Breaking NewsINSIGHTKERALATop News

അനന്തപുരിയുടെ അന്തകനാവുന്ന വിഴിഞ്ഞം;തുറമുഖത്തിനൊപ്പമുയരുന്ന ഓഖിത്തിരമാലകള്‍

കെ.വി.രവിശങ്കര്‍
പത്രാധിപര്‍, ഫോട്ടോഗ്രാഫര്‍, ടൂറിസം/പരിസ്ഥിതി വിദഗ്ധന്‍

വിഴിഞ്ഞം പദ്ധതി അദാനി ഗ്രൂപ്പ്‌ 2014 ൽ തന്നെ ഏറ്റെടുത്തു കഴിഞ്ഞു. ആയിരം ദിവസത്തിനുളിൽ പദ്ധതി പൂർത്തിയാക്കി ഒന്നാം ഘട്ടം പ്രവർത്തനം തുടങ്ങും എന്ന് പ്രഖ്യാപിച്ചാണ് കടൽ തുരക്കലും, ബ്രേക്ക് വാട്ടർ നിർമ്മാണ പ്രവർത്തനങ്ങളും അദാനിയുടെ ഉടമസ്ഥയിലുള്ള അദാനി വിഴിഞ്ഞം പോർട്ട് കമ്പനി തുടങ്ങിയത്.
പദ്ധതിയുടെ ഏറ്റവും കാതലായ നിർമ്മാണ പ്രവർത്തനം 20 മീറ്റർ ആഴത്തിൽ, ഒരു കിലോമീറ്റർ വീതിയിൽ, നാല് കിലോമീറ്റർ നീളത്തിൽ കടൽ നികത്തി എടുക്കുന്ന, വലിയ ബ്രേക്‌വാട്ടർ സമുച്ചയമാണ്. കപ്പൽ ചാലും, കപ്പലുകൾക്ക് ഏത് കാലാവസ്ഥയിലും നങ്കൂരമിടാനും, ചരക്കുകൾ ബുദ്ധിമുട്ട് കൂടാതെ കയറ്റാനും, ഇറക്കാനും ഉള്ള സംവിധാനമാണ് ഇതിലൂടെ ഒരുക്കുന്നത്. എന്നാൽ 1000 ദിവസം കഴിഞ്ഞിട്ടും മൊത്തം നിർമ്മിക്കേണ്ട ബ്രേക്ക് വാട്ടർ ഭിത്തിയുടെ 20 % പോലും പൂർത്തിയാക്കാനായില്ല. അതിനു ഏറ്റവും തടസ്സം നിൽക്കുന്നത് വിഴിഞ്ഞം തീരത്തെ കടലിന്റെ സ്വഭാവവും വലിയ തിരകളും ആണ്. ആദ്യ ഘട്ടത്തിൽ രണ്ട് വർഷമെടുത്തു അദാനി പണിത 500 മീറ്റർ നീളമുള്ള പ്രധാന ഭിത്തിയുടെ 200 മീറ്റർ മുഴുവൻ 2017 നവംബറിൽ ഓഖി ആഞ്ഞടിച്ചപ്പോൾ കടൽ കൊണ്ട് പോയി. അതിനു ശേഷം കുറച്ചു ദിവസം നിർമ്മാണ പ്രവർത്തികൾ നിർത്തി വെച്ചാണ് വീണ്ടും പണി തുടർന്ന് 300 മീറ്ററിൽ നിന്നും 700 മീറ്റർ എത്തിച്ചത്. അതിന് 2019 അവസാനം വരെ പണിയെടുക്കേണ്ടി വന്നു. അതിൽ 250 – 300 മീറ്റർ ദൂരത്തിലുള്ള കൂറ്റൻ നിർമ്മാണ പ്രവർത്തികൾ മുഴുവൻ, ബ്രേക്ക് വാട്ടർ നിർമിക്കാനായി കടലിന്റെ അടിത്തട്ട് തുരന്നപ്പോൾ ഉണ്ടായ കടലിന്റെ സ്വഭാവത്തിലെ മാറ്റം കാരണം അറബി കടൽ കൊണ്ട് പോയി. അതായത് മൂന്ന് കിലോമീറ്റർ നീളത്തിൽ പണിയേണ്ട മെയിൻ ഭിത്തിയുടെ പണി കാൽ ഭാഗം പോലും പണി തീരാത്തത് കരിങ്കൽ ക്ഷാമം മൂലം മാത്രമല്ല. കടലിന്റെ സ്വഭാവം അറിയാതെ ഒരു വൻകിട പദ്ധതിയുടെ നിർമ്മാണം ആസൂത്രണം ചെയ്തതിലെ പോരായ്മയാണ് വെളിവാക്കുന്നത്. അതിന്റെ കൂടെയാണ് ഇപ്പോൾ പശ്ചിമഘട്ടം മുഴുവൻ തുരക്കാൻ അനുവദിച്ചിട്ടും കരിങ്കൽ കിട്ടാത്ത അവസ്ഥ.
ഇന്നത്തെ അവസ്ഥയിൽ എത്രയൊക്കെ അദാനിയും കേരള സർക്കാരും ശ്രമിച്ചാലും വിഴിഞ്ഞം പോർട്ട്‌ പദ്ധതി നിർമ്മാണം പൂർത്തിയാകാൻ പോകുന്നില്ല. കാരണം നിരവധിയാണ്.

അതിൽ ഏറെ പ്രധാനം വിഴിഞ്ഞം തീരത്തിന്റെ ഭൂമിശാസ്ത്രപരമായ കിടപ്പാണ്. നിർദ്ധിഷ്ട പദ്ധതി പ്രദേശം ചെങ്കുത്തായ മലനിരകളിൽ നിന്നും തുടങ്ങി പെട്ടെന്ന് ആഴമേറിയ കടലിന്റെ അടിത്തട്ടിൽ എത്തിനിൽക്കുന്ന രീതിയിൽ ആണ്. ഇതിനിടയിൽ നിരവധി ചെറുതും വലുതുമായ പാറക്കെട്ടുകൾ, പവിഴ പുറ്റുകൾ ഒക്കെ ഉണ്ടായിരുന്നു. അവിടെയായിരുന്നു വൻതോതിൽ കക്ക, കണവ ഒക്കെ കാണപ്പെട്ടിരുന്നത്. ഇതിനോടൊപ്പം മത്സ്യ പ്രജനനത്തിന്റെ ഈറ്റില്ലം കൂടിയായിരുന്നു ഇവിടെ. തിരകളെ അടിത്തട്ടിൽ നിന്ന് തന്നെ നിർവീര്യമാക്കി തീരത്ത് പതുക്കെ അടിക്കുന്ന ഈ സ്വാഭാവിക പ്രക്രിയ തകർത്തതോടെ പ്രശ്നങ്ങളുടെ രൂക്ഷത വർധിപ്പിച്ചു.

അദാനി ബ്രേക്ക്‌ വാട്ടർ നിർമ്മാണം നടത്താനായി കടലിന്റെ അടിത്തട്ട് മുഴുവൻ തുരന്നു. കടലിനടിയിലെ പാറക്കെട്ടുകൾ വലിയ തോതിൽ തകർത്തു. അതോടെ തിരകൾ രാക്ഷസതിരകളുടെ സ്വഭാവം കൈകൊണ്ടു. അതാണ് ഓഖി വന്നപ്പോൾ കണ്ടതും കഴിഞ്ഞ തുലാവർഷത്തിൽ അനുഭവിച്ചതും. ഇപ്പോഴത്തെ നിലയിൽ കടലിന്റെ സ്വഭാവം നോക്കിയാൽ അടുത്ത 10-15 വർഷം കൊണ്ട് തിരുവനന്തപുരം ജില്ലയിൽ ഒരു മണൽ തരി പോലും ബീച്ച് ആയിട്ട് നമുക്ക് സഞ്ചാരികൾക്ക് മുന്നിൽ കാണിക്കാനുണ്ടാവില്ല.
ശംഖുമുഖം കൊട്ടാരം, കൽമണ്ഡപം, ഇപ്പോഴത്തെ ഡൊമസ്റ്റിക് ടെർമിനൽ, ബീമാപള്ളി, വെട്ടുകാട് പള്ളി, വേളി ടൂറിസ്റ്റ് വില്ലേജ് ഒക്കെ കടലെടുക്കും.
മൽസ്യമേഖല, ടൂറിസം, സാമ്പത്തിക രംഗം എല്ലാം ഒന്നൊന്നായി തകർന്നടിയും. കേരളത്തിന്, പ്രത്യേകിച്ചും തിരുവനന്തപുരം ജില്ലയിലെ തീരപ്രദേശത്തെ ലക്ഷകണക്കിന് ആളുകളെ വരും നാളുകളിൽ പദ്ധതി ബാധിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട.
വിഴിഞ്ഞം പദ്ധതിയെ അനുകൂലിക്കുന്ന വക്താക്കൾ എപ്പോഴും ഉന്നയിക്കുന്ന ചോദ്യമാണ്, വിഴിഞ്ഞം കാരണമാണോ ചെല്ലാനത്തും പൊന്നാനിയിലും കടലാക്രമണം ഉണ്ടാകുന്നതെന്ന്? അതിന്റെ കാരണം സമാനമായ നിർമ്മാണങ്ങൾ തന്നെയാണെന്ന് കാര്യങ്ങൾ പരിശോധിച്ചാൽ വ്യക്തമാവും.

കേരള തീരത്തെ കടലിന്റെ സ്വഭാവത്തെയും കടലാക്രമണ രീതികളെ കുറിച്ചും ചെറുതും വലുതുമായ മൽസ്യ ബന്ധന തുറമുഖങ്ങളും അശാസ്ത്രീയമായ കടൽ ഭിത്തി നിർമ്മാണവും മൂലം കേരളതീരം എങ്ങനെയാണ് കടലെടുത്തു കൊണ്ട് പോകുന്നതെന്ന് പഠിച്ചു റിപ്പോർട്ട് നൽകിയത് കേന്ദ്ര സർക്കാരിന്റെ പ്രമുഖ സ്ഥാപനമായ നാഷണൽ ഓഷ്യാനോഗ്രഫിക് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയമാണ്. അതോടൊപ്പം തിരുവനന്തപുരത്തെ നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ്, കേരള യൂണിവേഴ്സിറ്റി ഫിഷറീസ് വകുപ്പും മൽസ്യ തൊഴിലാളി മേഖലയിൽ പ്രവർത്തിക്കുന്ന വിവിധ ഗവേഷണ പഠനങ്ങളും ഇപ്പോൾ തന്നെ നിലവിലുണ്ട്. അതൊക്കെ ഒന്ന് ഗൗരവമായി വിലയിരുത്താൻ ഇനിയെങ്കിലും സംസ്ഥാന സർക്കാർ തയ്യാറാവണം.
ഇത് കൂടാതെ നിരവധി മറ്റ് പ്രശ്നങ്ങളും വിഴിഞ്ഞം പദ്ധതിയുമായി നിലവിലുണ്ട്. വിഴിഞ്ഞം പദ്ധതി സംസ്ഥാനത്തിന്റെ ഖജനാവിന് ഉണ്ടാക്കി കൊണ്ടിരിക്കുന്ന കനത്ത ആഘാതം ഓരോ ദിവസം കഴിയുന്തോറും കൂടുകയല്ലാതെ കുറയുകയില്ല. നമ്മുടെ തല തിരിഞ്ഞ, അശാസ്ത്രീയ വികസന മാതൃകയുടെ അനന്തരഫലം.
എന്നിട്ടും പദ്ധതി ടൂറിസം, മത്സ്യ, സാമ്പത്തിക മേഖലക്കുണ്ടാകുന്ന നഷ്ടത്തെ പറ്റി പഠിക്കാൻ പോലും നമ്മുടെ ഫിഷറീസ്, ടൂറിസം, ധന വകുപ്പുകൾക്ക് ഇതുവരെ പറ്റിയില്ല എന്നിടത്താണ് നമ്മുടെ ദുര്യോഗം

Tags
Show More

Related Articles

Back to top button
Close