INDIAINSIGHTNEWS

അന്നം സമരായുധമാക്കിയ കര്‍ഷക പോരാട്ടം

സമകാലിക ഇന്ത്യ കണ്ട ആവേശോജ്ജലവും വ്യത്യസ്തവുമായ കര്‍ഷക സമരം അതിന്റെ സംഘാടന മികവുകൊണ്ടും പോരാട്ട വീര്യം കൊണ്ടും പുതിയ ചരിത്രമാവുകയാണ്.

ന്യൂഡല്‍ഹിയില്‍ നിന്ന് പ്രത്യേക ലേഖകന്‍

ന്യൂഡല്‍ഹി : ഒട്ടേറെ പ്രതിഷേധങ്ങള്‍ക്കും ആക്രമണോല്‍സുകങ്ങളായ സമരങ്ങള്‍ക്കും വേദിയായ രാജ്യ തലസ്ഥാനവും പരിസര പ്രദേശങ്ങളും ഇപ്പോള്‍ വിദേശ മാധ്യമങ്ങളില്‍ പോലും ഇടംപിടിക്കുന്നത് വ്യത്യസ്തമായ കര്‍ഷക സമരത്തിന്റെ ആവേശകരമായ വര്‍ത്തകളിലൂടെയാണ്. ഡല്‍ഹിയിയുടെ അതിര്‍ത്തി പ്രദേശങ്ങളായ സിംഗുവും തിക്രിയും സമരക്കാരെകൊണ്ട് നിറഞ്ഞിരിക്കുന്നു. ദേശീയപാതയുടെ ഇരുവശങ്ങളിലുമായി കിലോമീറ്ററുകളോളം പതിനായിരക്കണക്കിന് സമരക്കാര്‍ തമ്പടിച്ചിരിക്കുന്നു. ഡല്‍ഹിയെ ചൂഴുന്നു നില്‍ക്കുന്ന കൊടും ശൈത്യത്തിലും സമരകേന്ദ്രങ്ങള്‍ രാത്രിയിലും സജീവം. യുവാക്കളും വൃദ്ധരും സ്ത്രീകളും എല്ലാം ഒരുപോലെ ആവേശഭരിതര്‍. ഒരു മാസം പിന്നിട്ട ഒരു സമരത്തിന്റെ ആലസ്യം ഒരു സ്ഥലത്തും കാണാനില്ല. ഓരോ സമരഭടനും സമരത്തിനിടയിലും ഓരോരോ ചുമതലകള്‍ നിര്‍വഹിക്കുന്ന അസാധാരണമായ കാഴ്ച. സ്വാശ്രയസമരം എന്നു വേണമെങ്കില്‍ സമാനതകളില്ലാത്ത ഈ സമരത്തെ വിശേഷിപ്പിക്കാം. ചിലര്‍ ഭക്ഷണം തയാറക്കുമ്പോള്‍ മറ്റ് ചിലര്‍ അവയുടെ വിതരണത്തില്‍ ശ്രദ്ധിക്കുന്നു. യുവാക്കള്‍ വീഡിയോ വാളിലൂടെ വിവിധ പരിപാടികള്‍ പ്രദര്‍ശിപ്പിക്കുന്നു. ചെറുപ്പക്കാരുടെ കായികക്ഷമതയ്ക്കായി തമ്പുകളില്‍ തയാറാക്കിയ ജിമ്മുകള്‍. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മഹാകുശിനി. സമരഭടന്മാര്‍ക്ക് ആവശ്യമായ കമ്പിളിവസ്ത്രങ്ങളും സോപ്പും മുതല്‍ സൗജന്യമായി നല്‍കുന്ന സൂപ്പര്‍മാര്‍ക്കറ്റ് വരെ സജ്ജമാക്കിയ ഒരു സ്വയം പര്യാപ്ത സമരഗ്രാമം. കൊടും തണുപ്പിനെ സമരാവേശം കൊണ്ടുമാത്രം ചെറുക്കുന്ന പഞ്ചാബി കര്‍ഷകര്‍ സമരം റിപ്പോര്‍ട് ചെയ്യാന്‍ പോയ മാധ്യമ പ്രവര്‍ത്തകര്‍ക്കുപോലും ആവേശം പകരുന്നു.

പഞ്ചാബിലെ കാര്‍ഷിക ശൈലിയും വേറിട്ട സമരവും

പഞ്ചാബിലെ കാര്‍ഷിക ശൈലിയുടെയും ജീവിത രീതിയുടെയും വേറിട്ട അനുഭവങ്ങള്‍ സമരത്തിലും ദൃശ്യമാണ്. സാധാരണ പഞ്ചാബിലെ കാര്‍്ഷിക കുടുംബത്തില്‍ മിക്കയിടത്തും നാലുകുട്ടികള്‍ ഉണ്ടാകും. ഒരാള്‍ സൈനിക വൃത്തി തെരെഞ്ഞെടുക്കുമ്പോള്‍ ഒരാള്‍ വിദേശ ജോലി തെരെഞ്ഞെടുക്കും, മറ്റ് രണ്ടുപേര്‍ പരമ്പരാഗത കൃഷി മേഖലയിലേക്ക് അഭിമാനത്തോടെ കടന്നു ചെല്ലും. ഇത്തരത്തില്‍ ഒന്നിലധികം പേര്‍ കാര്‍ഷിക വൃത്തിയില്‍ ഏര്‍പെട്ടിടുള്ള കുടുംബങ്ങളില്‍ നിന്നും ഒരാള്‍ സമരത്തിന് വരുമ്പോള്‍ മറ്റെയാള്‍ നാട്ടില്‍ കൃഷിയുടെ ചുമതലക്കോപ്പം സമരക്കാരുടെ ഭക്ഷണത്തിനും മറ്റ് സഹായങ്ങള്‍ക്കുമുള്ള ചുമതല ഏറ്റെടുക്കുന്നു. ഫലത്തില്‍ രണ്ടുപേരും സമരത്തിലാണെന്ന് യുവ കര്‍ഷകനായ ബല്‍വീന്ദര്‍ സിങ്. വിളവെടുപ്പ് കഴിഞ്ഞ് അടുത്ത കൃഷിയിലേക്ക് ഇറങ്ങുന്ന സമയത്താണ് തങ്ങള്‍ സമരത്തിന് തിരിച്ചെതെന്നും ഒരു മാസം പിന്നിടുമ്പോള്‍ നാട്ടിലുള്ളവര്‍ സമരത്തിലുള്ളവരുടെ പാടത്തും വിത്തുവിതയ്ക്കുന്നു.
അതിന്റെ ദൃശ്യങ്ങള്‍ യുവാക്കള്‍ സമരക്കാരെ വീഡിയോ ചുമരിലൂടെ കാണിക്കുന്നു ഇവിടെ കൃഷിയും സമരായുധമാകുന്നു.

ഗോതമ്പും ബസുമതിയും കടുകും പച്ചക്കറിയും വിളയുന്ന പടനിലങ്ങള്‍

പഞ്ചാബിലെയും ഹരിയാനയിലെയും യുപിയിലെയും കൃഷിയിടങ്ങളില്‍ കര്‍ഷകര്‍ ഗോതമ്പും ബസുമതിയും കടുകും പച്ചക്കറിയും സമൃദ്ധമായി വിളയിക്കുന്നു. കാര്‍ഷിക വൃത്തിയില്‍ ഇവിടെ ലി0ഗഭേദമില്ല. സ്ത്രീയും പുരുഷനും ഒരു പോലെ പാടത്ത് പണിയെടുക്കുന്നു. ഗാര്‍ഹിക വൃത്തിയിലും അവര്‍ ഒരു പോലെ പങ്കാളികളാകുന്നു. ലി0ഗസമത്വത്തിന്റെയും അഭിമാന ബോധത്തിന്റെയും വിളനിലങ്ങള്‍ കൂടിയാണ് പഞ്ചാബിലെ ഓരോ കര്‍ഷക കുടുംബവും. ഇവിടെ പണക്കാരോ പാവപ്പെട്ടവരോ എന്ന വിത്യാസമില്ല. സ്ത്രീ സ്മത്വത്തിന്റെ ഉത്തമ മാതൃകയാണ് പഞ്ചാബി കര്‍ഷകര്‍.അതുകൊണ്ടുതന്നെ സമര രംഗത്തും സ്ത്രീകള്‍ പുരുഷന്മാര്‍ക്കൊപ്പം വര്‍ദ്ധിത ആവേശത്തോടെ നിലകൊള്ളുന്നു. ഇത് സമരക്കാരെ നേരിടാന്‍ സര്‍ക്കാരിനെ ഭയപ്പെടുത്തുന്ന ഒന്നാണ്.

സേവനം മതമാക്കിയവര്‍ക്ക് ഈ സമരവും സേവന മാര്‍ഗം

‘സേവനം മതമാക്കിയവരാണ് ഞങ്ങള്‍ അതുകൊണ്ടു തന്നെ ഈ സമരവും ഞങ്ങള്‍ ഭാരതീയര്‍ക്കുള്ള മറ്റൊരു സേവനമായി കരുതുന്നു.അതിനിടയില്‍ മരിച്ചു വീഴുന്നവര്‍ ഓരോരുത്തരും ഞങ്ങള്‍ക്ക് വിശുദ്ധരാണ്’- ബല്‍വീന്ദര്‍ വാചാലനായി. മലയാളി മാധ്യമപ്രവര്‍ത്തകനാണെന്നറിഞ്ഞപ്പോള്‍ അവര്‍ വയനാട്ടിലെ പ്രകൃതി ദുരന്ത സമയത്ത് സേവനത്തിന് വന്ന വിവരം പറയുകയും അന്ന് പകര്‍ത്തിയ ചിത്രങള്‍ ഫോണില്‍ കാട്ടിത്തരുകയും ചെയ്തു.’വയനാട്ടില്‍ മാത്രമല്ല ഉത്താരാഖണ്ട് പ്രളയ കാലത്ത് സേനയ്‌ക്കൊപ്പം ഞങ്ങള്‍ ആദ്യം ദുരന്ത മുഖത്ത് എത്തിയതാണ്. നേപ്പാളിലെ ഭൂകമ്പ മേഖലയിലും ഞങ്ങള്‍ ഇതേ ആവേശത്തോടെയാണ് പങ്കെടുത്തത്. ഞങ്ങളുടെ ഗുരുദ്വാരകളില്‍ ഒരു ദിവസം ഞങ്ങള്‍ ഇതിലും കൂടുതല്‍ പേര്‍ക്കു ഭക്ഷണം ഒരുക്കുന്നുണ്ട് അതുകൊണ്ടു തന്നെ ഈ സമരം എത്ര നീണ്ടലും ഞങ്ങള്‍ക്ക് ഒരു പ്രശ്‌നവുമില്ല. ഒരു കര്‍ഷകനും വിജയം കാണാതെ ഇവിടെനിന്നും മടങ്ങില്ല.’

അന്നം സമരായുധം
ഉയര്‍ന്നു കേള്‍ക്കുന്ന ബോലിയാന്‍ (പഞ്ചാബി നാടോടി ഗാനം) ഈണത്തിനിടയിലും ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് ഷി0ഗാര സിങ് പറഞ്ഞു, ‘ഞങ്ങള്‍ ഭരതത്തിന് അന്നം നല്‍കുന്നവരാണ്, ഞങ്ങളെ ഭയപ്പെടുത്താന്‍ നോക്കരുത്. കാര്‍ഷിക കരിനിയമങ്ങള്‍ പിന്‍വലിക്കാതെ ഞങ്ങള്‍ മടങ്ങിപോകില്ല. അതുകൊണ്ടു തന്നെ ഞങ്ങളുടെ സമരായുധം അന്നം ത്തന്നെയാണ്. ആഹാരം കഴിക്കുന്ന ഓരോരുത്തര്‍ക്കം വേണ്ടിയാണ് ഞങ്ങളിവിടെ ഈ മഞ്ഞുകൊള്ളുന്നത്, അത് വെറുതെയാകില്ല.’ഈ വാക്കുകള്‍ ചുറ്റും നിന്നവരെ വീണ്ടും ആവേശത്തിലാക്കി. അപ്പോഴും സമര ഗാഥകളുമായി ബോലിയാന്‍ ഒഴുകികൊണ്ടേയിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close