INSIGHTTrending

അദാർ പൂനാവാല രാജ്യത്തിന്റെ രക്ഷകനോ?

വിനയ് ശങ്കർ

അദാർ പൂനവാല ഈ പേര് ഇപ്പോൾ അറിയാത്ത മലയാളികൾ കുറവാണ്. മറ്റേതൊരു രാജ്യത്ത് ആണെങ്കിലും ഇന്ന് ദൈവത്തെ പോലെ ആരാധിക്കപ്പെടുമായിരുന്ന മനുഷ്യൻ. കോവിഡ് വാക്സിൻ പരീക്ഷണങ്ങൾക്ക് പല രാജ്യങ്ങളും തയ്യാറാകാതിരുന്ന സമയത്ത് പോലും പണം ഇൻവെസ്റ്റ് ചെയ്തും വിവിധ രാജ്യങ്ങളുമായി കരാർ ഉണ്ടാക്കി പണം കണ്ടെത്തിയും കേന്ദ്ര സർക്കാരിനെ ബോധ്യപ്പെടുത്തി പണം അനുവദിപ്പിച്ചും കയ്യിലുള്ള പണം ഇൻവെസ്റ്റ് ചെയ്തും റിസ്ക് എടുക്കാൻ തയ്യാറായ സിറം ഇൻസ്റ്റിറ്റ്യൂട്ട് തലവൻ. അച്ഛൻ സൈറസ് പൂനാ വാലയുടെ പാത പിന്തുടർന്ന് വാക്സിൻ നിർമാണ കമ്പനി മുന്നോട്ട് കൊണ്ട് പോകുന്ന അദാർ പൂനവാലക്ക് കേരളം കല്പിച്ചു നൽകുന്നത് ഒരു രാക്ഷസന്റെ രൂപമാണ്.

സൈറസ് പൂനവാലയുടെ അഭിപ്രായ പ്രകാരം കോവിഡ് വാക്സിൻ നിർമിക്കുന്നതിന് മുൻപ് തന്നെ കുട്ടികൾക്ക് വിവിധ രോഗങ്ങൾക്ക് ചിലവ് കുറഞ്ഞ വാക്സിൻ നൽകുക വഴി കുറഞ്ഞത് 30 ലക്ഷം കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞു എന്നത് തന്നെയാണ് അവർക്ക് ചാരിതാർഥ്യം നൽകുന്നത്. ശിശു മരണങ്ങൾ തുടർക്കഥ ആയിരുന്ന ഇന്ത്യയിൽ ഇന്ന് വാർഷിക ശിശു മരണ നിരക്ക് എഴുപതിനായിരത്തിൽ താഴെ ആക്കാൻ കഴിഞ്ഞത് തന്നെയാണ് തനിക്ക് ഏറ്റവും സന്തോഷം പകരുന്നതെന്നു അദ്ദേഹം പറഞ്ഞിട്ടുണ്ട്. ബിഗ് ഫാർമ പോലെയുള്ള കമ്പനികൾ കുട്ടികൾക്കുള്ള വാക്സിൻ ടോസിന് 5 ഡോളർ വരെ ഈടാക്കുമ്പോൾ 15 സെന്റ് വിലയിലാണ് സിറം ഇൻസ്റ്റിറ്റ്യൂട്ട് വാക്സിൻ വിൽക്കുന്നത്.

2020 മാർച്ചിൽ തന്നെ കോവിഡ് വാക്സിൻ സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിച്ച വിതരണം ചെയ്യുമെന്ന് അദാർ പൂനവാല അർത്ഥ ശങ്കയ്ക്ക് ഇടയില്ലാത്ത വിധം പ്രഖ്യാപിച്ചിരുന്നു. സിറം ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കാൻ പോകുന്ന കോവിഡ് പ്രതിരോധ വാക്‌സിന്‍ ഇന്ത്യയില്‍ ഇത്തരത്തില്‍ നിര്‍മ്മിക്കപ്പെടുന്ന മരുന്നുകളില്‍ ആദ്യത്തേതായിരിക്കുമെന്ന്” അദാർ പൂനവാല പറഞ്ഞപ്പോള്‍ പലരും സംശയത്തോടെ നെറ്റി ചുളിക്കുകയായിരുന്നു. ഇന്ത്യയിലെ ഗവേഷണരംഗം ഇത്രയേറെ വളര്‍ച്ച നേടിയിട്ടുണ്ടോ എന്ന സംശയമായിരുന്നു ഇതിന് കാരണം. ആ 39 വയസ്സുകാരന്റെ വാക്കിന്റെ വിലയും നിശ്ചയദാര്‍ഢ്യവും ലോകം കൂടുതലായി മനസ്സിലാക്കുകയായിരുന്നു.

ഫോര്‍ബ്‌സ് മാസിക പ്രസിദ്ധീകരിക്കുന്ന ലോകത്തെ അതിസമ്പന്നരുടെ പട്ടികയില്‍ 169-ാം സ്ഥാനത്ത് നില്‍ക്കുന്ന സൈറസ് പൂനവല്ലയുടെ മകന്‍ അദാര്‍ പൂനവല്ല ലണ്ടന്‍ വെസ്റ്റ് മിന്‍സ്റ്റര്‍ യൂണിവേഴസിറ്റി പഠനം കഴിഞ്ഞ് 2001 ലാണ് തന്റെ പിതാവിന്റെ തന്നെ സ്ഥാപനമായ സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേരുന്നത്. 2011 ല്‍ അദ്ദേഹം കമ്പനിയുടെ സിഇഓ (ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍) ആയി.

2020 ജൂലൈയിലെ പ്രസ്താവനയില്‍ പൂനവല്ല പറഞ്ഞു, “ഞങ്ങളുടെ ഗവേഷണസ്ഥാപനം പുറത്തിറക്കുന്ന വാക്‌സിനില്‍ പകുതി ഭാരതത്തിലും ബാക്കിയുള്ളത് ഭാരതത്തിന് പുറത്തുമായിരിക്കും നല്‍കുക. സാമ്പത്തികമായി ഉയര്‍ന്ന രാഷ്ട്രങ്ങളേക്കാള്‍ ഇടത്തരവും അതിദരിദ്രരും ആയ രാജ്യങ്ങളിലേക്കായിരിക്കും ഈ കയറ്റുമതി ലക്ഷ്യം വയ്ക്കുന്നത്. ഭാരതത്തിന് പുറത്ത്, പ്രത്യേകിച്ചും ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഇവ എത്തിക്കുന്നതിന്റെ ഉദ്ദേശ്യം, കോവിഡ് 19 എന്നത് ഒരു ദേശത്തിന്റെ മാത്രം പ്രശ്‌നമല്ല, മറിച്ച് ഒരു ആഗോള പ്രതിസന്ധിയാണ്. അതിനാല്‍ ഏറ്റവും ദുര്‍ബലരും പ്രായമുള്ളവരും പ്രതിരോധശേഷി കുറഞ്ഞവരും ആയ മനുഷ്യരില്‍ ഒരേ സമയം ആഗോളതലത്തില്‍ത്തന്നെ പ്രതിരോധം എത്തിച്ചേരുക എന്ന ലക്ഷ്യമായിരിക്കും ഇതിലൂടെ നാം നേടുക.

വിതരണം ചെയ്യാന്‍ പോകുന്ന മരുന്നിന്റെ വില 2020 ജൂലായിൽ തന്നെ അദ്ദേഹം പങ്കു വച്ചു. “ആഗോള മാര്‍ക്കറ്റില്‍ പത്തും പതിനായിരവും കണക്കിന് രൂപയ്ക്ക് വില്‍ക്കപ്പെടുന്ന കോവിഡ് 19 പ്രതിരോധ മരുന്നുകളുണ്ട്. ഞങ്ങളുടെ പദ്ധതി 1000 രൂപയോ അതില്‍ താഴെയോ നിരക്കില്‍ മരുന്ന് നല്‍കാനാണ്. ഇതിന്റെ വില ജനങ്ങള്‍ നല്‍കേണ്ടതായി വരില്ല, കാരണം സര്‍ക്കാരുകള്‍ ഈ മരുന്നുകള്‍ വാങ്ങി സൗജന്യമായിത്തന്നെ ഈ മരുന്നുകള്‍ ജനങ്ങളിലെത്തിക്കും. അദ്ദേഹം തുടര്‍ന്നു, ലോകം പകര്‍ച്ചവ്യാധിയെ നേരിടുമ്പോള്‍ ലാഭം നേടാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഈ പകര്‍ച്ചവ്യാധി ശമിക്കുന്നതു വരെ വലിയ വില ഈടാക്കുകയില്ലെന്ന് ഞങ്ങള്‍ക്ക് നിര്‍ബന്ധമുണ്ട്”

2020 ഡിസംബര്‍ അവസാനത്തോടെയുള്ള പ്രസ്താവന കൂടുതല്‍ വ്യക്തവും ഉറച്ചതുമായിരുന്നു, “50 ദശലക്ഷം പ്രതിരോധമരുന്നുകള്‍ ഇതുവരെ ഞങ്ങള്‍ ഉത്പാദിപ്പിച്ചു. പ്രതിമാസം 60-70 ദശലക്ഷം മരുന്നുകള്‍ ഉത്പാദിപ്പിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ഉത്പാദനത്തിന്റെ വെല്ലുവികള്‍ നേരിട്ടുകൊണ്ടുതന്നെ.ഉദാരമായ രീതിയില്‍ 3-4 ഡോളര്‍ നിരക്കില്‍ ഇന്ത്യാ ഗവണ്‍മെന്റിനും, ഡോളര്‍ 6-8 നിരക്കില്‍ പ്രൈവറ്റ് മാര്‍ക്കറ്റിലും വാക്‌സിന്‍ എത്തിക്കും”

07 ഏപ്രില്‍ 2020 ല്‍ പൂനവല്ല ഈ മേഖലയിലെ തന്റെ ആശങ്ക മുന്നോട്ടു വച്ചു, “ഞങ്ങള്‍ക്ക് ഏകദേശം 3000 കോടിയുടെ ആവശ്യമുണ്ട് ഇതിനകം ആയിരക്കണക്കിന് കോടി ചെലവഴിച്ചെന്നതു കണക്കിലെടുക്കുമ്പോള്‍ ഇത് ചെറിയ തുകയല്ല. കമ്പനിയുടെ ഉത്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് നൂതന മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തേണ്ടതുണ്ട്. അങ്ങനെ മാറിയാല്‍ കോവിഡ് കുതിച്ചു ചാട്ടത്തിലും രാജ്യത്തെ പിന്തുണയ്ക്കാന്‍ കഴിയും. ജൂണ്‍ മുതല്‍ കോവിഷീല്‍ഡിന്റെ ശേഷി പ്രതിമാസം 110 ദശലക്ഷം ഡോസായി ഉയര്‍ത്താമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

22 ഏപ്രില്‍ 2021 ന് കോവിഷീല്‍ഡ് വിലനിരക്ക് ഔദ്യോഗികമായി പത്രമാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചു. “600 രൂപ നിരക്കില്‍ സ്വകാര്യ ആശുപത്രികള്‍ക്കും, 400 രൂപ നിരക്കില്‍ കേന്ദ്രസംസ്ഥാന ഗവണ്‍മെന്റുകള്‍ക്കും, 150 രൂപ നിരക്കില്‍ കേന്ദ്രഗവണ്‍മെന്റിന് 100 ദശലക്ഷം ഡോസുകള്‍ കേന്ദ്രഗവണ്മെന്റിന് മുന്‍ നിശ്ചയിച്ച പ്രകാരവും എന്നായിരുന്നു അത്. വിതരണക്കാരെന്ന നിലയില്‍ 3000 കോടി ഇതിലേക്ക് കേന്ദ്രഗവണ്‍മെന്റ് നല്‍കി എന്നും അറിയിച്ചു. എന്നാല്‍ ഈ 150 രൂപ നിരക്ക് കമ്പനിയെ സംബന്ധിച്ച് നഷ്ടമാണെന്നും അദ്ദേഹം അന്നു പറഞ്ഞിരുന്നു. മരുന്നിന്റെ 50 ശതമാനം അസ്ട്രാസെനെക്കയ്ക്ക് റോയല്‍റ്റി ഇനത്തില്‍ നല്‍കാനുള്ളതാണ്. ബാക്കി പണം മാത്രമാണ് ഗവേഷണത്തിനും അടിസ്ഥാന സൗകര്യവികസനത്തിനും ഉപയോഗപ്പെടുത്താനാകുകയുള്ളൂ. അമേരിക്കന്‍ കമ്പനികള്‍ 1,500 ന് മുകളിലും ചൈനയുടെയും റഷ്യയുടെയും മരുന്നുകള്‍ 750 നും വില്‍ക്കപ്പെടുമ്പോഴാണ് ഇവിടെ സ്വകാര്യ ആശുപത്രികളില്‍ പോലും 600 രൂപയ്ക്ക് മരുന്ന് എത്തിക്കാമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് പ്രഖ്യാപിക്കുന്നത്.”

ഇപ്പോഴും കേന്ദ്ര സർക്കാരിന് ഇത് വരെ നൽകിയത് കൂടാതെ ഒരു കോടി പാത ലക്ഷം വാക്സിൻ കൂടി 150 രൂപയ്ക്കാണ് നൽകാൻ ധാരണ ആയിട്ടുള്ളത്, സംസ്ഥാനങ്ങൾക്ക് 400 രൂപയ്ക്കും സ്വകാര്യ ആശുപത്രികൾക്ക് 600 രൂപയ്ക്കും. മാസം ആറുകോടി വാക്സിൻ മാത്രമാണ് ഇപ്പോഴും കമ്പനിക്ക് ഉത്പാദിപ്പിക്കാൻ കഴിയുന്നത്. കോവി ഷീൽഡ് വാക്സിന് വേണ്ടി മാത്രം ഉയർത്തുന്ന മാൻ പവാറും അടിസ്ഥാന സൗകര്യങ്ങളും യന്ത്ര സംവിധാനങ്ങളും ഒക്കെ തന്നെ കോവിഷീൽഡ്‌ വാക്സിന് വേണ്ടി മാത്രം ചെയ്യേണ്ടവയാണ്. കാരണം മറ്റൊരു വാക്സിനും മരുന്നും ലോകത്തിനും രാജ്യത്തിനും മുഴുവൻ ആവശ്യമായി വരുന്നില്ല.

അനേകം മനുഷ്യര്‍ വീടും നാടും ഉപേക്ഷിച്ച് പരീക്ഷണശാലയില്‍ കണ്ണില്‍ പെടാത്ത ഒരു രോഗാണുവിനെ രാപകലില്ലാതെ നോക്കിയിരുന്ന്, അതിന്റെ പുറകെ പരീക്ഷണനിരീക്ഷണങ്ങള്‍ നടത്തി അനേകം അലച്ചിലിനൊടുവില്‍ നേടിയെടുക്കുന്ന ഒന്നാണ്. അവരെ പിന്തുണയ്ക്കാന്‍ ഇത്തരം മരുന്നു കമ്പനികള്‍ സാമ്പത്തിക നിക്ഷേപവും നടത്തിയതിന്റെ ഫലമാണ് ഇന്ന് നാം കൈവരിച്ച നേട്ടം. നാം ഇലക്ഷന്‍ ആഘോഷങ്ങളില്‍ മതി മറക്കുമ്പോള്‍ വാക്‌സിന്‍ ഉത്പാദനത്തിലെ സംഘര്‍ഷങ്ങളെ നേരിടുകയായിരുന്നു അവര്‍. അസ്ട്രാ സെനക്കയ്ക്ക് നല്‍കേണ്ടതായ റോയല്‍റ്റി, അസ്ട്രാസെനക്കയ്ക്കും മറ്റു രാജ്യങ്ങള്‍ക്കും നല്‍കേണ്ടതായ മരുന്നിന്റെ പങ്ക്, അതോടൊപ്പം ഇന്ത്യയുടെ ആവശ്യങ്ങള്‍ പൂര്‍ത്തിയാക്കാനാകുമോ എന്ന ആശങ്ക, അതിനനുസരിച്ച് മരുന്നുല്‍പാദിപ്പിക്കാനുള്ള ബയോ റിയാക്ടറുകള്‍ സ്ഥാപിക്കാനുള്ള സാമ്പത്തിക ഉറവിടങ്ങള്‍ കണ്ടെത്താനാകുന്നില്ലെന്ന സ്ഥിതി. അതിനിടയിലാണ് മരുന്നുല്‍പാദനത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ കയറ്റിയയ്ക്കില്ലെന്ന അമേരിക്കന്‍ സര്‍ക്കാരിന്റെ നിലപാട്, അതില്‍ അയവുവരുത്താനുള്ള നയതന്ത്രചര്‍ച്ചകള്‍. മാത്രവുമല്ല, കോടിക്കണക്കിന് മരുന്ന് ഡോസുകള്‍ ബയോറിയാക്ടറുകളില്‍ കള്‍ച്ചര്‍ ചെയ്‌തെടുക്കുമ്പോള്‍ ഓരോ ഡോസിലും വരാന്‍ ഇടയുള്ള വ്യതിയാന സാധ്യതകള്‍. ഓരോ ചെറുകുപ്പിയും വഹിക്കുന്നത് ഓരോ ജീവനെയാണെന്ന തിരിച്ചറിവിൽ ഓരോ വ്യക്തിയിലും എത്തിച്ചേരുന്നത് വരെയും മരുന്നിന്റെ സുരക്ഷിതത്വത്തെ കുറിച്ചുള്ള ആശങ്കകൾ. അച്ചടിമഷി കടലാസുതാളില്‍ പതിപ്പിക്കുന്ന ലാഘവത്തോടെ പതിപ്പിച്ചെടുത്തതായിരുന്നില്ല ഇത്. ഇത്തരം ഒരു മരുന്ന് കമ്പനി ഈ നിര്‍മ്മാണ പ്രക്രിയയും ആന്തരീകസംഘര്‍ഷങ്ങളും വെല്ലുവിളിയായി ഏറ്റെടുത്തില്ലായിരുന്നെങ്കില്‍ ആഗോള മരുന്ന് കമ്പനികള്‍ നമ്മുടെ ജീവന്‍ വച്ച് വിലപേശുമായിരുന്നു. പ്രത്യേകിച്ചും, ഓരോ സെക്കന്റിലും മനുഷ്യജീവന്‍ പൊലിഞ്ഞ് കാറ്റില്‍ മരണം മണക്കുന്ന ഈ കാലത്ത് . കുത്തകമുതലാളി എന്ന ചില ആധുനിക പ്രത്യയശാസ്ത്രഅടിമകളുടെ ദ്വയാര്‍ത്ഥപദങ്ങള്‍ ഇത്തരം മനുഷ്യര്‍ക്കെതിരെ പ്രയോഗിച്ചു വിടുമ്പോള്‍ നമ്മൾ മലയാളികൾ മനുഷ്യജീവനെ പരിഹസിക്കുകയാണ് ചെയ്യുന്നത് എന്ന് ഓർക്കണം.

ഇതിന് മുന്‍പ് ഒരു സമയം വാക്‌സിന്‍ രൂപപ്പെടുമോ എന്ന് ചിന്തിക്കാനാകില്ലായിരുന്നു. അത്തരം ആശങ്കകളിൽ നിന്ന് വാക്‌സിന്‍ കാണാന്‍ കഴിയുന്ന സമയം വരെ നാം എത്തിച്ചേര്‍ന്നു. അതിന് നാം ആരോടാണ് നന്ദി പറയേണ്ടത്. ഇനി ഈ വാക്‌സിന്‍ കൈവശം എത്തിച്ചേരാനുള്ള സമയത്തെ വാക്‌സിന്‍ ക്ഷാമമെന്നൊക്കെ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നതായി കാണുന്നുണ്ട്. ക്ഷാമമെന്നത് ഒരിക്കൽ സുലഭമായിരുന്ന ഒന്ന് പിന്നീട് ദുര്‍ലഭമാകുമ്പോള്‍ നാമനുഭവിക്കുന്ന ബുദ്ധിമുട്ടാണ്. ഒരു കാലത്ത് ചിന്തിക്കാന്‍ പോലുമാകാതിരുന്ന ഒന്ന് നമ്മുടെ കൈവശം എത്തുന്നതിനുള്ള കാത്തിരുപ്പിനെ നാം ക്ഷാമമെന്നാണോ വിശേഷിപ്പിക്കേണ്ടത്? നാടിനൊപ്പവും ജനത്തിനൊപ്പവും മനുഷ്യജീവനൊപ്പവും നില്‍ക്കാന്‍ നമ്മുടെ മാധ്യമസംസ്‌കാരം ഇനിയും വളരേണ്ടിയിരിക്കുന്നു.

മഹാരാഷ്ട്രാ സംസ്ഥാനത്തിലെ അദാര്‍ പൂനവല്ല എന്ന 39 വയസ്സുകാരന്‍ മനുഷ്യന്റെ സ്വപ്നങ്ങള്‍ ഇന്ത്യയുടെ സ്വപ്നങ്ങള്‍ക്കും ജീവനും ചിറക് മുളപ്പിക്കുന്നതു പോലെ സ്വപ്നം കാണാനാണ് നാം നമ്മുടെ ചെറുപ്പക്കാരെ പഠിപ്പിക്കേണ്ടത്. ശാസ്ത്രത്തിന്റെയും ഗവേഷണത്തിന്റെയും പുതിയ സങ്കേതങ്ങള്‍ നമ്മുടെ മണ്ണിലും ഉയിര്‍ത്തെഴുന്നേല്‍ക്കട്ടെ. സമ്പത്ത് കയ്യിലുള്ളവര്‍ ജനസേവനത്തിന് അത് ഉപയോഗിക്കുന്ന മാതൃകകള്‍ നമുക്ക് പഠനവിഷയമാകട്ടെ. ദീര്‍ഘവീക്ഷണമുള്ള സ്ഥാപനങ്ങളും അതിന് അനുയോജ്യമായ നേതാക്കന്മാരുമായി നമ്മുടെ ചെറുപ്പക്കാരും വളരട്ടെ. അങ്ങനെയാണ് നാം ചരിത്രത്തിലെ ദീപസ്തംഭങ്ങളാകുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close