Breaking NewsKERALANEWSTrending

അപകട‌ത്തെ തുടർന്ന് തൃശ്ശൂർ പൂരത്തിന്റെ വെടിക്കെട്ട് ഉപേക്ഷിച്ചു; കത്തിച്ചുകളഞ്ഞത് കുഴികളിൽ നിറച്ച വെടിമരുന്നുകൾ തിരിച്ചെടുത്ത് നിർവീര്യമാക്കുന്നത് ശ്രമകരമായതിനാൽ

തൃശൂര്‍: തൃശൂര്‍ പൂരത്തിനിടെ ആൽമരം മരം വീണ് അപകടമുണ്ടായ പശ്ചാത്തലത്തിൽ വെടിക്കെട്ട് ഉപേക്ഷിച്ചു. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ വെടിമരുന്നുകൾ കത്തിച്ച് നശിപ്പിക്കുകയായിരുന്നു. അപകടം നടക്കുന്നതിന് മുമ്പ് തന്നെ വെടിമരുന്നുകള്‍ എല്ലാം നിറച്ചു കഴിഞ്ഞിരുന്നു. അത് തിരിച്ചെടുത്ത് നിര്‍വീര്യമാക്കുന്നത് അപകടമായതിനാലാണ് കത്തിച്ച് നശിപ്പിച്ച് കളയാൻ തീരുമാനമെടുത്തത്. മറ്റു ചടങ്ങുകളുടെ കാര്യത്തില്‍ തീരുമാനം വന്നിട്ടില്ല.

രാത്രി 12മണിയോടെയാണ് ആൽമരം വീണ് രണ്ടു പേർ മരിച്ചത്. തിരുവമ്പാടി ദേവസ്വം ആഘോഷ കമ്മിറ്റി അംഗവും ഇൻഷുറൻസ് കമ്പനി ഉദ്യോഗസ്ഥനുമായ രമേഷ് (56), പൂരം എക്സിബിഷൻ കമ്മിറ്റി അസി.സെക്രട്ടറി പനിയത്ത് രാധാകൃഷ്ണ മേനോൻ(56) എന്നിവരാണ് മരിച്ചത്. അപകടത്തിൽ 27 പേർക്ക് പരുക്കുണ്ട്. 20 പേരെ ജില്ലാ ആശുപത്രിയിലും 7 പേരെ മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.

ബ്രഹ്മസ്വം മഠത്തിനു സമീപം പഞ്ചവാദ്യം നടന്നുകൊണ്ടിരിക്കുമ്പോഴാണ് ആൽമരത്തിന്റെ കൂറ്റൻ കൊമ്പ് ഒടിഞ്ഞുവീണത്. നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്സും സമയോചിതമായി നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലൂടെയാണ് ആളുകളെ പുറത്തെടുത്തത്. ഒന്നര മണിക്കൂര്‍ സമയമെടുത്ത് ഫയര്‍ഫോഴ്സ് ആല്‍മരം മുറിച്ച് മാറ്റി. മരം വീണ ഉടൻ ആന ഭയന്നു ഓടി. കുട്ടന്‍കുളങ്ങര അര്‍ജുനന്‍ എന്ന ആനയാണ് ഭയന്നോടിയത്. പിന്നീട് ആനയെ തളച്ചതായും ദൃക്സാക്ഷികള്‍ പറഞ്ഞു.

വൈദ്യുതി കമ്പിയിലേക്കാണ് മരം പൊട്ടി വീണത്. രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ ചിലരുടെ കൈ പൊള്ളിയതായും റിപ്പോർട്ടുകളുണ്ട്. പഞ്ചവാദ്യം കൊട്ടിക്കയറുന്ന സമയത്താണ് അപകടം ഉണ്ടായതെന്ന് പൂരം ജോലികളില്‍ ഏര്‍പ്പെട്ടിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പൊലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എന്‍‍‍ഡിആര്‍എഫ് സംഘവും കളക്ടറും ജില്ലാ പൊലീസ് മേധാവിയും സ്ഥലത്ത് എത്തിയിട്ടുണ്ട്. കോവി‍ഡ് നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ ഇത്തവണ വളരെ കുറച്ച് ആളുകള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തിരുന്നത്. ആള്‍ക്കൂട്ടം കുറഞ്ഞത് വലിയ ദുരന്തം ഒഴിവാക്കിയെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close