NEWSWORLD

അധികാരക്കൈമാറ്റത്തിന് തൊട്ടു മുമ്പ് ക്യൂബയെ വീണ്ടും കരിമ്പട്ടികയില്‍ ഉള്‍പെടുത്തി അമേരിക്ക

വാഷിങ്ടണ്‍: അധികാരക്കൈമാറ്റത്തിന് തൊട്ടു മുമ്പ് ക്യൂബയെ വീണ്ടും കരിമ്പട്ടികയില്‍ ഉള്‍പെടുത്തി അമേരിക്ക. ഭീകരവാദികള്‍ക്ക് സുരക്ഷിതമായ താവളം ഒരുക്കുന്നതിലൂടെ ആഗോള ഭീകരവാദത്തെ തുടര്‍ച്ചയായി സഹായിച്ചു കൊണ്ടിരിക്കുകയാണ് ക്യൂബയെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു.

ഭരണമൊഴിയാന്‍ ഒരാഴ്ച മാത്രം ബാക്കി നില്‍ക്കേയാണ് ക്യൂബയെ ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന രാജ്യമാക്കി വീണ്ടും പ്രഖ്യാപിക്കുന്ന ട്രംപ് ഭരണകൂടത്തിന്റെ നടപടി എന്നത് ശ്രദ്ധേയമാണ്. തീവ്രവാദത്തിന്റെ സ്പോണ്‍സറാണ് ക്യൂബ എന്നാണ് ട്രംപ് ഭരണകൂടം ആരോപിക്കുന്നത്. സിറിയ, ഇറാന്‍ നോര്‍ത്ത് കൊറിയ എന്നീ രാജ്യങ്ങളുമായി സഹകരിച്ച് ക്യൂബ പ്രവര്‍ത്തിക്കുന്നു എന്ന ആരോപണവും ട്രംപ് ഭരണകൂടം ഉന്നയിക്കുന്നു.

2015ല്‍ ഒബാമ സര്‍ക്കാരിന്റെ കാലത്താണ് ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍നിന്ന് ക്യൂബയെ ഒഴിവാക്കിയത്.ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുമെന്ന ഉറപ്പ് പാലിക്കാത്തതിനാലാണ് ക്യൂബയെ വീണ്ടും എസ്.എസ്.ടി. പട്ടികയില്‍ ഉള്‍പ്പെടുത്തിയതെന്നും പോംപിയോ കൂട്ടിച്ചേര്‍ത്തു. എസ്.എസ്.ടി. പട്ടികയില്‍ ആയതോടെ ക്യൂബയുമായി ചില വ്യാപാര ഇടപാടുകള്‍ നടത്തുന്ന വ്യക്തികള്‍ക്കും രാജ്യങ്ങള്‍ക്കും മേല്‍ പിഴ ചുമത്തുക, അമേരിക്ക നല്‍കുന്ന സഹായങ്ങളില്‍ നിയന്ത്രണം കൊണ്ടുവരിക, പ്രതിരോധ കയറ്റുമതിയും വില്‍പനയും നിരോധിക്കുക തുടങ്ങിയ നടപടികളും അമേരിക്ക കൈക്കൊള്ളും.

രാജ്യത്തെ ജനങ്ങളില്‍ പലരും ദാരിദ്ര്യത്തിലും ഭവനരഹിതരായും അവശ്യമരുന്നുകളുടെ അഭാവത്തിലും ജീവിക്കുമ്പോള്‍, കൊലപാതകികള്‍ക്കും ബോംബ് നിര്‍മാതാക്കള്‍ക്കും മറ്റും ക്യൂബ ഭക്ഷണവും താമസസൗകര്യവും ചികിത്സാസൗകര്യങ്ങളും ഒരുക്കുകയാണെന്നും പോംപിയോ ആരോപിച്ചു.ഹവാനയില്‍ താമസിക്കുന്ന നാഷണല്‍ ലിബറേഷന്‍ ആര്‍മിയുടെ പത്ത് നേതാക്കളെ കൈമാറണമെന്ന കൊളംബിയയുടെ ആവശ്യം ക്യൂബ നിരസിച്ചതായും അമേരിക്ക ചൂണ്ടിക്കാണിച്ചു. അമേരിക്ക വിദേശ ഭീകര സംഘടനകളുടെ ഗണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന കൂട്ടായ്മയാണ് നാഷണല്‍ ലിബറേഷന്‍ ആര്‍മി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close