
ആലപ്പുഴ: അന്താരാഷ്ട്ര വിപണിയില്‍ റബ്ബര്‍വില കുതിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ നാട്ടിലും വിലയുയര്‍ന്നുതുടങ്ങി.
കോവിഡ് കാലത്തും ചൈനയുടെ വളര്‍ച്ചനിരക്ക് കൂടിയതാണ് വിപണിയില്‍ പ്രതിഫലിച്ചത്. കഴിഞ്ഞ പാദത്തില്‍ 3.2 ശതമാനമായിരുന്നത് ഈ പാദത്തില്‍ 4.9 ശതമാനമായി. ടയറിനായി ചൈന കൂടുതല്‍ റബ്ബര്‍ വാങ്ങുമെന്ന സൂചനകള്‍ വന്നതാണ് അന്താരാഷ്ട്രരംഗത്ത് ഡിമാന്‍ഡ് കൂട്ടിയത്.ഇതിനൊപ്പം പ്രധാന ഉത്പാദകരാജ്യങ്ങളായ തായ്ലാന്ഡിലും വിയറ്റ്നാമിലും കനത്തമഴ കാരണം റബ്ബര്‍ലഭ്യത കുറഞ്ഞതും വിലകൂടാന്‍ കാരണമായി. ചൈന പ്രധാനമായും വിയറ്റ്നാമില്‍നിന്നാണ് വാങ്ങുന്നത്. റബ്ബര്പ്പാല് കയറ്റുമതിക്ക് ഇന്ത്യയിലേക്ക് ധാരാളം അന്വേഷണങ്ങള്‍ വന്നുതുടങ്ങിയിട്ടുമുണ്ട്.
ഏറെക്കാലത്തിനുശേഷം തിങ്കളാഴ്ച ആര്.എസ്.എസ്.-4 ന് വില കിലോയ്ക്ക് 140 രൂപയായി. കുറച്ചുകൂടി മുകളിലേക്കുപോകുമെന്നാണ് സൂചനകള്‍.ബാങ്കോക്ക് വിപണിയില്‍ ആര്.എസ്.എസ്.-3 (ഇന്ത്യയുടെ ആര്.എസ്.എസ്.-4 നു തുല്യം) ഇനത്തിന് തിങ്കളാഴ്ച 156.40 രൂപയായി. ഈ മാസം മാത്രം 14 രൂപയുടെ വര്‍ധന. അതേ തോതിലല്ലെങ്കിലും ഇതാണ് നാട്ടിലും പ്രതിഫലിച്ചത്. ഒക്ടോബര്‍ തുടങ്ങുമ്പോള്‍ 133.50 രൂപയായിരുന്നു.തുടര്‍ച്ചയായി പെയ്യുന്ന മഴ കാരണം കൃത്യമായി ടാപ്പിങ് നടക്കുന്നില്ല. ഇത് വിപണിയില്‍ റബ്ബര്‍ലഭ്യത കുറച്ചിട്ടുണ്ട്. ഇനിയും വിലകൂടുമെന്ന പ്രതീക്ഷയില്‍ കര്‍ഷകര്‍ വില്‍ക്കാത്തതും വിലകൂടാന്‍ കാരണമായി. 135 രൂപയ്ക്കു മുകളിലേക്കുപോയശേഷം വന്‍കിട കമ്പനികള്‍ വിപണിയില്‍നിന്ന് കാര്യമായി വാങ്ങുന്നില്ല. മഴമാറി കൂടുതല്‍ റബ്ബര്‍ വിപണിയിലെത്തുമ്പോള്‍ വിലകുറയുമെന്ന പ്രതീക്ഷയില്‍ അവര്‍ മാറിനില്‍ക്കുകയാണ്.