ത്ത് കരോലിന, പെന്‍സില്‍വാനിയ, വിസ്‌കോണ്‍സിന്‍ സംസ്ഥാനങ്ങള്‍ ബൈഡനു ഭദ്രമാണെന്ന് സര്‍വ്വേ പറയുന്നു. ട്രംപിന്റെ വീഴ്ചയ്ക്കു പ്രധാന കാരണം വലിയ ഭൂരിപക്ഷം ജനങ്ങളും ട്രംപിന്റെ ഭരണ പരാജയങ്ങളില്‍ രോഷാകുലരാണ് എന്നതു തന്നെ. ട്രംപിന് ഒരൊറ്റ സര്‍വേയിലും പ്രസിഡന്റ് എന്ന നിലയില്‍ മികവ് കാട്ടി എന്ന അംഗീകാരം ലഭിച്ചിട്ടില്ല. അദ്ദേഹത്തെ തള്ളി പറയുന്നവര്‍ പിന്തുണയ്ക്കുന്നവരേക്കാള്‍ ശരാശരി 10 ശതമാനം വരെ കൂടുതലാണ്. ദേശീയ തലത്തില്‍ ബൈഡനു വളരെ വ്യക്തമായ മുന്‍തൂക്കവുമുണ്ട്. എന്നാല്‍ ഇതൊക്കെ നവംബര്‍ മൂന്നിനു മുന്‍പ് മാറിമറിയാം എന്നതാണ് അമേരിക്കന്‍ ജനാധിപത്യത്തിന്റെ പ്രത്യേകത. 2016 തിരഞ്ഞെടുപ്പിനു തൊട്ടു മുന്‍പു വരെ ഹിലരി ക്ലിന്റണ്‍ ആയിരുന്നു സര്‍വേകളില്‍ മുന്നിട്ടു നിന്നത്. അന്ന് അമ്പരപ്പിച്ച വിജയം ട്രംപ് എങ്ങിനെ നേടി എന്ന ചോദ്യത്തിന്റെ മറുപടികള്‍ അമേരിക്ക ഇന്നും കാത്തിരിക്കുന്നതേയുള്ളു. ജനപിന്തുണ വീണ്ടെടുത്താല്‍ ട്രംപിന് വീണ്ടും ജയിച്ചു കയറാന്‍ കഴിഞ്ഞേക്കും. അതിനാണ് ട്രംപ് ആഞ്ഞു പിടിക്കുന്നത്.

ട്രംപ് ഭരണം ഏറ്റവും വിമര്‍ശനം നേരിടുന്നത് കൊറോണയിലാണ്. മഹാമാരിയെ ആദ്യം കുട്ടിക്കളിയായി തള്ളിയ ട്രംപ് ലോകാരോഗ്യ സംഘടനയെ പുലഭ്യം പറയുകയും ചൈനയുടെ മേല്‍ കുതിര കയറുകയും ചെയ്തത് വെറും കൈയടിക്കു മാത്രം. അതും കിട്ടിയില്ല, കാരണം ഒന്നേ മുക്കാല്‍ ലക്ഷത്തിലധികം പേരാണ് അമേരിക്കയില്‍ മരിച്ചത്. നവംബറിനു മുന്‍പുള്ള രണ്ടു മാസങ്ങളില്‍ സ്ഥിതി മെച്ചപ്പെടാനുള്ള സാധ്യത കാണുന്നില്ല എന്ന് തന്നെയാണ് രോഗ പ്രതിരോധ ചുമതലയുള്ള സി ഡി സി പറയുന്നത്. തെരഞ്ഞെടുപ്പില്‍ സുപ്രധാന ഇലക്ട്റല്‍ വോട്ടുകളുള്ള അയോവ സംസ്ഥാനത്തു കോവിഡ് കേസുകള്‍ ഈ മാസം കുതിച്ചു കയറും എന്നാണ് വൈറ്റ് ഹൌസ് തന്നെ ചൊവാഴ്ച പറഞ്ഞത്. മെച്ചപ്പെട്ട ഭരണം ഉണ്ടായിരുന്നെങ്കില്‍ ഈ മഹാദുരന്തം സംഭവിക്കുമായിരുന്നില്ല എന്ന് ജനങ്ങള്‍ വിശ്വസിക്കുന്നതായാണ് സര്‍വേകളുടെ സൂചന. എ ബിസി ന്യൂസും ഇപ്സോസും ചേര്‍ന്ന് കഴിഞ്ഞ ആഴ്ച നടത്തിയ വോട്ടെടുപ്പില്‍ 63% പേരാണ് ട്രംപിന്റെ കൊറോണ സമീപനത്തെ എതിര്‍ത്തു വോട്ട് ചെയ്തത്. ബൈഡനും ഹാരിസും കൊറോണ ദുരന്തങ്ങളില്‍ കേന്ദ്രീകരിച്ചാണ് പ്രചാരണം നടത്തുന്നത്. രോഗവും ഭീതിയും കൊണ്ട് ജനങ്ങള്‍ വീര്‍പ്പു മുട്ടുന്ന അമേരിക്കയാണ് ട്രംപിന്റെതെന്നു ബൈഡന്‍ ആഞ്ഞടിക്കുന്നു. കോവിഡിനു വംശീയ വേര്‍തിരിവുകള്‍ ഇല്ലല്ലോ. ട്രംപ് ആവട്ടെ വംശീയ ചേരി തിരിവുണ്ടാക്കി വെള്ളക്കാരിലെ തീവ്രവാദികളെ പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ്. കൊറോണ ഒരു വിഷയമല്ല എന്ന മട്ടിലാണ് ട്രംപിന്റെ പോക്ക്. അറുപതു ലക്ഷം പേര്‍ക്ക് കോവിഡ് ബാധിച്ച അമേരിക്കയില്‍ മരണസംഖ്യ 184,629 കടന്നതായി ചൊവാഴ്ച യു എസ് ഗവണ്മെന്റ് വെബ്സൈറ്റില്‍ തന്നെ പറയുന്നു. അന്ന് മാത്രം 42,624 പുതിയ കേസുകള്‍ ഉണ്ടായി. എന്നാല്‍ മരിച്ചവരുടെ എണ്ണം 50,000 മാത്രമേയുള്ളൂ എന്ന ഒരു ആരാധകന്റെ ട്വീറ്റ് പ്രസിഡന്റ് റീട്വീറ്റ് ചെയ്തപ്പോള്‍ ട്വിറ്റര്‍ തന്നെ അത് നീക്കം ചെയ്തു എന്നതാണ് ട്രംപിനെ നാണം കെടുത്തുന്ന സത്യം. പച്ചക്കള്ളം പറയുന്ന ഏര്‍പ്പാട് കമ്പനി നയം അനുവദിക്കുന്നില്ല എന്ന് ട്വിറ്റര്‍ പറഞ്ഞു.

വംശീയ സംഘര്‍ഷവും കറുത്ത വര്‍ഗക്കാരന്റെ പൗരാവകാശങ്ങളും വലിയ ചര്‍ച്ചയാവുന്ന അക്രമ സംഭവങ്ങള്‍ അമേരിക്കയില്‍ അരങ്ങേറുമ്പോള്‍ അക്രമത്തിനു തിരി കൊളുത്തുന്നത് പൊലീസിനെ അഴിച്ചു വിടുന്ന ട്രംപ് ആണെന്ന് ബൈഡന്‍ ആരോപിക്കുന്നു. ഡെമോക്രറ്റിക് പാര്‍ട്ടിയുടെ അരാജകത്വ നേതൃത്വമാണ് അക്രമം നയിക്കുന്നതെന്നു ട്രംപും. പ്രചാരണം ഇപ്പോള്‍ ഈ വിഷയത്തിലേക്കു കേന്ദ്രീകരിച്ചു കോവിഡില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ട്രംപ് പാടുപെടുന്നത്.
ഞായറാഴ്ച പിറ്റസ്ബര്‍ഗിലെ ഒരു സ്റ്റീല്‍ മില്ലില്‍ തൊഴിലാളികളോട് ബൈഡന്‍ പറഞ്ഞു: ‘ഈ പ്രസിഡന്റിന് ഈ അക്രമം അവസാനിപ്പിക്കാന്‍ ആവില്ല. കാരണം അതിനെ ആളിക്കത്തിക്കുന്നത് അദ്ദേഹമാണ്.’ അക്രമത്തെ ബൈഡന്‍ രൂക്ഷമായി അപലപിക്കയും ചെയ്തു. ‘കലാപം പ്രതിഷേധമല്ല,’ അദ്ദേഹം പറഞ്ഞു. ‘കൊള്ളയടി പ്രതിഷേധമല്ല. തീ വയ്ക്കുന്നത് പ്രതിഷേധമല്ല. അതൊക്കെ നിയമലംഘനമാണ്. അക്രമം കൊട്‌നു ഒരു മാറ്റവും ഉണ്ടാവില്ല.’ മണിക്കൂറുകള്‍ക്കു ശേഷം വൈറ്റ് ഹൗസില്‍ നിന്ന് ട്രംപ് പറഞ്ഞു: ‘നിയമം നടപ്പാക്കുമ്പോള്‍ സുരക്ഷ ഉണ്ടാവുന്നു. ബൈഡന്‍ ഇടതു പക്ഷ തീവ്രവാദിയാണ്. ഇടതുപക്ഷ അക്രമി സംഘങ്ങളുടെ നേതാവ്.’ ഈ വിഷയത്തില്‍ നിന്ന് ആര്‍ക്കാണ് നേട്ടം ഉണ്ടാവുക എന്ന് നിരീക്ഷകര്‍ക്കു ഉറപ്പില്ല. കൂടുതല്‍ അക്രമം ഉണ്ടായാല്‍ അതിന്റെ നേട്ടം ട്രംപിന് ലഭിക്കണമെങ്കില്‍ കൊറോണ ദുരന്തങ്ങള്‍ ജനം മറക്കണം. ജേക്കബ് ബ്ലേക്ക് എന്ന കറുത്ത വര്‍ഗക്കാരനെ പോലീസ് വെടിവച്ചതിനു ശേഷം കലാപം ഉണ്ടായ വിസ്‌കോണ്‍സിന്‍ സംസ്ഥാനത്തെ കെനോഷെ നഗരത്തില്‍ ആണ് ഇനി ട്രംപ്-ബൈഡന്‍ യുദ്ധം മുറുകുക. വിസ്‌കോണ്‍സിന്‍ 10 ഇലക്ട്റല്‍ വോട്ടുകള്‍ ഉള്ള സംസ്ഥാനമാണ്. കടുത്ത മത്സരത്തില്‍ ഇലക്ട്റല്‍ കോളജിലെ 538 സീറ്റില്‍ 270 പിടിക്കാന്‍ ഈ 10 പ്രധാനമാണ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ 25 തവണയും ഡെമോക്രറ്റുകളെ 17 തവണയും പിന്തുണച്ച സംസ്ഥാനം കൈയിലൊതുക്കാന്‍ കടുത്ത പോരാട്ടം നടക്കും. പ്രത്യേകിച്ച്, കലാപങ്ങള്‍ ആയുധമാവുമ്പോള്‍ അതിന്റെ പ്രത്യാഘാതം മറ്റു പല സംസ്ഥാനങ്ങളിലും ഉണ്ടാവും എന്നത് കൊണ്ട്. ബൈഡനു നേരിയ ലീഡ് മാത്രമാണ് ഇവിടെ ഉള്ളത്.

ട്രംപ് ചൊവാഴ്ച കേനോഷയില്‍ എത്തി. കലാപത്തിലെ നാശനഷ്ടങ്ങള്‍ വിലയിരുത്തിയ പ്രസിഡന്റ് പക്ഷെ, വെടിയേറ്റ ബ്ലേക്കിനെ സന്ദര്‍ശിച്ചില്ല. എന്ന് തന്നെയല്ല, കലാപത്തിനിടയില്‍ രണ്ടു കറുത്ത വര്‍ഗക്കാരെ വെടി വച്ചു കൊന്ന തന്റെ ആരാധകന്‍ കൈല്‍ റീട്ടെന്‍ഹൗസ് എന്ന യുവാവിനെ അദ്ദേഹം ന്യായീകരിക്കുകയും ചെയ്തു. എന്തിനാണ് ട്രംപ് കേനോഷയില്‍ എത്തിയതെന്ന് ബ്ലേക്കിന്റെ കുടുംബം ചോദിക്കുന്നു. അദ്ദേഹം ബ്ലേക്കിനെ കണ്ടില്ല. എന്ന് തന്നെയല്ല, പൊലീസ് നടപടികള്‍ ശരി വയ്ക്കുകയും ചെയ്തു. കേനോഷയിലെ ജനങ്ങള്‍ ആവശ്യപ്പെടുന്നത് അക്രമം അടിച്ചമര്‍ത്തണം എന്നാണ്, ട്രംപ് പറഞ്ഞു. ശനിയാഴ്ച പോര്‍ട്ട് ലാന്‍ഡില്‍ ഒരു വലതു പക്ഷ തീവ്രവാദി കലാപത്തിനിടയില്‍ മരിച്ചതും ട്രംപ് സ്വന്തം ആയുധമാക്കി. ഇടതു പക്ഷ തീവ്രവാദികളാണ് കൊല നടത്തിയതെന്ന് അദ്ദേഹം ആരോപിച്ചു. കറുത്ത വര്‍ഗക്കാരുടെ സമരങ്ങള്‍ നിക്ഷിപ്ത താല്‍പര്യക്കാര്‍ പണമിറക്കി നടത്തുന്നതാണെന്ന ട്രംപിന്റെ ആരോപണത്തിനു പിന്നാലെ, ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ (ബി എല്‍ എം) എന്ന സംഘടനയുടെ സാമ്പത്തിക സ്രോതസുകള്‍ അന്വേഷിക്കുമെന്ന് ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ചാഡ് വോള്‍ഫ് തിങ്കളാഴ്ച പ്രഖ്യാപിച്ചു. ആഫ്രിക്കന്‍ വംശജരെ വരിഞ്ഞു കെട്ടുന്നത് വെള്ളക്കാര്‍ക്കു സുഖിക്കും എന്ന കണക്കു കൂട്ടലിലാണ് ഈ നീക്കം. തീവ്ര വലതു പക്ഷ ഫോക്‌സ് ന്യൂസിന്റെ ടക്കര്‍ കാള്‍സണ്‍, ഈ സംഘടനയെ ആഭ്യന്തര ഭീകരര്‍ ആയി പ്രഖ്യാപിക്കണം എന്ന് വരെ ആവശ്യപ്പെട്ടു. ബി എല്‍ എം നേതാക്കളെ വ്യാപകമായി അറസ്റ്റ് ചെയ്യണം എന്നതാണ് മറ്റൊരു ആവശ്യം. ‘ആവശ്യം താമസിയാതെ നടന്നേക്കും’ എന്ന് തിങ്കളാഴ്ച രാത്രി വോള്‍ഫ് അറിയിച്ചു എന്ന് കാള്‍സണ്‍ പറയുന്നു.

അമേരിക്കയുടെ ആത്മാവിനെ കീറി മുറിക്കുന്ന പ്രകോപനം ആവും അത്. ആഫ്രിക്കന്‍ വംശജര്‍ മുട്ട് കുത്തി നിന്ന് അത്തരം പ്രകോപനങ്ങള്‍ സ്വീകരിക്കുമെന്നു കരുതാനാവില്ല. പക്ഷെ തീവ്ര വലതു പക്ഷത്തിന്റെ വോട്ട് നേടി ജയിക്കാം എന്നു കണക്കു കൂട്ടുന്ന ട്രംപിന് ഇക്കാര്യത്തില്‍ ഒരു ഉളുപ്പുമില്ല എന്നത് ശ്രദ്ധിക്കണം.
എന്നാല്‍ യു എസ് കോണ്‍ഗ്രസ്സിലേക്കു മത്സരിക്കുന്ന പല റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥികളെയും ട്രംപിന്റെ അതിരു വിട്ട കളികള്‍ വിഷമത്തിലാക്കിയിട്ടുണ്ട്. ആഫ്രിക്കന്‍ വംശജരുടെയും ഏഷ്യക്കാരുടെയും വോട്ടുകള്‍ നിര്‍ണയകാവുന്ന സംസ്ഥാനങ്ങളില്‍ അവര്‍ ട്രംപിന്റെ പ്രിയ വിഷയം അറിഞ്ഞതായി ഭാവിക്കുന്നതേയില്ല.
മെയ്നിലെ സെനറ്റര്‍ സൂസന്‍ കോളിന്‍സ് ആഫ്രിക്കന്‍ വംശജരോടുള്ള ട്രംപിന്റെ സമീപനത്തെ വിമര്‍ശിച്ചിട്ടുമുണ്ട്. നികുതി വിഷയമാക്കിയാണ് അവര്‍ എതിരാളിയെ നേരിടുന്നത്. എന്നാല്‍ ട്രംപിന് വലിയ ലീഡ് ഉള്ള കെന്റക്കി, മൊണ്ടാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ സെനറ്റര്‍മാര്‍ വംശീയത ആയുധമാക്കുന്നു.

Tags
Show More

Related Articles

Back to top button
Close