
കോഴിക്കോട്:വിദ്യാര്‍ഥികളില്‍ നിന്ന് കോടികള്‍ തട്ടിയെടുത്ത പ്രതിക്ക് സഹായം ചെയ്തെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് ആര്യാടന് ഷൗക്കത്തിനെതിരെ വീണ്ടും പരാതി. ഷൗക്കത്ത് പഞ്ചായത്ത് പ്രസിഡന്റും നഗരസഭാ ചെയര്‍മാനും ആയിരുന്ന കാലത്ത് കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കള്‍ അനധികൃതമായി സമ്പാദിച്ചുവെന്ന് കാട്ടി പൊതുപ്രവര്‍ത്തകനും ജനതാദള്‍ എസ് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റുമായ നിലമ്പൂര്‍ മണലൊടി സ്വദേശി ഇസ്മയില്‍ എരഞ്ഞിക്കലാണ് എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റിന് പരാതി നല്‍കിയിരിക്കുന്നത്.
2005 മുതല്‍ 2015 വരെ കാലയളവില്‍ നിലമ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റും നഗരസഭാ ചെയര്‍മാനുമായും പ്രവര്‍ത്തിച്ചിട്ടുണ്ട് ആര്യാടന് ഷൗക്കത്ത്. ഈ കാലയളവിലാണ് തന്റെയും പിതാവിന്റെയും രാഷ്ട്രീയ അധികാരങ്ങള്‍ ഉപയോഗപ്പെടുത്തി ഭാര്യ മുംതാസ് ബീഗത്തിന്റെയും മറ്റു ബിനാമികളുടെയും പേരില്‍ സ്വത്ത് സമ്പാദിച്ചു കൂട്ടിയത്. കള്ളപ്പണത്തിനെതിരായ നടപടികള്‍ ഉണ്ടാവുകയും ചോദ്യം ചെയ്യപ്പെടുകയും ചെയ്തതിന് ശേഷം ധൃതി പിടിച്ച് സ്വത്തുക്കള്‍ വിറ്റുകൊണ്ടിരിക്കുകയാണ് ആര്യാടന് ഷൗക്കത്തെന്ന് ഇസ്മയില്‍ എരഞ്ഞിക്കല്‍ ജനയുഗത്തോട് പറഞ്ഞു.
നിലമ്പൂര്‍ ടൗണില്‍ കോണ്‍ഗ്രസ് ഓഫീസിന് എതിര്‍വശത്തുള്ള 28 സെന്റ് സ്ഥലമടങ്ങുന്ന കെട്ടിടത്തിന്റെ കൈമാറ്റം നടന്നത് അടുത്തിടെയാണ്. പന്ത്രണ്ടര കോടി രൂപയ്ക്കാണ് ഈ സ്ഥലം കൈമാറ്റം ചെയ്തത്. നിലമ്പൂര്‍ സ്വദേശിയായ ഒരാളാണ് സ്ഥലം വാങ്ങിയത്. ഈ സ്ഥലത്ത് കെട്ടിടം ഉണ്ടാക്കിയത് തന്നെ ബാങ്കിന്റെ പണം തട്ടിയിട്ടാണെന്നും പരാതി ഉയര്‍ന്നിരുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് ഇന്‍കംടാക്സ് ഡിപ്പാര്‍ട്ട്മെന്റിന് പരാതി നല്‍കിയിട്ടുണ്ട്. ഈ പരാതിയും രേഖകളും എന്‍ഫോഴ്സ്മെന്റിനും സമര്‍പ്പിച്ചിട്ടുണ്ടെന്ന് ഇസ്മയില്‍ വ്യക്തമാക്കി.