INDIANEWS

അന്നദാതാക്കള്‍ക്കൊപ്പമുണ്ട് ആതുരസേവകരും

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് സഹായവുമായി ഡോക്ടര്‍മാരും. ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന കര്‍ഷകര്‍ക്ക് രാപ്പകല്‍ ഇല്ലാതെ ചികിത്സ സഹായവുമായി പ്രതിഷേധം ആരംഭിച്ചതുമുതല്‍ ഡോക്ടര്‍മാര്‍ സമരഭൂമിയിലുണ്ട്. 20 ദിവസമായി തുടരുന്ന സമരം കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ അവസാനിപ്പിക്കില്ലെന്നാണ് കര്‍ഷകരുടെ നിലപാട്. പ്രായമായവരാണ് കര്‍ഷകരില്‍ ഏറെയും. 70ന് മുകളില്‍ പ്രായമുള്ളവരും സമരരംഗത്ത് സജീവമായുണ്ട്. അതിനാല്‍ തന്നെ മിക്കവരും വാര്‍ധക്യ പ്രശ്‌നങ്ങള്‍ നേരിടുന്നവരും വിവിധ അസുഖങ്ങള്‍ക്ക് നിരന്തരം മരുന്ന് കഴിക്കുന്നവരുമാണ്.സൗജന്യഭക്ഷണം ലഭ്യമാക്കുന്ന സിക്കുകാരുടെ പൊതുവായ അടുക്കളയും ഗുരുദ്വാരകളും കര്‍ഷകര്‍ക്ക് പിന്തുണയുമായി സഹായങ്ങള്‍ നല്‍കി വരുന്നുണ്ട്. ഇതിനുപുറമെ ചികിത്സ ലഭ്യമാക്കുന്നതിനായാണ് ഡോക്ടര്‍മാരുടെ സംഘം തമ്പടിച്ചിരിക്കുന്നത്. ദിനംപ്രതി ആയിരക്കണക്കിന് കര്‍ഷകര്‍ ഡല്‍ഹിയില്‍ കര്‍ഷക സമരത്തിന് പിന്തുണയുമായി എത്തുന്നുണ്ട്്. ഇതോടെ സഹായവുമായി എത്തുന്ന ഡോക്ടര്‍മാരുടെ എണ്ണവും വര്‍ധിച്ചു.

സമരം ആരംഭിച്ചതിനുശേഷം നവംബര്‍ 27 മുതല്‍ഡോക്ടര്‍മാര്‍ കര്‍ഷകര്‍ക്ക് ചികിത്സ ഉറപ്പാക്കുന്നതിനായി എത്തിയിരുന്നു. പിന്നീട് കൂടുതല്‍ ഡോക്ടര്‍മാര്‍ കര്‍ഷകരെ സഹായിക്കാനായി രംഗത്തെത്തി. പഞ്ചാബില്‍ നിന്നുള്ള ഡോക്ടര്‍മാരാണ് ഇതില്‍ അധികവും.പ്രധാന പ്രതിഷേധ കേന്ദ്രങ്ങളായ സിംഘു, ടിക്‌രി അതിര്‍ത്തില്‍ മൊബൈല്‍ ആംബുലന്‍സുകളുടെ സേവനം എപ്പോഴും ലഭ്യമാണ്. നിരന്തരം മെഡിക്കല്‍ ക്യാമ്പുകളും സംഘടിപ്പിച്ചുവരുന്നു. കൂടാതെ മെഡിക്കല്‍ ഉപകരണങ്ങളും മരുന്നുകളും ആവശ്യത്തിന് ശേഖരിച്ചതായും ഡോക്ടര്‍മാര്‍ പറയുന്നു. ആവശ്യങ്ങള്‍ക്കായി ഏതെങ്കിലും ഡോക്ടര്‍ പഞ്ചാബിലേക്ക് മടങ്ങിയാല്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ മറ്റു ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കും.ഡിസംബര്‍ 13ന് പഞ്ചാബില്‍നിന്ന് ഒരു കൂട്ടം ഡോക്ടര്‍മാര്‍ കര്‍ഷകര്‍ക്ക് സഹായം ലഭ്യമാക്കുന്നതിനായി ഡല്‍ഹി അതിര്‍ത്തിയിലെത്തിയിരുന്നു. ‘ഞങ്ങളുടെ കര്‍ഷകരും ഞങ്ങളുടെ ദാതാക്കളും മാസങ്ങളായി തെരുവിലാണ്. ഇപ്പോള്‍ അവര്‍ ഡല്‍ഹിയിലും. അവര്‍ക്ക് പെട്ടന്ന് എന്തെങ്കിലും ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ടാല്‍ ഞങ്ങള്‍ സഹായത്തിനെത്തും’ -ഡോക്ടര്‍മാര്‍ പറയുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close