KERALANEWSTop News

അധികാരമേറ്റ് രണ്ട് മാസത്തിനകം തുടങ്ങിയത് ബന്ധുവിനെ അനധികൃതമായി നിയമിക്കാനുള്ള നീക്കം; അധികാരം അവസാനിക്കാൻ രണ്ട് ആഴ്ച്ച മാത്ര ബാക്കി നിൽക്കെ പടിയിറങ്ങുന്നത് നാണം കെട്ടും; മന്ത്രി കെ ടി ജലീൽ രാജിവെച്ചതോടെ ഇടത് മുന്നണി കൂടുതൽ പ്രതിരോധത്തിലാകും

തിരുവനന്തപുരം: കേന്ദ്ര ഏജൻസികൾക്ക് മുന്നിൽ പോലും പിടിച്ചു നിന്ന കെ ടി ജലീലിന് ബന്ധുനിയമന വിവാദത്തിൽ കാലിടറി. അധികാരം അവസാനിക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ രാജിവെക്കേണ്ടി വന്നു എന്ന മാനക്കേടോടെയാണ് ജലീൽ മന്ത്രിക്കുപ്പായം ഊരുന്നത്. ലോകായുക്ത വിധിയുടെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ രാജി. സിപിഎമ്മിനുള്ളിൽ ജലീലിനെ ആവശ്യമില്ലാതെ സംരക്ഷിക്കുന്നു എന്ന എതിർ സ്വരങ്ങൾ ഉയർന്നതോടെ പാർട്ടിയും ജലീലിനെ കൈവിടുകയായിരുന്നു.

ബന്ധുനിയമനത്തിൽ മന്ത്രി സ്വജനപക്ഷപാതം കാട്ടിയെന്നും സത്യ പ്രതിജ്ഞാ ലംഘനം നടത്തിയെന്നും അതിനാൽ ജലീലിനെ മന്ത്രിസ്ഥാനത്ത് നിന്നും നീക്കുന്നതിന് മുഖ്യമന്ത്രി നടപടിയെടുക്കണമെന്നുമായിരുന്നു ലോകായുക്തയുടെ നിർദ്ദേശം. മന്ത്രിയുടെ ബന്ധുവായ കെ.ടി അദീപിനെ ന്യൂനപക്ഷ ധനകാര്യ വികസന കോർപറേഷനിൽ ജനറൽ മാനേജരായി നിയമിക്കുന്നതിന് വിദ്യാഭ്യാസ യോഗ്യത മാ‌റ്റാൻ മന്ത്രി ഉത്തരവിട്ടു. അദീപിന് ശരിയായ യോഗ്യതയില്ലാത്തതിനാലാണ് യോഗ്യത മന്ത്രി ഇടപെട്ട് മാ‌റ്റി നിശ്ചയിച്ചത്. തുടർന്ന് മന്ത്രിയുടെ മണ്ഡലത്തിൽ നിന്നുതന്നെയുള‌ള മുഹമ്മദ് ഷാഫി ലോകായുക്തയെ സമീപിച്ചു. ഈ പരാതിയിലായിരുന്നു ലോകായുക്ത നടപടി.

2016ല്‍ മന്ത്രിയായി ജലീല്‍ അധികാരമേറ്റ് രണ്ടുമാസത്തിനകം തന്നെ കെ.ടി അദീബിനെ നിയമിക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചിരുന്നുവെന്നാണ് ഉത്തരവിലൂടെ ലോകായുക്തയുടെ വ്യക്തമാകുന്നത്. 2018 ഒക്ടോബറില്‍ അദീബിനെ നിയമിക്കുന്നതു വരെയുള്ള മുഴുവന്‍ നടപടിക്രമങ്ങളും അതിലെ ചട്ടലംഘനങ്ങളും എടുത്തപറഞ്ഞാണ് ഉത്തരവ്. ഇതില്‍ സത്യപ്രതിജ്ഞ ലംഘനം അടക്കമുള്ള എല്ലാ കാര്യങ്ങളും വ്യക്തമാണെന്നും ലോകായുക്ത പറയുന്നു.

നിയമന അധികാരിയായ ന്യൂനപക്ഷ ധനകാര്യ വികസന കേര്‍പ്പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് അറിയാതെയാണ് അദീബിന്റെ അപേക്ഷ പോലും രണ്ടാമത് വരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നേരിട്ട് നിയമന ഉത്തരവിറക്കുകയായിരുന്നു. ഇത് നിലവിലുള്ള ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. സ്വകാര്യ ബാങ്ക് ഉദ്യോഗസ്ഥനെ ഡെപ്യൂട്ടേഷനില്‍ നിയമിക്കാനാകില്ലെന്ന വകുപ്പ് സെക്രട്ടറിയുടെ നിര്‍ദേശം ജലീല്‍ തള്ളിയെന്നും ഉത്തരവില്‍ കണ്ടെത്തി.

തനിക്കെതിരായ പരാതികള്‍ ഹൈക്കോടതി പരിശോധിച്ച് നിരാകരിച്ചതാണെന്ന് കെടി ജലീലിന്റെ വാദം തള്ളുന്ന കാര്യങ്ങളും ഉത്തരവിലുണ്ട്. പികെ ഫിറോസാണ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ ഇവിടെ മറ്റൊരു പരാതിക്കാരനാണുള്ളത്. ഫിറോസിന്റെ ഹര്‍ജിയില്‍ തന്നെ കോടതി അതിന്റെ മെരിറ്റിലേക്ക് പോയി തീരുമാനം എടുത്തിട്ടില്ല. പരാതി ഹര്‍ജിക്കാരന്‍ തന്നെ പിന്‍വലിച്ചതിനാല്‍ മറ്റുനടപടികളെ നിര്‍ദേശങ്ങളോ കോടതിയുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്നും ലോകായുക്ത വ്യക്തമാക്കിയിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close