പാലക്കാട്: അന്താരാഷ്ട്ര വെബിനാറില്‍ ഇരുള ഭാഷ ഉയര്‍ന്നു കേള്‍ക്കുക കാളി മരുതന്റെ ശബ്ദത്തില്‍.ഷോളയൂര്‍ പഞ്ചായത്തിലെ താഴെ സമ്പാര്‍ക്കോട് ഊരിലെ കാളി മരുതന്‍ വെള്ളിയാഴ്ച വൈകിട്ട് ഏഴിന് അന്താരാഷ്ട്ര തലത്തില്‍ അട്ടപ്പാടിയുടെ ശബ്ദമാകും.വെബിനാറില്‍ ഇരുള ഗോത്ര ഭാഷയിലാണ് ഇവര്‍ സംസാരിക്കുന്നത്. ഇത് ഇംഗ്ലീഷ്, സ്പാനിഷ്, ഫ്രഞ്ച് തുടങ്ങിയ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തും. ദ്വിഭാഷിയുടെ സഹായത്തോടെയാണ് ഇവര്‍ വെബിനാറില്‍ പങ്കെടുക്കുന്നത്.
പദ്ധതിയുടെ നിര്‍വ്വഹണ സംഘത്തിന്റെ കോര്‍ഡിനേറ്റര്‍ ഭരതന്‍ പി അശോക് ആണ് വെബിനാറില്‍ ഇവരെ ദ്വിഭാഷിയായി സഹായിക്കുന്നത്. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജൈവ കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന പെസ്റ്റിസൈഡ് ആക്ഷന്‍ നെറ്റ്വര്‍ക്ക് (പാന്‍) എന്ന അന്താരാഷ്ട്ര സംഘടനയാണ് അന്തര്‍ദേശീയ വെബിനാര്‍ സംഘടിപ്പിക്കുന്നത്. ‘പാന്‍’ എന്ന ആഗോള സംഘടനയില്‍ അംഗമായിട്ടുള്ള തണല്‍ എന്ന സന്നദ്ധ സംഘടന വഴിയാണ് കാളിയ്ക്ക് അവസരം ലഭിച്ചത്. പട്ടികവര്‍ഗ്ഗ വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരമാണ് തണല്‍ ഇവരെ അന്താരാഷ്ട്ര വെബിനാറിലേക്ക് തിരഞ്ഞെടുത്തത്.
പട്ടികവര്‍ഗ്ഗ വകുപ്പിനു കീഴില്‍ 2 വര്‍ഷങ്ങളായി പാരമ്പര്യ കൃഷികളെ പ്രോത്സാഹിപ്പിക്കാനും അട്ടപ്പാടിയിലെ ഊരുകളില്‍ കാണപ്പെടുന്ന പോഷകാഹാരക്കുറവിന് പരിഹാരമാകാനും വേണ്ടി തുടക്കമിട്ട പദ്ധതിയിലെ പ്രധാന കര്‍ഷകയാണ് കാളി മുത്തശ്ശി. വന്യമൃഗശല്ല്യം കാരണം 30 വര്‍ഷം കൃഷി ചെയ്യാതെ കാടു കേറി കിടന്ന സമ്പാര്‍ക്കോട് ഊരിലെ ഏക്കറു കണക്കിന് ഭൂമിയില്‍ തുവര, ചീര, കരനെല്ല്, ചാമ, കടുക്, റാഗി, പാണ്ടി, വരഗ്, കുതിരവാലി തുടങ്ങി പോഷകാംശമടങ്ങിയ വിവിധ വിളയിനങ്ങള്‍ പാകിയെടുത്തത് കാളി മുത്തശ്ശിയുടെയും മകന്‍ ചന്ദ്രന്റെയും നേതൃത്വത്തിലുള്ള കര്‍ഷകസംഘത്തിന്റെ അധ്വാനഫലമായാണ്.ഈ കഠിനാധ്വാനവും പാരമ്പര്യ കൃഷികളെക്കുറിച്ചുള്ള അഗാധമായ അറിവുമാണ് ഇവരെ വെബിനാറിലേക്ക് തെരഞ്ഞെടുക്കുവാന്‍ കാരണമായത്.