Breaking NewsKERALANEWSTop News

അനധികൃത സ്വത്ത് സമ്പാദന കേസിൽ കെ എം ഷാജിയെ വിജിലൻസ് ചോദ്യം ചെയ്യുന്നു; മുസ്ലീം ലീ​ഗ് നേതാവ് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ഓഫീസില്‍ എത്തിയത് രാവിലെ പത്ത് മണിയോടെ

കോഴിക്കോട്: മുസ്ലീം ലീ​ഗ് നേതാവ് കെ എം ഷാജിയെ അനധികൃത സ്വത്ത് സമ്പാദന കേസിൽ വിജിലൻസ് ചോദ്യം ചെയ്യുന്നു. വിജിലൻസ് ഓഫീസിൽ വിളിച്ച് വരുത്തിയാണ് കെ എം ഷാജിയെ ചോദ്യം ചെയ്യുന്നത്. രാവിലെ പത്ത് മണിയോടെയാണ് തൊണ്ടയാടുള്ള വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ഓഫീസില്‍ ഷാജി ഹാജരായത്. കഴിഞ്ഞ ദിവസമാണ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് വിജിലൻസ് കത്ത് നൽകിയത്.

എം.എല്‍.എ.യുടെ അഴീക്കോട്ടെ വീട്ടില്‍നിന്ന് 47,35,500 രൂപ പിടിച്ചെടുത്തത് സംബന്ധിച്ച റിപ്പോര്‍ട്ട് കോഴിക്കോട് വിജിലന്‍സ് പ്രത്യേക കോടതിയില്‍ അന്വേഷണസംഘം സമര്‍പ്പിച്ചു. തുടര്‍ന്നാണ് ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ടത്. അനധികൃത സമ്പാദ്യമാണെന്ന് പറയാന്‍ മാത്രമുള്ള അളവില്ലാത്തതിനാല്‍ പിടിച്ചെടുത്ത 500 ഗ്രാം സ്വര്‍ണവും വിദേശകറന്‍സികളും ഷാജിക്ക് തിരികെ നല്‍കിയിരുന്നു. ഭൂമിയിടപാടും സാമ്പത്തിക ഇടപാടും സംബന്ധിച്ച് വിജിലന്‍സ് പിടിച്ചെടുത്ത 77 രേഖകള്‍ അടുത്ത ദിവസം തന്നെ കോടതിയില്‍ സമര്‍പ്പിക്കും.

ഷാജി 1.47 കോടിയുടെ അനധികൃത സ്വത്തുസമ്പാദിച്ചതായി വിജിലന്‍സ് കോടതി കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെയാണ് കോഴിക്കോട് മാലൂര്‍ക്കുന്നിലെയും കണ്ണൂര്‍ അഴീക്കോട്ടെയും വീടുകളില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയത്. പിടിച്ചെടുത്ത പണത്തിന് രേഖകള്‍ ഉണ്ടെന്നാണ് ഷാജി അവകാശപ്പെടുന്നത്. 2011 മുതല്‍ 2020 വരെയുള്ള ഇടപാടുകളും വിദേശയാത്രകളും വിജിലന്‍സ് പരിശോധിക്കുന്നുണ്ട്.

വിജിലന്‍സിന്റെ ചോദ്യം ചെയ്യലുമായി സഹകരിക്കുമെന്ന് കെഎം ഷാജി നേരത്തേ വ്യക്തമാക്കിയിരുന്നു. തന്റെ വീട്ടില്‍ നടന്ന റെയ്ഡ് സംബന്ധിച്ച് ചില മാധ്യമങ്ങള്‍ വ്യാജ വാര്‍ത്തകള്‍ കൊടുക്കുന്നുണ്ട്. അതിനെതിരെ നിയമപരമായി നീങ്ങും. അതിനാലാണ് പരസ്യ പ്രതികരണം നടത്താത്തതെന്നും ഷാജി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചിരുന്നു.

അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് കെഎം ഷാജിയുടെ കോഴിക്കോട്ടെ വീട്ടില്‍ നടത്തിയ വിജിലന്‍സ് പരിശോധനയില്‍ നിന്നും 39,000 രൂപയും കണ്ണൂരിലെ വീട്ടില്‍ നിന്നും 491 ഗ്രാം സ്വര്‍ണം, വിദേശയാത്ര നടത്തിയതിന്റെ 28 പാസ്പോര്‍ട്ട് രേഖകള്‍ തുടങ്ങിയവയും 50 ലക്ഷം രൂപയുമാണ് വിജിലന്‍സ് സംഘം പിടിച്ചെടുത്തത്്. പണം തെരഞ്ഞെടുപ്പ് ഫണ്ടിന്റെ ഭാഗമായുള്ളതെന്നാണ്, റെയ്ഡ് സമയത്ത് ഷാജി പറഞ്ഞത്.

കെഎം ഷാജിയുടെ വീട്ടില്‍ നിന്നും പണം കണ്ടെത്തിയത് കട്ടിലിനടിയിലെ രഹസ്യ അറയില്‍ നിന്നെന്നായിരുന്നു വിജിലന്‍സ് കോടതിയില്‍ പറഞ്ഞത്. നോട്ടുകെട്ടുകളില്‍ പലതും മാറാല പിടിച്ച നിലയിലായിരുന്നെന്നും പണം കുറച്ചു കാലം മുന്‍പ് തന്നെ സൂക്ഷിച്ചതാണെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചു.

പിടിച്ചെടുത്ത പണം ട്രഷറിയില്‍ നിക്ഷേപിക്കും. കേസില്‍ ഹാജരാക്കുന്ന രേഖകള്‍ തിരികെ കിട്ടാനും നടപടിക്രമങ്ങളുടെ ഭാഗമായി അന്വേഷണ ഉദ്യോഗസ്ഥന്‍ നാളെ ഹര്‍ജി നല്‍കും. ഇത് ലഭിച്ചതിന് ശേഷം ചോദ്യം ചെയ്യുന്നതിനുള്ള നോട്ടീസ് ഷാജിക്ക് നല്‍കാനാണ് വിജിലന്‍സ് തീരുമാനം. അടുത്ത 23ന് കെഎം ഷാജിയുടെ അനധികൃത സ്വത്തു സമ്പാദന കേസ് കോടതി പരിഗണിക്കാനിരിക്കെയാണ് ഷാജിയെ വിളിച്ച് വരുത്തി ചോദ്യം ചെയ്യാനുള്ള വിജിലന്‍സ് നീക്കം നടക്കുന്നത്.

2011 -2020 കാലഘട്ടത്തില്‍ ഷാജിയുടെ സ്വത്തില്‍ 166 ശതമാനം വര്‍ദ്ധനവുണ്ടായെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. തെരഞ്ഞെടുപ്പ് കമ്മീഷന് ഷാജി നല്‍കിയ സത്യവാങ്മൂലത്തിലെ കണക്കുമായുള്ള അന്തരമാകും വിജിലന്‍സ് പ്രധാനമായും ഷാജിയില്‍ നിന്നും തേടുക. എന്നാല്‍ പിടിച്ചെടുത്ത പണം ബന്ധുവിന്റെതാണെന്നും രേഖകളുണ്ടെന്നുമുള്ള നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ഷാജി. മുസ്ലീംലീഗിന്റെ പിന്തുണയും ഷാജിക്ക് ഉണ്ട്. ഇടത് അനുഭാവിയായ അഭിഭാഷനാണ് ഷാജിയുടെ സ്വത്ത് സമ്പാദനത്തെക്കുറിച്ച് പരാതി നല്‍കിയത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close