KERALANEWSTop News

അഭയക്കേസ് വിധിക്കെതിരെ കത്തോലിക്കാ സഭ, അഭയയ്ക്ക് നീതി കൊടുക്കാനുള്ള ശ്രമം മറ്റുള്ളവര്‍ക്ക് നീതി നിഷേധത്തിനിടയാക്കിയെന്നും ആരോപണം

കൊച്ചി : സി. അഭയക്കേസില്‍ പുറത്തുവന്ന വിധി ആള്‍ക്കൂട്ട, മാധ്യമ വിചാരണയുടെ മുന്‍വിധിയാണെന്ന് കത്തോലിക്കാ സഭയുടെ ഔദ്യോഗിക പ്രസിദ്ധീകരണം. സി.അഭയയ്ക്ക് നീതി കൊടുക്കാനുള്ള ശ്രമം മറ്റുള്ളവര്‍ക്ക് നീതി നിഷേധത്തിനിടയാക്കി. കേസന്വേഷണത്തിന്റെ നാള്‍വഴികള്‍ മറ്റൊരു സ്ത്രീത്വത്തെ അപമാനിക്കുകയായിരുന്നുവെന്നും മുഖപത്രം കുറ്റപ്പെടുത്തുന്നു. അഭയനീതി പൂര്‍ത്തിയാക്കപ്പെട്ടോ എന്ന ചോദ്യത്തിന്റെ ഉത്തരം ലഭിക്കേണ്ടത് മേല്‍ക്കോടതിയില്‍ നിന്നാണെന്നും ജനകീയ സമ്മര്‍ദ്ദങ്ങളെയും പ്രതികളെ പിടിച്ചു കൊടുക്കുന്ന മാധ്യമ വിചാരണയേയും അതിജീവിച്ച് നീതി ജലം പോലെ ഒഴുകട്ടെയെന്നും എറണാകുളം അങ്കമാലി അതിരൂപതാ മുഖപത്രമായ സത്യദീപം പറയുന്നു.

സി.അഭയയുടെ കൊലപാതവും തുടര്‍ന്നു വന്ന കോടതി വിധിയേയും കുറിച്ചുള്ള സത്യദീപത്തിന്റെ മുഖപ്രസംഗത്തിലാണ് വിവാദ പരാമര്‍ശങ്ങള്‍ കടന്നു കൂടിയിരിക്കുന്നത്. സിസ്റ്റര്‍ അഭയയോടൊപ്പം നീര്‍ച്ചുഴില്‍ നിലവിളിച്ചൊടുങ്ങിയത് സുവിശേഷ നീതിയാണ്. അതിനാല്‍ മൂന്നാം ദിവസത്തെ ഉയര്‍പ്പിന് അവള്‍ക്ക് അവകാശമുണ്ടെന്നു പറയുന്ന മുഖപ്രസംഗം എന്നാല്‍ കോടതി വിധിയിലൂടെ ഇപ്പോള്‍ ഉയര്‍ത്തെഴുന്നേറ്റത് പൂര്‍ണ സത്യമാണോ എന്ന സംശയം പ്രകടിപ്പിക്കുന്നു. കാലവും കാത്തിരുപ്പും ഒരുമിച്ചൊരുക്കിയ പൊതുബോധ നിര്‍മ്മിത കഥയായ ലൈംഗീക കൊലയെന്ന ജനപ്രിയ ചേരുവയിലെ വിവരങ്ങള്‍ അതേപടി വിധിയിലും വിന്യസിക്കപ്പെട്ടുവെന്നു മുഖപ്രസംഗം ആരോപിക്കുന്നു.

മൂന്നു ദശാബ്ദത്തിലേറെ നീണ്ട അഭയ കേസിന്റെ കുറ്റാന്വേഷണ വിചാരണരീതികളെ അസാധാരണമാംവിധം സങ്കീര്‍ണ്ണമാക്കിയതില്‍ ആരോപണപ്രത്യാരോപണങ്ങളുടെ മുള്‍മുനകളുണ്ടായിരുന്നുവെന്നാണ് സത്യദീപം കുറ്റപ്പെടുത്തുന്നത്. അപകീര്‍ത്തി പ്രയോഗങ്ങളുടെ നിര്‍ദ്ദയമുറകളും തെളിവുകള്‍ നശിപ്പിക്കപ്പെട്ടതിന്റെ നിസ്സഹായതയും, അട്ടിമറിക്കപ്പെടുന്ന അന്വേഷണദിശകളെക്കുറിച്ചുള്ള അങ്കലാപ്പുമായിരുന്നു സഭ മുമ്പോട്ടു വച്ചത്. ശരിയായ അന്വേഷണത്തില്‍ ശാസ്ത്രീയമായി കണ്ടെത്തുന്ന തെളിവുകള്‍ വസ്തുതകളോട് പൊരുത്തപ്പെടുന്ന മുറയ്ക്ക് മാത്രം തെളിയേണ്ടതാണ് നീതിന്യായ കോടതിയില്‍ ഉറപ്പിക്കപ്പെടുന്ന സത്യം. എന്നാല്‍ അതിനു മുന്‍പെ ചില അല്‍പസത്യങ്ങളും അര്‍ദ്ധസത്യങ്ങളും തെരുവ് മാധ്യമങ്ങളില്‍ ആള്‍ക്കൂട്ട വിചാരണയ്ക്ക് വിധേയപ്പെടുത്തിയെന്നുള്ളത് സി. അഭയയ്ക്ക് നീതിനേടിക്കൊടുക്കാനുള്ള ശ്രമത്തിനിടയില്‍ മറ്റുള്ളവര്‍ക്ക് നീതിനിഷേധത്തിനിടയാക്കിയോ എന്ന സംശയത്തെ ഗൗരവമാക്കുന്നുണ്ടെന്നും സത്യദീപം പറയുന്നു. കേസന്വേഷണത്തിന്റെ നാള്‍വഴികള്‍ മറ്റൊരു സ്ത്രീത്വത്തിന്റെ അപമാനീകരണ വഴികള്‍ കൂടിയായിരുന്നുവെന്നത് സാംസ്‌കാരിക കേരളത്തിന്റെ അപചയവൈകൃതം തന്നെയാണെന്നും സി. സെഫിയുടെ പേരു പറയാതെ സത്യദീപം വ്യക്തമാക്കുന്നു. അഭയക്കേസില്‍ വന്നത് വിചാരണ തീരുംമുമ്പേ വന്ന വിധിയാണ്. മുഖമൊളിപ്പിക്കാവുന്ന മുഖപുസ്തകത്തിലെ പിതൃത്വമേറ്റെടുക്കേണ്ടതില്ലാത്ത പൊളിയെഴുത്തുകാരുടെ സംഘം ചേരലിലൂടെയാണ് വിധി വന്നതെന്നും സത്യദീപം പറയുന്നു. ഒറ്റക്ക് നില്‍ക്കുമ്പോള്‍ ഉച്ചത്തില്‍ പറയാനാകാത്തത് ഒരുമിച്ചു ചേരുമ്പോള്‍ ഉറപ്പിച്ചു പറയുന്നതിന് പുറകില്‍ ആള്‍ക്കൂട്ട മനസിന്റെ സംഘബോധമാണെന്ന ആരോപണമാണ് കേസിലെ സാക്ഷികളെ കുറിച്ച് സത്യദീപം ആക്ഷേപിക്കുന്നത്.

ഒരു കേസിന്റെ അന്തിമതീര്‍പ്പില്‍ ചോദ്യങ്ങള്‍ക്കുള്ള പൂര്‍ണ്ണവിരാമമുണ്ടാകേണ്ടതാണ്. എന്നാല്‍ ഇവിടെ ചോദ്യങ്ങള്‍ തുടരുക തന്നെയാണ്. വൈകുന്ന നീതി അനീതിതന്നെയാകയാല്‍ അഭയയുടെ നീതി വൈകുന്നതിന്റെ കാരണങ്ങളില്‍ നീതിന്യായ വ്യവസ്ഥയിലെ അവ്യവസ്ഥകള്‍ മാത്രമാണോ എന്ന ചോദ്യം പ്രസക്തമാണ്. ചില ഉന്നത കേന്ദ്രങ്ങളുടെ അനധികൃത ഇടപെടലുകളെ ന്യായീകരിക്കുന്ന പുതിയ വെളി പ്പെടുത്തലുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും.
വൈകിവന്ന വിധിയില്‍ ‘അഭയനീതി’ പൂര്‍ത്തീയാക്കപ്പെട്ടുവോ എന്ന ചോദ്യത്തിന്റെ ഉത്തരം മേല്‍ക്കോടതിയിലാണ്. പൊതുജനാഭിപ്രായമെന്ന ജനകീയ സമ്മര്‍ദ്ദത്തെ അതിജീവിച്ചും പ്രതികളെ ‘പിടിച്ചുകൊടുക്കുന്ന’ മാധ്യമവിചാരണയെ അതിജയിച്ചും ‘നീതി ജലം പോലെ ഒഴുകട്ടെ.’ നീതിന്യായകോടതിയിലും, പിന്നെ ദൈവത്തിന്റെ കോടതിയിലും എന്നു പറഞ്ഞാണ് മുഖപ്രസംഗം അവസാനിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close