KERALA

അനുമതിയില്ലാതെ പാലാരിവട്ടം പാലം പൊളിക്കരുത്: ഹൈക്കോടതി

കൊച്ചി: പാലാരിവട്ടം പാലം അനുമതിയില്ലാതെ പൊളിക്കരുതെന്ന് ഹൈക്കോടതി. എഞ്ചിനീയര്‍മാരുടെ സംഘടന നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. കൂടുതല്‍ വിദഗ്ധ പരിശോധന നടത്താതെ പാലം പൊളിക്കരുതെന്നാണ് എഞ്ചിനീയര്‍മാരുടെ സംഘടനയുടെ ആവശ്യം. അതിനായാണ് അവര്‍ ഹൈക്കോടതിയെ സമീപിച്ചത്. ഭാര പരിശോധന അടക്കമുള്ളവയില്‍ രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കാനും സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. എഞ്ചിനീയര്‍മാരുടെ സംഘടന നല്‍കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ചുകൊണ്ടായിരുന്നു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. പാലാരിവട്ടം പാലം പൊളിച്ചുപണിയാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതിനിടെയാണ് ഈ നീക്കം ഉണ്ടായിരിക്കുന്നത്. ഇ ശ്രീധരന്റെ വാക്കിലുള്ള വിശ്വാസമാണ് ഇതിന് പിന്നില്‍. പക്ഷേ ഇതിന് മുമ്പ് ഒരു ഭാര പരിശോധന അടക്കം സര്‍ക്കാര്‍ നടത്തേണ്ടതായിരുന്നുവെന്നും ഭാര പരിശോധ നടത്തി പാലത്തിന് ബലക്ഷയം ഉണ്ടെന്ന് തെളിയിക്കണമെന്നും എഞ്ചിനീയര്‍മാരുടെ സംഘടന കോടതിയില്‍ പറഞ്ഞു. ഒരു പരിശോധന നടത്തിയിട്ടുണ്ടോ എന്ന് സര്‍ക്കാരിനോട് കോടതി ആരാഞ്ഞു. എന്നാല്‍ അങ്ങനെയൊരു പരിശോധന നടത്തിയിട്ടില്ലെന്നായിരുന്നു സര്‍ക്കാരിന്റെ മറുപടി. തുടര്‍ന്ന് ഭാര പരിശോധന അടക്കമുള്ളവ നടത്തണമെന്ന് നിര്‍ദ്ദേശിച്ച കോടതി മറുപടി നല്‍കാന്‍ സര്‍ക്കാരിന് രണ്ടാഴ്ചത്തെ സമയവും അനുവദിച്ചു. അതുവരെ യാതൊരു കാരണവശാലും പാലം പൊളിക്കരുതെന്നാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. മാത്രവുമല്ല ഇപ്പോഴുള്ള ഹര്‍ജികളിലില്‍ തീരുമാനം ഉണ്ടാകുന്നത് വരെ പാലം പൊളിക്കരുതെന്ന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. ഉദ്ഘാടനത്തിന് തൊട്ടുപിന്നാലെ നിര്‍മ്മാണ തകരാറും ബലക്ഷയവും കണ്ടെത്തിയ പാലാരിവട്ടം പാലം പൂര്‍ണ്ണമായും പുതുക്കി പണിയാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. പാലാരിവട്ടം പാലത്തില്‍ വിശദമായ പരിശോധന നടത്തിയശേഷം പാലം പൂര്‍ണ്ണമായും പുനര്‍ നിര്‍മ്മിക്കണമെന്ന ഇ ശ്രീധരന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു സര്‍ക്കാര്‍ നടപടി. സമയബന്ധിതമായി പാലം പണി പൂര്‍ത്തിയാക്കാന്‍ ഇ ശ്രീധരനെ തന്നെ സര്‍ക്കാര്‍ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. അതേസമയം, പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി ഒ സൂരജ്, കരാര്‍ കമ്പനി ഉടമ സുമിത് ഗോയല്‍, ആര്‍ബിഡിസി മുന്‍ എജിഎം എം ടി തങ്കച്ചന്‍ എന്നിവരുടെ ജാമ്യ ഹര്‍ജി ബുധനാഴ്ച ഹൈക്കോടതി തള്ളിയിരുന്നു. കിറ്റ്‌കോ ജോയിന്റ് ജനറല്‍ മാനേജര്‍ ബെന്നി പോളിന് മാത്രമാണ് കോടതി ജാമ്യം അനുവദിച്ചത്.

Tags
Show More

Related Articles

Back to top button
Close