INDIANEWSTop News

അനില്‍ ദേശ്മുഖിന് തിരിച്ചടി: ഹരജി തള്ളി സുപ്രീം കോടതി

ന്യു ഡൽഹി: അഴിമതി ആരോപണത്തില്‍ സി.ബി.ഐ അന്വേഷണത്തിനെതിരെ മഹാരാഷ്ട്ര മുന്‍ ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി തള്ളി. ഇതേ കേസിൽ മഹാരാഷ്ട്ര സർക്കാർ സമർപ്പിച്ച സമാനമായ അപേക്ഷയും സുപ്രീം കോടതി തള്ളി. ഹരജിയില്‍ ഇടപെടാനാവില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. അനില്‍ ദേശ്മുഖിനെതിരായ ആരോപണങ്ങള്‍ ഗൗരവമേറിയതാണെന്നും സ്വതന്ത്ര അന്വേഷണം വേണമെന്നും സുപ്രീംകോടതി അറിയിച്ചു.

“ഇത് പ്രാഥമിക അന്വേഷണം മാത്രമാണ്, ഒരു മുതിർന്ന മന്ത്രിക്കെതിരെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ അതിൽ തെറ്റൊന്നുമില്ല.” സുപ്രീം കോടതി നിരീക്ഷിച്ചു. ഹൈക്കോടതി നിർദ്ദേശിച്ചത് പ്രാഥമിക അന്വേഷണമാണ്, ഇടപെടാൻ ആഗ്രഹിക്കുന്നില്ല എന്നും സുപ്രീം കോടതി കൂട്ടിച്ചേർത്തു.

ശരദ് പവാറിന്‍റെ നേതൃത്വത്തിലുള്ള നാഷണലിസ്റ്റ് കോൺഗ്രസ് പാര്‍ട്ടി നേതാവാണ് അനിൽ ദേശ്‌മുഖ്. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന നിലപാട് സ്വീകരിച്ച അനില്‍ ദേശ്മുഖ് ധാര്‍മ്മികത മുന്‍നിര്‍ത്തി എന്‍.സി.പി നേതൃത്വവുമായി ചര്‍ച്ചചെയ്ത് ആഭ്യന്തര മന്ത്രി സ്ഥാനത്ത് നിന്നും രാജിവെച്ചിരുന്നു.

മുംബൈ മുന്‍ പോലീസ് കമ്മിഷണര്‍ പരംബീര്‍ സിങ് ഉന്നയിച്ച ആരോപണത്തില്‍ കുരുങ്ങിയതാണ് ദേശ്മുഖിന്റെ രാജിയിലേക്ക് നയിച്ചത്. അനില്‍ ദേശ്മുഖിനെതിരെ പരംബീര്‍ സിങ് നടത്തിയ ആരോപണം സിബിഐ അന്വേഷിക്കണമെന്ന് ബോംബെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

മുകേഷ് അംബാനിക്കെതിരെയുള്ള ഭീഷണിക്കേസില്‍ അറസ്റ്റിലായ പൊലീസ് ഓഫിസര്‍ സച്ചിന്‍ വസെയോട് പ്രതിമാസം 100 കോടി പിരിച്ചു നല്‍കാന്‍ അനില്‍ ദേശ്മുഖ് ആവശ്യപ്പെട്ടെന്നാണ് പരംബീര്‍ സിങ് ആരോപിച്ചത്. മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്ക് നല്‍കിയ കത്തിലാണ് ആരോപണം. എന്നാല്‍, ആരോപണം അനില്‍ ദേശ്മുഖ് തള്ളിയിരുന്നു. അംബാനി കേസില്‍ പരംബീര്‍ സിങ്ങിനെ മുംബൈ പൊലീസ് മേധാവി സ്ഥാനത്തുനിന്ന് മാറ്റിയതിന് ശേഷമായിരുന്നു വെളിപ്പെടുത്തല്‍. ആരോപണം അന്വേഷിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ഏകാംഗ കമ്മീഷനെ നിയോഗിച്ചിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close