INSIGHTTop News

അധികാരത്തിൽ എത്തുമെന്ന ആത്മവിശ്വാസത്തോടെ യുഡിഎഫ്; ഭരണമാറ്റം അനിവാര്യമെന്ന് വിധിയെഴുതിയത് ജനങ്ങൾ; സിപിഎം വിരുദ്ധ ജനവിധിക്ക് പിന്നിൽ അ‍ഞ്ച് കാരണങ്ങൾ; എക്സിറ്റ് പോളുകളെ പാടെ തള്ളി നേതാക്കൾ

തിരുവനന്തപുരം: കേരളത്തിൽ ഇടതുപക്ഷത്തിന് തുടർഭരണ സാധ്യതയെന്ന് മാധ്യമങ്ങളെല്ലാം പ്രവചിക്കുമ്പോഴും തങ്ങൾ തന്നെ അധികാരത്തിലെത്തുമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ് കേന്ദ്രങ്ങൾ. തങ്ങളുടെ വിജയത്തിന് തടയിടാൻ എക്സിറ്റ് പോൾ ഫലങ്ങൾക്ക് കഴിയില്ലെന്ന് തന്നെയാണ് യുഡിഎഫ് നേതൃത്വം വ്യക്തമാക്കുന്നത്. ഐക്യജനാധിപത്യ മുന്നണിക്ക് തകർപ്പൻ വിജയം ലഭിക്കുന്നതിന് അഞ്ച് കാരണങ്ങളാണ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. എൻഎസ്എസിന്റെ പിന്തുണ, വോട്ടർ പട്ടികയിലെ ക്രമക്കേട് വെളിച്ചത്ത് കൊണ്ടുവരാൻ കഴിഞ്ഞത്, മുസ്ലീം വിഭാ​ഗത്തിന്റെ പിന്തുണ, രാഹുൽ- പ്രിയങ്ക ഫാക്ടർ, ശബരിമല വിവാദം എന്നിവ തങ്ങൾക്ക് തെരഞ്ഞെടുപ്പിൽ അനുകൂലമായി ഭവിച്ചു എന്നാണ് കോൺ​ഗ്രസ് നേതാക്കൾ വിലയിരുത്തുന്നത്.

എൻഎസ്എസ് പിന്തുണ

വോട്ടെടുപ്പ് തുടങ്ങിയതിന് പിന്നാലെയാണ് എൻഎസ്എസ് സംസ്ഥാന സർക്കാരിനെതിരെ രം​ഗത്ത് വന്നത്. വോട്ടെടുപ്പ് ദിനത്തിൽ സമുദായാ​ഗംങ്ങൾക്ക് ഭരണമാറ്റം ഉണ്ടാകണമെന്ന കൃത്യമായ രാഷ്ട്രീയ നിർദ്ദേശം നൽകുകയായിരുന്നു എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. സംസ്ഥാനത്ത് ഭരണ മാറ്റം ഉണ്ടാകണമെന്ന് സുകുമാരൻ നായർ പറഞ്ഞു. വോട്ട് ചെയ്യാനെത്തിയപ്പോൾ മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സമുദായം ഇതുവരെ മുറുകെ പിടിച്ചിരുന്ന സമദൂര സിദ്ധാന്തത്തിൽ നിന്നും വ്യതിചലിക്കുന്നു എന്ന വ്യക്തമായ സന്ദേശമാണ് സുകുമാരൻ നായർ അന്ന് നൽകിയത്.

മതേതരത്വം സാമൂഹിക നീതി വിശ്വാസം എന്നിവ കാത്ത് സൂക്ഷിക്കുന്നവർക്ക് വോട്ട് ചെയ്യണമെന്നു സുകുമാരൻ നായർ ആവശ്യപ്പെട്ടു. ജനങ്ങൾക്ക് സമാധാനം തരുന്ന സർക്കാർ ഉണ്ടാകണമെന്നാണ് എൻഎസ്എസ് ആഗ്രഹിക്കുന്നതെന്നും ജി സുകുമാരൻ നായർ പറഞ്ഞു. ചങ്ങനാശ്ശേരി മണ്ഡലത്തിലെ വാഴപ്പള്ളി സെന്റ് തെരേസസ് ഹൈസ്കൂളിലാണ് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ വോട്ട് ചെയ്യാൻ എത്തിയത്.

സമദൂരസിദ്ധാന്തമാണ് തുടരുന്നതെങ്കിലും ഈ സർക്കാരിന്റെ തുടക്കം മുതൽ തന്നെ എൻഎസ്എസ് വ്യക്തമായ അകലം പാലിച്ചിരുന്നു. ശബരിമല വിവാദത്തോടെ വിള്ളൽ കൂടുതൽ ശക്തമായി. സർക്കാരിനും ദേവസ്വം ബോർഡിനും എതിരായ നാമജപ ഘോഷയാത്രയുമായി ശബരിമല പ്രക്ഷോഭത്തിന് എൻഎസ്എസ് നേതൃത്വം നൽകുകയായിരുന്നു. എന്നാൽ, ചർച്ചകളിലൂടെ പ്രശ്നങ്ങൾ പറഞ്ഞ് തീർക്കാതെ പ്രകോപനപരമായ പ്രസ്താവനകളുമായി ഇടത് മുന്നണി നേതൃത്വവും സർക്കാരും എൻഎസ്എസിനെ കൂടുതൽ പ്രകോപിപ്പിച്ചു. ഇതോടെയാണ് വോട്ടെടുപ്പ് ദിനത്തിൽ കൃത്യമായ രാഷ്ട്രീയ നിർദ്ദേശം നൽകി സുകുമാരൻ നായർ രം​ഗത്തെത്തിയത്.

1994ൽ സ്വന്തം രാഷ്ട്രീയ പാർട്ടിയായ എൻ ഡി പി പിരിച്ചുവിടാൻ തീരുമാനിച്ച ശേഷമാണ്‌ പ്രശസ്‌തമായ സമദൂര സിദ്ധാന്തം എൻ എസ്‌ എസ്‌ ആവിഷ്‌കരിച്ചത്‌. എല്ലാ പാർട്ടികളോടും തുല്യ അകലം പാലിച്ചുള്ള രാഷ്ട്രീയ നിലപാട് സ്വീകരിക്കുമ്പോഴും എൻഎസ്എസ് പ്രവർത്തകർക്ക് രാഷ്ട്രീയ പ്രവർത്തനം നടത്തുന്നതിനും തടസ്സമുണ്ടായിരുന്നില്ല. എന്നാൽ, ഇക്കുറി, ഇടത് വിരുദ്ധമായി സമുദായം ചിന്തിക്കുകയും വോട്ട് ചെയ്യുകയും വേണമെന്ന സന്ദേശമാണ് സുകുമാരൻ നായർ നൽകുന്നത്.

വോട്ടർ പട്ടികയിലെ ക്രമക്കേട് പൊളിച്ചു

കള്ളവോട്ടുകൾ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ വെളിച്ചത്ത് കൊണ്ടുവന്നതും വോട്ടർ പട്ടികയിലെ ഇരട്ട വോട്ടുകൾ ഒഴിവാക്കാനായതും തങ്ങൾക്ക് ഭരണം പിടിക്കാൻ സഹായിക്കും എന്നാണ് യുഡിഎഫ് നേതൃത്വം ഇപ്പോഴും വിശ്വസിക്കുന്നത്. 4.34 ലക്ഷം ഇരട്ട വോട്ടുകളക്കെുറിച്ചുള്ള പരാതിയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയിരുന്നത്. ഇതിന്റെ വിശദാംശങ്ങൽ കെ പി സിസി പുറത്ത് വിടുകയും ചെയ്തിരുന്നു. തുടർന്ന് വിഷയത്തിൽ ഹൈക്കോടതി ഇടപെടുകയും ഇരട്ട വോട്ടുകൾ പട്ടികയിൽ നിന്നും ഒഴിവാക്കുകയുമായിരുന്നു.

ഇരട്ട വോട്ടുകൾ ഒഴിവാക്കിയത് കൊണ്ട് കള്ളവോട്ടുകൾ തടയാനായി എന്നത് മാത്രമല്ല, സിപിഎം വിജയിക്കാനായി ഏത് ഹീനമാർ​ഗവും സ്വീകരിക്കും എന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്താനായി എന്നും യുഡിഎഫ് നേതൃത്വം വിലയിരുത്തുന്നു.

മുസ്ലീം വിഭാ​ഗത്തിന്റെ പിന്തുണ

മുസ്ലീം ജനവിഭാ​ഗവും പൂർണമായി തങ്ങൾക്കൊപ്പം നിന്നെന്ന് തന്നെയാണ് യുഡിഎഫ് വിലയിരുത്തുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്തേതിന് സമാനമായ ധ്രുവീകരണം നടന്നെന്ന വിശ്വാസത്തിലാണ് യുഡിഎഫ്, മുസ്ലീം ലീ​ഗ്, തങ്ങൾ മത്സരിച്ച 27 സീറ്റുകളിൽ 23 സീറ്റുകളും വിജയിക്കും എന്നാണ് കണക്ക് കൂട്ടുന്നത്. ഇതിൽ കൂടുതൽ ജയിച്ചാലും അത്ഭുതമില്ലെന്നും പാർട്ടി വിലയിരുത്തുന്നു. ഇക്കുറി യുഡിഎഫിന്റെ വിജയത്തിന് നിർണായക സ്വാധിന ശക്തി മുസ്ലീം വിഭാ​ഗവും മുസ്ലീം ലീ​ഗും തന്നെയെന്ന് കോൺ​ഗ്രസും സമ്മതിക്കുന്നു.

രാഹുൽ- പ്രിയങ്ക ഫാക്ടർ

രാഹുൽ ​ഗാന്ധിയും പ്രിയങ്ക ​ഗാന്ധിയും ഇന്നും മലയാളികൾക്ക് ആവേശമാണ് എന്ന് തിരിച്ചറിഞ്ഞാണ് പ്രചാരണത്തിന് കോൺ​ഗ്രസ് നേതൃത്വം ഇരുവരെയും കേരളത്തിലേക്കെത്തിച്ചത്. അത് ഫലം കണ്ടെന്നാണ് യുഡിഎഫ് നേതൃത്വം വിവലയിരുത്തുന്നത്. രാഹുൽ ​ഗാന്ധി എത്തിയതോടെ തീര​ദേശ മേഖലയിൽ പൂർണമായും ആധിപത്യം പുലർത്താൻ കഴിയുമെന്ന വിശ്വാസത്തിലാണ് കോൺ​ഗ്രസ്. കൊല്ലം മണ്ഡലത്തിലെ വിജയം പോലും രാഹുൽ പ്രഭാവത്തിലാകുമെന്നാണ് കോൺ​ഗ്രസ് വിലയിരുത്തുന്നത്.

ശബരിമല വിവാദം

ശബരിമല യുവതീ പ്രവേശന വിവാദത്തിൽ ഹിന്ദുക്കളിലെ വലിയൊരു വിഭാ​ഗം സിപിഎമ്മിനും സംസ്ഥാന സർക്കാരിനും എതിരായിരുന്നു. ഇതിൽ ഏറി. പങ്കും ഭരണമാറ്റം ആ​ഗ്രഹിക്കുന്നുമുണ്ട്. അവർ സ്വാഭാവികമായും യുഡിഎഫിന് വോട്ട് ചെയ്തു എന്ന് തന്നെയാണ് കോൺ​ഗ്രസ് കരുതുന്നത്. ബിജെപിയോട് അനുഭാവമുള്ളവർ പോലും ശബരിമല വിവാദത്തിന്റെ പേരിൽ യുഡിഎഫിന് വോട്ട് ചെയ്തു എന്നാണ് യുഡിഎഫ് നേതൃത്വം വിലയിരുത്തുന്നത്. ബിജെപിക്ക് വോട്ട് ചെയ്യുക വഴി സിപിഎമ്മിന് ജയിക്കാൻ അവസരമൊരുങ്ങും എന്ന തിരിച്ചറിവാണ് അത്തരം ഒരു അടിയൊഴുക്കിന് കാരണമായി നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്.

ആത്മവിശ്വാസം പ്രകടിപ്പിച്ച് ചെന്നിത്തല

എക്‌സിറ്റ് പോൾ ഫലങ്ങളിൽ വിശ്വാസമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് വ്യക്തമാക്കി. കേരളത്തിൽ എൽഡിഎഫ് തുടർഭരണം നേടുമെന്ന എക്‌സിറ്റ് പോൾ ഫലങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എക്‌സിറ്റ് പോളുകൾ ജനവികാരത്തിന്റെ യഥാർഥ പ്രതിഫലനമല്ല. കേരളത്തിൽ ജനങ്ങൾ യുഡിഎഫിന് അനുകൂലമായി വിധിയെഴുത്ത് നടത്തിയിട്ടുണ്ട്. യുഡിഎഫ് വമ്പിച്ച വിജയം നേടുമെന്ന് ആത്മവിശ്വാസമുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

മെഷീനിലിരിക്കുന്ന വോട്ട് തങ്ങൾക്കാണെന്ന മുഖ്യമന്ത്രിയുടെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന ആളുകളെ കബളിപ്പിക്കുന്നതാണ്. തിരഞ്ഞെടുപ്പ് കാലത്ത് മുമ്പും യുഡിഎഫിന് എതിരായി എക്‌സിറ്റ് പോൾ ഫലങ്ങൾ വന്നിട്ടുണ്ട്. അന്തിമ ഫലം വന്നപ്പോൾ ഇതെല്ലാം തെറ്റാണെന്ന് തെളിഞ്ഞു. അഴിമതിയും കൊള്ളയും നിറഞ്ഞ പിണറായി ഭരണം ജനങ്ങൾ തൂത്തെറിയുമെന്നും ചെന്നിത്തല പറഞ്ഞു.മുഖ്യമന്ത്രിക്ക് പരാജിതന്റെ കപട ആത്മവിശ്വാസമാണ്. മുഖ്യമന്ത്രിയുടെ അവകാശവാദങ്ങൾ അണയാൻ പോകുന്ന ദീപത്തിന്റെ ആളിക്കത്തൽ മാത്രമാണെന്നും ചെന്നിത്തല പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close