അനായാസ ജയവുമായി മുംബൈ, പോയിന്റ് പട്ടികയില്‍ ഒന്നാമത്

ദുബായ്:ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ മുംബൈ ഇന്ത്യന്‍സിന് അനായാസ ജയം. 5 വിക്കറ്റിനാണ് മുംബൈ ടേബിള്‍ ടോപ്പര്‍മാരെ പരാജയപ്പെടുത്തിയത്. 163 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ മുംബൈ വിക്കറ്റ് നഷ്ടപ്പെടുത്തി 2 പന്തുകള്‍ ബാക്കി നില്‍ക്കെ വിജയിക്കുകയായിരുന്നു. മുംബൈക്ക് വേണ്ടി വേണ്ടി ക്വിന്റണ്‍ ഡികോക്ക്, സൂര്യകുമാര്‍ യാദവ് എന്നിവര്‍ ഫിഫ്റ്റിയടിച്ചു. ഇരുവരും 53 റണ്‍സ് വീതമെടുത്ത് ടോപ്പ്പ് സ്കോറര്‍മാരായി. ഡല്‍ഹിക്ക് വേണ്ടി കഗീസോ റബാഡ രണ്ട് വിക്കറ്റ് വീഴ്ത്തി. ജയത്തോടെ മുംബൈ ഇന്ത്യന്‍സ് പോയിന്റ് ടേബിളില്‍ ഒന്നാമതെത്തി.
മുംബൈക്കും മോശം തുടക്കമാണ് ലഭിച്ചത്. അഞ്ചാം ഓവറില്‍ തന്നെ രോഹിത് ശര്‍മ്മയെ അക്സര്‍ പട്ടേല്‍ കഗീസോ റബാഡയുടെ കൈകളില്‍ എത്തിച്ചു. പിന്നീടങ്ങോട്ട് ഏറിയ പങ്കും കളി മുംബൈയുടെ വരുതിയിലായിരുന്നു. രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ക്വിന്റണ്‍ ഡികോക്ക്-സൂര്യകുമാര്‍ യാദവ് സഖ്യം അനായാസം ബാറ്റ് ചെയ്തതോടെ മുംബൈയുടെ സ്കോര്‍ കുതിച്ചു. 33 പന്തുകളില്‍ ഡികോക്ക് ഫിഫ്റ്റി തികച്ചു. ഏറെ വൈകാതെ താരം പുറത്തായി. 36 പന്തുകളില്‍ 53 റണ്‍സെടുത്ത ഡികോക്കിനെ ആര് അശ്വിന് പൃഥ്വി ഷായുടെ കൈകളില്‍ എത്തിക്കുകയായിരുന്നു. 46 റണ്‍സിന്റെ കൂട്ടുകെട്ടിനൊടുവിലാണ് ഡികോക്ക് മടങ്ങിയത്.
ഡികോക്കിന്റെ ഔട്ട് സൂര്യകുമാര്‍ യാദവിനെ ബാധിച്ചില്ല. ഇഷന്‍ കിഷനെ കാഴ്ചക്കാരനാക്കി സൂര്യകുമാര്‍ കത്തിക്കയറി. അനായാസം ബാറ്റിംഗ് തുടര്‍ന്ന സൂര്യ 30 പന്തുകളില്‍ ഫിഫ്റ്റി തികച്ചു. ആ ഓവറില്‍ തന്നെ കൂറ്റനടിക്ക് ശ്രമിച്ച സൂര്യക്ക് പിഴച്ചു. റബാഡയുടെ പന്തില്‍ ശ്രേയാസ് അയ്യര്‍ പിടിച്ച് താരം പുറത്തായി. 32 പന്തുകളില്‍ 52 റണ്‍സെടുത്ത താരം മൂന്നാം വിക്കറ്റില്‍ ഇഷന്‍ കിഷനുമൊത്ത് 53 റണ്‍സിന്റെ കൂട്ടുകെട്ടും പടുത്തുയര്‍ത്തിയിരുന്നു. പുറത്തായെങ്കിലും മുംബൈയെ വിജയത്തിന്റെ വക്കിലെത്തിച്ചാണ് സൂര്യ മടങ്ങിയത്. സൂര്യകുമാര്‍ പുറത്തായതിനു പിന്നാലെ ഹര്‍ദ്ദിക് പാണ്ഡ്യയും (0) മടങ്ങി. മാര്‍ക്കസ് സ്റ്റോയിനിസിന്റെ പന്തില്‍ അലക്സ് കാരിയാണ് പാണ്ഡ്യയെ പിടികൂടിയത്.
നന്നായി ബാറ്റ് ചെയ്ത ഇഷന്‍ കിഷനാണ് പിന്നീട് പവലിയനില്‍ മടങ്ങിയെത്തിയത്. കഗീസോ റബാഡയ്ക്കെതിരെ കൂറ്റന്‍ ഷോട്ടിനു ശ്രമിച്ച കിഷനെ അക്സര്‍ പട്ടേല്‍ പിടികൂടുകയായിരുന്നു. 15 പന്തുകളില്‍ 28 റണ്‍സെടുത്താണ് യുവ വിക്കറ്റ് കീപ്പര്‍ പുറത്തായത്. അവസാന ഓവറില്‍ ഏഴ് റണ്‍സായിരുന്നു വിജയലക്ഷ്യം. മാര്‍ക്കസ് സ്റ്റോയിനിസ് എറിഞ്ഞ ഓവറിലെ ആദ്യ പന്ത് തന്നെ കൃണാല്‍ പാണ്ഡ്യ ബൗണ്ടറിയടിച്ചു. തുടര്‍ന്ന് എല്ലാം എളുപ്പമായിരുന്നു. നാലാം പന്തില്‍ ഒരു ബൗണ്ടറി കൂടി നേടി കൃണാല്‍ മുംബൈയെ വിജയിപ്പിച്ചു. കൃണാല്‍ (12), പൊള്ളാര്‍ഡ് (11) എന്നിവര്‍ പുറത്താവാതെ നിന്നു.