
കൊച്ചി : കൊച്ചി നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ശീതകാല വിമാന സമയക്രമം 25 മുതല്‍ മാര്‍ച്ച് 27 വരെ ആരംഭിക്കും. ശീതകാല സമയക്രമം പ്രകാരം ആഴ്ചയില്‍ 230 വീതം ആഗമനവും പുറപ്പെടലുമാണ് കൊച്ചിയില്‍ നിന്ന് ഉണ്ടാകുക.അഹമ്മദാബാദ്, ബംഗളൂരു, ചെന്നൈ, ഡല്‍ഹി, ഹൈദരാബാദ്, കണ്ണൂര്‍, മുംബയ്, മൈസൂര്‍, കൊല്‍ക്കത്ത എന്നിവിടങ്ങളിലേക്ക് നേരിട്ട് സര്‍വീസുകളുണ്ട്. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ വൈകിട്ട് 6.25ന് കണ്ണൂരിലേക്ക് ഇന്‍ഡിഗോ പറക്കും. ഗുവാഹതി, ജയ്പൂര്‍ എന്നിവിടങ്ങളിലേക്കും തിരിച്ചും കണക്ഷന് സര്‍വീസുകളുണ്ട്.
അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ നിലവിലുള്ള നിയന്ത്രിത മാതൃകയില്‍ തുടരും.ഘട്ടംഘട്ടമായി ആഭ്യന്തര സര്‍വീസുകള്‍ കൂട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. അതിനാല്‍ വിമാനക്കമ്പനികള്‍ കൂടുതല്‍ സീറ്റുകളിലേക്ക് ബുക്കിംഗും തുടങ്ങി. നിലവില്‍ വിമാനക്കമ്പനികള്‍ക്ക് തങ്ങളുടെ ശേഷിയുടെ 60 ശതമാനം സര്‍വീസ് നടത്താനുള്ള അനുമതിയുണ്ട്. രാജ്യാന്തര സര്‍വീസുകള്‍ നിലവിലെ ‘എയര്‍ ബബിള്‍’ മാതൃക തുടരും.
ഗള്‍ഫ്, ലണ്ടന്‍, മാലി, സിംഗപ്പൂര്‍ എന്നിവിടങ്ങളിലേക്കാണ് കൊച്ചിയില്‍ നിന്ന് സര്‍വീസുകള്‍. നിരന്തര ശുചീകരണത്തിന് പുറമേ സമ്പൂര്‍ണ കമ്പ്യൂട്ടര്‍വത്കൃത സുരക്ഷാ പരിശോധനയും ബോര്‍ഡിംഗ് സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് യാത്രക്കാര്‍ക്ക് പരമാവധി സൗകര്യങ്ങള്‍ ഒരുക്കുമെന്ന് സിയാല്‍ വ്യക്തമാക്കി.