INSIGHTWORLD

അധികാരസംരക്ഷണത്തിന് പ്രസിഡന്റ് യുദ്ധത്തിനൊരുങ്ങുമ്പോള്‍


മലയാളത്തിന്റെ ഇതിഹാസകാരന്‍ പറഞ്ഞപോലെ ഭരണകൂടങ്ങള്‍ ചോദ്യംചെയ്യപ്പെടുമ്പോള്‍ അതിര്‍ത്തികള്‍ അസ്വസ്ഥമാകുന്നത് ചരിത്രത്തിന് ഒരു പുതുമയല്ല. അങ്ങനെ തന്നെയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണ്‍ള്‍ഡ് ട്രംപിന്റെ ചെയ്തികളെയും ലോകം ഇന്ന് നോക്കികാണുന്നത്.
ലോകം ഒന്നാകെ അമേരിക്കയിലേക്കും ഇറാനിലേക്കും ഉറ്റു നോക്കികൊണ്ടിരിക്കുകയാണ്. കാസെം സുലൈമാനിയുടെ വധത്തിന് എങ്ങനെയാണ് ഇറാന്‍ പ്രതികരിക്കുക എന്ന ആശങ്കയിലാണ് ലോകം. ചരിത്രത്തില്‍ ആദ്യമായി ക്യോം ജാരകന്‍ മോസ്‌കില്‍ ചെങ്കൊടി ഉയര്‍ത്തി ഇറാന്‍ തങ്ങള്‍ യുദ്ധത്തിന് സജ്ജരാണെന്ന് അറിയിച്ചു കഴിഞ്ഞു.

വീണ്ടും ഒരു ഗള്‍ഫ് യുദ്ധത്തിലേക്കാണോ കാര്യങ്ങളുടെ പോക്ക് എന്ന ആശങ്കയും അഭ്യൂഹവും ലോകജനതയ്ക്കിടയില്‍ വ്യാപിക്കുന്നുണ്ട്.വളരെ അപ്രതീക്ഷിതമായാണ് അമേരിക്കയുടെ നീക്കം. സുലൈമാനിയുടെ വധത്തിന്റെ പ്രത്യാഘാതം ചെറുതായിരിക്കില്ല എന്ന് അമേരിക്കയ്‌ക്കോ ട്രംപിനോ അറിയാതെയല്ല. സുലൈമാിയുടെ വധത്തിനുശേഷവും വീണ്ടും അക്രമണത്തിന് അമേരിക്ക മുതിര്‍ന്നതതോടെ ട്രംപിനെതിരെ ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്നായി പതിഷേധം ശക്തമാക്കിയിരിക്കുകയാണ്.അമേരിക്കയില്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന് ഒരു മുഴം മുമ്പേ എറിഞ്ഞതാണ് ട്രംപ് എന്ന ആരോപണം ശക്തമാണ്.

ലോകത്തെ ഏറ്റവും വലിയ സൈനിക ശക്തിയാണ് അമേരിക്ക. ഇരുപത്താം നൂറ്റാണ്ടിലെ എറ്റവും ദൈര്‍ഘ്യമേറിയ യുദ്ധത്തില്‍ ലാഭം കൊയ്ത്തത് അമേരിക്കമാത്രമായിരുന്നെന്ന് ആര്‍ക്കും അറിയാത്തതല്ല.യുദ്ധത്തിന്റെ തുടക്കം മുതല്‍ ഇറാഖിന് കോടികളുടെ ആയുദ്ധം വിറ്റ അമേരിക്ക യുദ്ധം തുടങ്ങി മൂന്ന വര്‍ഷത്തിനുള്ളില്‍ ഇറാനും ആയുധങ്ങള്‍ നല്‍കി തുടങ്ങി.അങ്ങനെ ഒരു ആയുദ്ധകച്ചവടത്തിന് വീണ്ടും എളുപത്തില്‍ ഇനി ട്രംപിന് അവസരമൊരുക്കാം. തിരഞ്ഞെടുപ്പിന് ചിലവഴിക്കേണ്ട കോടികള്‍ കണ്ടെത്താനുള്ള വഴിയാണ് ഇതെന്ന വാദത്തെയും തള്ളി കളയാന്‍ സാധിക്കില്ല.

അമേരിക്കന്‍ ജനപ്രതിനിധി സഭ ട്രംപിനെതിരെയുള്ള ഇംപീച്ച് മെന്റ് പ്രമേയം പാസാക്കിയിരുന്നു.സെനറ്റില്‍ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തുടങ്ങാന്‍ ഇരിക്കെ തന്നെ സുലെമാനിയെ വധിച്ചതും രാജ്യത്തിന്റെ ശ്രദ്ധതിരിച്ചുവിടാനാണെന്ന ആരോപണവുമുണ്ട്.വരുന്ന തിരഞ്ഞെടുപ്പില്‍ ട്രംപിനെതിരെ മത്സരിക്കാന്‍ സാധ്യതയുള്ള ഡെമോക്രാറ്റ് നേതാവ് ജോ ബൈഡനെതിരെ കേസന്വേഷണത്തിനായി യുക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കിയുടെ മേല്‍ സമ്മര്‍ദം ചെലുത്താനായി പ്രതിരോധ ധനസഹായം തടഞ്ഞുവച്ചതിന്റെ നിര്‍ണായക ഇമെയില്‍ തെളിവുകള്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഈ യുക്രെയ്ന്‍ ഗൂഢാലോചനയുടെ പേരിലാണ് യുഎസ് ജനപ്രതിനിധി സഭ ട്രംപിനെ ഇംപീച്ച് ചെയ്തത്. ധനസഹായം തല്‍കാലം പിടിച്ചുവച്ചു യുക്രെയ്‌നുമായി വിലപേശാനായി ട്രംപ് തന്നെ നേരിട്ടു നിര്‍ദേശം നല്‍കിയെന്നും അതിന്റെ നിയമസാധുതയില്‍ പ്രതിരോധ വകുപ്പു പോലും അസംതൃപ്തി പ്രകടിപ്പിച്ചിരുന്നെന്നുമാണ് പുതിയ സൂചനകള്‍ ലഭിച്ചത്. ഇതിന്റെയെല്ലാം പശ്ചാതലത്തിലാണ് മുന്‍ അറിയിപ്പുകള്‍ ഇല്ലാതെ ഇറാനില്‍ ആക്രമണം നടത്തി കാസെം സുലൈമാനെ വധിച്ചത്.അതിനുശേഷം വധത്തിനെ ന്യായീകരിച്ച് ട്രംപ് തന്നെ നേരിട്ട് രംഗത്തെത്തിയിരുന്നു.ഡല്‍ഹി മുതല്‍ ലണ്ടന്‍ വരെ ആക്രമണം നടത്താന്‍ സുലൈമാനി പദ്ധതിയിട്ടിരുന്നു എന്നാണ് ട്രംപ് ആരോപിക്കുന്നത്.

ലോകത്തെ പലയിടത്തെയും അക്രമണങ്ങളില്‍ നിന്നും സംരക്ഷിക്കുകയായിരുന്നു സുലൈമാനിയുടെ കൊലപാതകത്തിലൂടെ എന്നാണ് ട്രംപ് അവകാശപ്പെടുന്നത്. ഒപ്പം അമേരിക്കയെ തൊട്ടാല്‍ അനന്തരഫലം വലുതായിരിക്കും എന്നിങ്ങനെ ദേശസ്‌നേഹത്തിന്റെ ജല്‍പ്പനങ്ങളും പുറത്തിറക്കാന്‍ മറക്കുന്നില്ല അമേരിക്കന്‍ പ്രസിഡന്റ്. തന്റെ നേര്‍ക്ക് നീളുന്ന എല്ലാ ആരോപണങ്ങളെയും അമേരിക്കയ്ക്കു മേല്‍ വീഴുന്ന സുരക്ഷാ ഭീഷണിയില്‍ കഴുക്കികളായം എന്ന വ്യാമോഹത്തിലാണ് ട്രംപ് എന്നു ആരോപണങ്ങള്‍ ഉയരുന്നു.
ഈ ആരോപണങ്ങളുടെ എല്ലാം സാധ്യത തുറന്നിട്ടത് ട്രംപ് തന്നെയാണ് എന്നതാണ് കാലത്തിന്റെ തമാശ.2011 ല്‍ ബറാക്ക് ഒബാമയ്‌ക്കെതിരെ ട്രംപ് ഉന്നയിച്ച ആരോപണങ്ങളാണ് ഇപ്പോള്‍ അദ്ദേഹത്തിനു തന്നെ തിരിച്ചടിയായിരിക്കുന്നത്.നയതന്ത്ര കാര്യത്തില്‍ പിന്നോട്ടുളള ഒബാമ’ തന്ത്രത്തില്‍ വീണ്ടും പ്രസിഡന്റാകാന്‍ ഇറാന്‍ ആക്രമണത്തിനു പോലും മുതിര്‍ന്നേക്കുമെന്നാണ് ട്രംപ് പിന്നീടും പലവട്ടം പറഞ്ഞത്. ഈ വര്‍ഷം നവംബറില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പു നടക്കാനിരിക്കെ, ഇറാന്‍ സൈനിക ജനറലിനെ വധിച്ച് ശരിക്കുമുള്ള ‘യുദ്ധം’ ട്രംപ് തന്നെ തുടങ്ങി വച്ചിരിക്കുകയാണിപ്പോള്‍. എല്ലാം രാജ്യത്തിന്റെ യശ്ശസ് സംരക്ഷിക്കാന്‍ വേണ്ടിയാണെന്ന ഫാസിസ്റ്റ് നേതാവിന്റെ സ്ഥിരം അടവും പയറ്റാന്‍ മറക്കുന്നില്ല ട്രംപ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close