INSIGHTTrending

അന്ന് മാറിടം മറയ്ക്കാന്‍… ഇന്ന് കാല്‍ കാണിക്കാന്‍…


1859-ല്‍ കേരള സമൂഹത്തില്‍ വിപ്ലവകരമായ ഒരു സമരം നടന്നു. തങ്ങളുടെ മാറുമറയ്ക്കണമെന്ന ആവശ്യവുമായി ഒരു പറ്റം സ്ത്രീകള്‍ വിപ്ലവം തന്നെ നടത്തി. കാലങ്ങള്‍ക്കൊണ്ട് അവര്‍ അത് സാധിച്ചെടുക്കുകയും ചെയ്തു. നൂറ്റാണ്ടുകള്‍ക്ക് മുമ്പാണതെങ്കില്‍ ഇന്നും ഇതുപോലൊരു സമരം നടക്കുന്നുണ്ട്. സമരത്തിന്റെ രീതിയും ആവശ്യവും മാറിയെന്നു മാത്രം. അന്ന് പൊതുസമൂഹത്തിലെങ്കില്‍ ഇന്ന് നമ്മുടെ സോഷ്യല്‍ മീഡിയയ്ക്കുള്ളില്‍. അന്ന് ഇന്നും വിഷയം സ്ത്രീകളുടെ വസ്ത്ര സ്വാതന്ത്ര്യം തന്നെയാണ്.

ഒരു യുവ നടി തന്റെ കാലുകള്‍ കാണിച്ച് കൊണ്ട് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ ഒരു ചിത്രം പോസ്റ്റ് ചെയ്തു. കരുതല്‍ ആങ്ങളമാരുടെ പ്രതിഷേധമായിരുന്നു പിന്നീട് ഉണ്ടായത്. അതിനെതിരെ നിരവധി താരങ്ങള്‍ അനുകൂലിച്ചും പ്രതികൂലിച്ചുമെല്ലാം രംഗത്തെത്തി. കേവലം കാലുകള്‍ പ്രദര്‍ശിപ്പിച്ചു എന്നത് വിവാദ വിഷയമായി എന്നതു മാത്രമല്ല ഇത്, നൂറ്റാണ്ടുകളായി മാനവരാശിയില്‍ നിലനിന്നു പോരുന്ന ജീര്‍ണിച്ച ലിംഗരാഷ്ട്രീയത്തിന്റെ, ആണ്‍കോയ്മയുടെ തുടര്‍ച്ചതന്നെയാണതും. മാറു മറയ്ക്കാനുള്ള അവകാശത്തിന് ധീരമായി പോരാടിയ സ്ത്രീകളുടെ നാട്ടിലിരുന്നാണ് വസ്ത്രത്തിനു മേലുള്ള തങ്ങളുടെ തെരഞ്ഞെടുപ്പിന്റെ അധികാരത്തിനുവേണ്ടി പോരാടേണ്ടി വരുന്നത് എന്നത് വിരോധാഭാസമായി തോന്നാം. കാരണം, ഇതും അതേ തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയമാണ്. ഞാനെന്ന വ്യക്തി എന്തു ധരിക്കണം എന്ത് പറയണം എന്നത് വ്യക്തിസ്വാതന്ത്ര്യത്തിന്റെ രാഷ്ട്രീയമാണ്.

അന്നും ഇന്നും ആണ്‍കോയ്മയ്ക്കെതിരെ തന്നെയാണ് ഈ പ്രതിഷേധങ്ങളെല്ലാം. ഇത് കേരളത്തിന്റെ മാത്രം പ്രശ്നമല്ല. ലോകം മുഴുവനുണ്ട്. അശ്ലീലം നിങ്ങളുടെ കണ്ണുകളിലാണ് ‘സ്ത്രീകളുടെ ശരീരത്തെ ലൈംഗിക വത്കരിക്കുന്ന പ്രവണത അവസാനിപ്പിക്കുക’ എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി പാരിസില്‍ ഇപ്പോള്‍ ഒരു സമരം നടക്കുകയാണ്. സംഭവത്തിന്റെ കാരണം ഇങ്ങനെയാണ്. കഴിഞ്ഞ ചൊവ്വാഴ്ച സുഹൃത്തിനൊപ്പം ‘മ്യൂസി ഓര്‍സേയില്‍ പ്രദര്‍ശനം കാണാന്‍ എത്തിയതായിരുന്നു ജീന്‍ ഹ്യൂവെറ്റ് എന്ന ഇരുപത്തിരണ്ടുകാരി. എന്നാല്‍, കഴുത്തിറങ്ങിയ, മാറിടം പ്രദര്‍ശിപ്പിക്കുന്ന വസ്ത്രം ധരിച്ച് മ്യൂസിയത്തില്‍ കയറാന്‍ സാധിക്കില്ലെന്ന് പറഞ്ഞ് ഹ്യൂവെറ്റിനേയും സുഹൃത്തിനേയും പ്രവേശന കവാടത്തില്‍ ജീവനക്കാരന്‍ തടഞ്ഞു. ഇതേത്തുടര്‍ന്ന് മ്യൂസിയം അധികൃതരെ കാണണമെന്ന് ഹ്യൂവെറ്റ് ആവശ്യപ്പെട്ടു. അവരും അതേ നിലപാടെടുത്തു. വസ്ത്രത്തിനുമേല്‍ ജാക്കറ്റ് ധരിച്ചാല്‍ മ്യൂസിയത്തില്‍ പ്രദര്‍ശനം അനുവദിക്കാമെന്ന് അധികൃതര്‍ അറിയിച്ചു.

പ്രദര്‍ശനം കാണേണ്ടതിനാല്‍ ഹ്യൂവെറ്റ് ജാക്കറ്റ് ധരിച്ചു. പിന്നീട്, ഹ്യൂവെറ്റ് തനിക്കുണ്ടായ അനുഭവം സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവച്ചു. ഇത് വൈറലായതോടെ മ്യൂസിയം അധികൃതര്‍ ഹ്യൂവെറ്റിനോട് മാപ്പ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്..’
ഞാന്‍ എന്ന വ്യക്തി മാറിടമല്ല, കേവലം ശരീരവുമല്ല. നിങ്ങളുടെ ഇരട്ടത്താപ്പ് സംസ്‌കാരവും അറിവും ആര്‍ജ്ജിക്കാനുള്ള എന്റെ അവകാശത്തെ തടസപ്പെടുത്തരുത്. എനിക്ക് അടി കിട്ടിയപോലെയാണ് തോന്നിയത്. നാണക്കേടുണ്ടായി. എല്ലാവരും എന്റെ മാറിടത്തിലേക്ക് നോക്കുന്നതായാണ് എനിക്ക് അനുഭവപ്പെട്ടത്. ഹ്യൂവെറ്റ് പറഞ്ഞത് ഇങ്ങനെയാണ്.
മഹാമാരികള്‍ ലിംഗനീതിയെ കൂടി അനാരോഗ്യത്തിലാക്കുന്ന ഒരു ദുരന്തമാണ്. അത് സമൂഹത്തിലെ എല്ലാ അനാരോഗ്യ പ്രവണതകളെയും യഥാര്‍ത്ഥ തീവ്രതയോടെ അതിന്റെ മോശപ്പെട്ട അവസ്ഥയില്‍ തന്നെ വെളിപ്പെടുത്തുന്നു. സ്ത്രീകളെ വ്യക്തി സ്വാതന്ത്ര്യങ്ങളെ അദൃശ്യവല്‍ക്കരിക്കുന്ന സമൂഹവും നിലനില്‍ക്കുന്ന ജനാധിപത്യ വ്യവസ്ഥിതിയുടെ ദുര്‍ബലതകളും ഈ ആണ്‍മേല്‍ക്കോയ്മയെ കൂടുതല്‍ ഉറപ്പിച്ചു നിര്‍ത്തുന്നു. അതിനെതിരെ പ്രതികരിച്ചില്ലെങ്കില്‍ ലിംഗഭേദത്തെ അര്‍ഹിക്കുന്ന ഗൗരവത്തോടെ പരിഗണിക്കുകയും സ്ത്രീകള്‍ നേരിടുന്ന സവിശേഷ പ്രതിസന്ധികളെ മറികടക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്യുന്നില്ലെങ്കില്‍ സമൂഹം അതിന് നല്‍കേണ്ടുന്ന വില ഭീമമായിരിക്കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close