
തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസില്‍ അന്വേഷണം കൂടുതല്‍ പേരിലേക്ക് വ്യാപിക്കുന്നു. ജലാല്‍ മുഹമ്മദും അന്വേഷണത്തിലുള്ള റബിന്‍സും കൂടാതെ മൂവാറ്റുപുഴ സ്വദേശികളായ വേറെയും ചിലര്‍ തിരുവനന്തപുരം സ്വര്‍ണക്കടത്തു കേസില്‍ ഉള്‍പ്പെട്ടതായുള്ള സൂചനകളാണ് ഇപ്പോള്‍ ലഭിക്കുന്നത്. ഇപ്പോള്‍ ദുബായിലുള്ള, ‘ആനിക്കാട് ബ്രദേഴ്സ്’ എന്നറിയപ്പെടുന്ന രണ്ടു പേരാണ് സ്വര്‍ണക്കള്ളക്കടത്തിനു പുറമേ കള്ളപ്പണ ഇടപാടുകളുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലുള്ളത്. മൂവാറ്റുപുഴയിലെ ഒരു വ്യാപാരിയും നിരീക്ഷണത്തിലാണ്. ദുബായിലെ ഹവാല ഇടപാടുകളില്‍ അന്വേഷണ ഏജന്‍സികള്‍ പലവട്ടം പരിശോധനകള്‍ നടത്തിയിട്ടുള്ള മൂവാറ്റുപുഴ സ്വദേശിയുടെ ബന്ധുക്കളാണ് റബിന്‍സും ജലാലും. ഇവരെ കള്ളക്കടത്തിലേക്ക് എത്തിച്ചത് ആനിക്കാട് ബ്രദേഴ്സാണെന്നാണ് വിവരം. പെരുമറ്റം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സംഘത്തിലെ എട്ടു പേരാണ് മുമ്പ് അറസ്റ്റിലായത്. അന്വേഷണഘട്ടത്തില്‍ ആനിക്കാട് ബ്രദേഴ്സ് റബിന്‍സിനെയും ജലാലിനെയും വിദേശത്തേക്കു കടക്കാന്‍ സഹായിക്കുകയായിരുന്നു. വിദേശത്തേക്കു കടന്നതിനാല്‍ ഇരുവരും കേസില്‍ അറസ്റ്റിലാകാതെ രക്ഷപ്പെടുകയായിരുന്നു. ചുരുങ്ങിയ കാലം കൊണ്ട് റബിന്‍സും ജലാലും വമ്പന്‍ സ്വത്തിന്റെ അധിപതികളായെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്. 2015ലെ നെടുമ്പാശേരി സ്വര്‍ണക്കള്ളക്കടത്തു കേസില്‍ അറസ്റ്റിലായവര്‍ പുറത്തിറങ്ങി കേരളത്തില്‍ സജീവമായപ്പോള്‍, ജലാലിന്റെയും റബിന്‍സിന്റെയും ‘ആനിക്കാട് ബ്രദേഴ്സി’ന്റെയും നിയന്ത്രണത്തിലായി ഗള്‍ഫിലെ സ്വര്‍ണക്കടത്ത്.
ഇതിനിടെ നയതന്ത്ര ബാഗേജ് വഴി കടത്തിയ സ്വര്‍ണമെല്ലാം വിറ്റഴിച്ചതായി കസ്റ്റംസ്. തെളിവ് ശേഖരണത്തിന്റെ ഭാഗമായി നടത്തിയ അന്വേഷണത്തിനും ചോദ്യം ചെയ്യലിനുമൊടുവിലാണ് കസ്റ്റംസ് മുമ്പാകെ പ്രതികള്‍ കുറ്റസമ്മതം നടത്തിയത്. ഹവാല സംഘം വഴി സ്വര്‍ണം വിറ്റഴിച്ച് പണമാക്കിയെന്നാണ് പ്രതികളുടെ മൊഴി. സ്വര്‍ണക്കടത്തിലെ പ്രധാന ആസൂത്രകള്‍ റമീസുള്പ്പെടെയുള്ളവരാണ് കസ്റ്റംസ് മുമ്പാകെ മൊഴി നല്‍കിയത്. പിടികൂടിയ പ്രതികളില്‍ പലരും ഇക്കാര്യം തുറന്നുസമ്മതിച്ചതായാണ് കസ്റ്റംസ് വൃത്തങ്ങള്‍ പറയുന്നത്. അതേസമയം വിറ്റഴിക്കാതെയുള്ള ഏതെങ്കിലും സ്വര്‍ണം ഇവരുടെ കൈവശം അവശേഷിക്കുന്നുണ്ടോയെന്നു കസ്റ്റംസ് അന്വേഷിക്കുന്നുണ്ട്. നയതന്ത്ര പാഴ്സല്‍ വഴി എത്തിക്കുന്ന സ്വര്‍ണം റമീസ് വിവിധ സ്ഥലങ്ങളിലെ ചെറുകിട സ്വര്‍ണക്കടത്ത് സംഘത്തിന് കൈമാറിയിരുന്നു. ഈ സ്വര്‍ണം സംസ്ഥാനത്തിനകത്തുള്ള ഹവാല ഏജന്റുമാര്‍ക്ക് ഇവര്‍ നല്കി.
സ്വര്‍ണത്തിന് പകരം കറന്‍സി അപ്പോള്‍ തന്നെ ഹവാല സംഘം തിരിച്ച് നല്‍കും. ഈ തുക വിവിധ സ്ഥലങ്ങളിലായുള്ള സംഘങ്ങള്‍ ഏറ്റുവാങ്ങി ജ്വല്ലറികളില്‍ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. കോഴിക്കോട് ഹസ ജ്വല്ലറി ഉള്‍പ്പെടെയുള്ള ജ്വല്ലറികളിലാണ് ഇവര്‍ പണം നിക്ഷേപിച്ചത്. എന്നാല്‍ പണം നിക്ഷേപിച്ച ജ്വല്ലറികള്‍ ഏതൊക്കെയാണെന്നത് അന്വേഷിച്ചുവരികയാണ്. ചില ജ്വല്ലറികളുടെ പേരുകള്‍ പ്രതികള്‍ തുറന്നുപറഞ്ഞതായാണ് സൂചന. അതേസമയം നേരത്തെ നയതന്ത്ര ബാഗേജ് വഴി കടത്തിയ സ്വര്‍ണം തമിഴ്നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളിലേക്ക് കൊണ്ടുപോയിരുന്നതായും പ്രതികള്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഇത് സ്ഥിരീകരിക്കാന്‍ കസ്റ്റംസ് തയാറായിട്ടില്ല. റോഡ് മാര്‍ഗം സ്വര്‍ണം കൊണ്ടുപോയി ഇവിടങ്ങളില്‍ എത്തിച്ച് പണമാക്കി തിരിച്ചുകൊണ്ടുവരികയാണ് പലസംഘങ്ങളും ചെയ്യുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള ഏജന്റുമാര്‍ സംസ്ഥാനത്ത് തന്നെ നിലയുറപ്പിച്ച സാഹചര്യത്തില്‍ യാത്രകള്‍ ഒഴിവാക്കി സുരക്ഷിതമായി സ്വര്‍ണം വിറ്റഴിച്ചുവെന്നാണ് കസ്റ്റംസ് സംശയിക്കുന്നത്.