അന്പത്തിയേഴിന്റെ നിറവില്‍ മലയാളത്തിന്റെ വാനമ്പാടി

മുറിപ്പാവടയുമിട്ട് സ്റ്റേജില്‍ കയറിയ ഒരു പത്തു വയസ്സുകാരി, ജീവിതത്തിലാദ്യമായി ഒരു വേദിക്കു മുമ്പില്‍ പാടുകയാണ്. ഭയത്തോടെ എങ്കിലും ആ കൊച്ചു ഗായിക പാടിയ ഗാനം മലയാളിയേറ്റുവാങ്ങിയത് ഹൃദയം കൊണ്ടായിരുന്നു. ഇന്ന് ആ ശബ്ദം ദിവസത്തിലൊന്നെങ്കിലും മലയാളി കേള്‍ക്കുന്നുണ്ടാവണം. മലയാളത്തിന്റെ സ്വന്തം വാനമ്പാടി എന്ന പേരും ആ ഗായികയ്ക്കു സ്വന്തം. മലയാളത്തിന്റെ വാനമ്പാടി കെ.എസ് ചിത്രയ്ക്ക് ഇന്ന് പിറന്നാള്‍ നിറവിലാണ്. നാല് പതിറ്റാണ്ടുകള്‍ നീണ്ട സംഗീത സപര്യയില്‍ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ , ഒറിയ, ഹിന്ദി, ബംഗാളി തുടങ്ങിയ ഭാഷകളിലായി ഇരുപത്തയ്യായിരത്തില്‍ അധികം പാട്ടുകള്‍. രാജ്യത്തിന് അകത്തും പുറത്തും ഒട്ടനവധി ആരാധകര്‍. അവരുടെ സ്നേഹം. ഈ മഹാപ്രതിഭ തന്റെ അര്‍പ്പണബോധംകൊണ്ടും കഠിനപ്രയ്തനം കൊണ്ടും നേടിയെടുത്ത നേട്ടങ്ങള്‍ എണ്ണിയാല്‍ തീരില്ല
1979-ല്‍ എം.ജി രാധാകൃഷ്ണന് സംഗീത സംവിധാനം നിര്‍വഹിച്ച ‘അട്ടഹാസം’ എന്ന ചിത്രത്തിലൂടെയായിരുന്നു മലയാള പിന്നണി ഗാനരംഗത്ത് ചിത്ര അരങ്ങേറ്റം കുറിച്ചത്. ഒരു വര്‍ഷത്തിന് ശേഷമാണ് ആ ചിത്രം പുറത്തിറങ്ങിയത്. പത്മരാജന് സംവിധാനം ചെയ്ത നവംബറിന്റെ നഷ്ടം എന്ന ചിത്രത്തിലെ ‘അരികിലോ അകലെയോ..’ ആണ് ആദ്യം പുറത്തിറങ്ങിയ ഗാനം. ‘ഞാന്‍ ഏകനാണ്’ എന്ന ചിത്രത്തിനു വേണ്ടി സത്യന് അന്തിക്കാട് രചിച്ച് എം.ജി രാധാകൃഷ്ണന് സംഗീതമൊരുക്കിയ ‘രജനീ പറയൂ…’ എന്ന ഗാനമാണ് ചിത്രയുടെ ആദ്യ സോളോ ഹിറ്റ്.. 1983ല്‍ പുറത്തിറങ്ങിയ മാമാട്ടിക്കുട്ടിയമ്മ എന്ന ചിത്രത്തിലെ ‘ആളൊരുങ്ങി അരങ്ങൊരുങ്ങി’ എന്ന ഗാനം ഹിറ്റ് ആയതോടെ ചിത്രയെ തേടി നിരവധി അവസരങ്ങള്‍ എത്തി . മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഒറിയ, ഹിന്ദി, ബംഗാളി, അസമീസ് തുടങ്ങി വിവിധ ഭാഷകളിലായി 15,000ത്തിലേറെ ഗാനങ്ങള്‍ ചിത്ര പാടിയിട്ടുണ്ട്.
പുഞ്ചിരിക്കുന്ന ചിത്രയുടെ മുഖം മാത്രമാണ് മലയാളിക്കു സുപരിചിതം. ഏറെ പ്രിയപ്പെട്ട കണ്മണിയെ ചിത്രയ്ക്ക് നഷ്ടമായപ്പോള്‍ ആ ദുഃഖത്തിലും മലയാളി ഒരു പോലെ പങ്കുകൊണ്ടു. ഒരിടവേളയ്ക്കു ശേഷം സംഗീത ലോകത്തേക്ക് തിരിച്ച് വന്നപ്പോള്‍ മുന്പുള്ളതിനേക്കാളെറെ ഇഷ്ടത്തോടെയാണ് ചിത്രയെ സ്വീകരിച്ചത്. ചിത്രയ്ക്കുയരാന് ഇനിയും ഏറെ സംഗീത വിതാനങ്ങളുണ്ട്. എത്ര കേട്ടാലും മതിവരാത്തതാണ് ചിത്രയുടെ ഗാനങ്ങളും. ഭാഷാഭേദങ്ങള്‍ക്കപ്പുറം സംഗീതമെന്ന ഭാഷയില്‍ ജീവിക്കുകയാണ് മലയാളത്തിന്റെ വാനമ്പാടി. ഇനിയും നിരവധി വര്‍ഷങ്ങള്‍ ആ ഗാനമാധുരി നിലനില്ക്കട്ടെ എന്നു പ്രാര്‍ത്ഥിക്കുകയാണ് ആരാധകര്‍.