തിരുവനന്തപുരം: കെ സുധാകരനെ കെ പി സി സി പ്രസിഡന്റാക്കണമെന്ന ആവശ്യവുമായി അണികൾ തെരുവിലിറങ്ങുമ്പോൾ, ചുമതലകളിൽ നിന്നും പൂർണമായി ഒഴിഞ്ഞ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഇന്ന് നടക്കുന്ന യു.ഡി.എഫ്. യോഗത്തിൽ നിന്ന് മുല്ലപ്പള്ളി വിട്ടുനിൽക്കും എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. കെ.പി.സി.സി. അധ്യക്ഷ സ്ഥാനം ഒഴിയാനുള്ള സന്നദ്ധത പാർട്ടി നേതൃത്വത്തെ അറിയിച്ചെന്നും അതിനാൽ ഔദ്യോഗിക പദവി ഇനി ഉപയോഗിക്കില്ല എന്നുമാണ് മുല്ലപ്പള്ളിയുടെ നിലപാട്.
രാജി അറിയിച്ചതിനാല്‍ യുഡിഎഫ് യോഗത്തിൽ പങ്കെടുക്കുന്നില്ലെന്ന് രമേശ് ചെന്നിത്തലയേയും മുല്ലപ്പള്ളി അറിയിച്ചിട്ടുണ്ട്. കെ.പി.സി.സി. അധ്യക്ഷനെന്ന നിലയിലായിരുന്നു അദ്ദേഹം യോഗത്തിൽ പങ്കെടുക്കേണ്ടിയിരുന്നത്. നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വലിയ തോൽവിയെ അഭിമുഖീകരിക്കേണ്ടി വന്നതോടെ വലിയ വിമർശനമായിരുന്നു മുല്ലപ്പള്ളിക്കെതിരേ പാർട്ടിക്കുള്ളിൽനിന്ന് ഉയർന്നത്. അധ്യക്ഷസ്ഥാനം ഒഴിയണമെന്നും ആവശ്യപ്പെട്ടിരുന്നു. തുടർന്ന് മുല്ലപ്പള്ളി രാജി സന്നദ്ധത അറിയിച്ചതായി രമേശ് ചെന്നിത്തല തന്റെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇന്ന് നടക്കുന്ന യോഗത്തിൽനിന്ന് വിട്ടുനിൽക്കാനും തീരുമാനിച്ചത്.
തിരഞ്ഞെടുപ്പു പരാജയത്തെ തുടർന്ന് പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തലയ്ക്കെതിരേയും മുല്ലപ്പള്ളിക്കെതിരേയുമായിരുന്നു വിമർശനങ്ങൾ മുഴുവൻ. പ്രതിപക്ഷനേതൃ സ്ഥാനത്ത് നിന്ന് രമേശ് ചെന്നിത്തല മാറി വി.ഡി. സതീശൻ വന്നതിന് സമാനമായി കെ.പി.സി.സി. അധ്യക്ഷനും മാറണമെന്നായിരുന്നു ആവശ്യം. കെ.പി.സി.സി. അധ്യക്ഷ സ്ഥാനത്തേക്ക് കെ. സുധാകരൻ, പി.ടി. തോമസ് എന്നിവരുടെ പേരുകൾക്കാണ് ഇപ്പോൾ മുൻതൂക്കമുള്ളത്. എന്നാൽ, സുധാകരൻ അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്നതിന് എതിരേയുള്ള ചരട് വലികളും നടക്കുന്നുണ്ട്. പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് വി.ഡി. സതീശനെ പരിഗണിച്ചത് പോലെ മുതിർന്ന നേതാക്കളെ കേൾക്കാതെ ഹൈക്കമാൻഡ് തീരുമാനമെടുക്കില്ലെന്ന പ്രതീക്ഷയിലാണ് എ, ഐ ഗ്രൂപ്പുകളുള്ളത്.
അതിനിടെ കെപിസിസി ആസ്ഥാനത്തിന് മുന്നിൽ കെ സുധാകരനെ അനുകൂലിച്ച് പ്രവർത്തകർ എത്തി. സുധാകരനെ വിളിക്കൂ കോൺഗ്രസിനെ രക്ഷിക്കൂ എന്നാണ് ബാനർ. ഈരാറ്റുപേട്ടയിൽ നിന്നുള്ള മൂന്ന് പ്രവർത്തകരാണ് ബാനറുമായി പ്രതിഷേധത്തിന് എത്തിയത്.