KERALANEWSTop NewsTrending

അഭയക്ക് നീതി ! ഇതു ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ കൂടി വിജയം

കോട്ടയം: ആക്ഷന്‍ കൗണ്‍സില്‍ എന്ന പേര് മലയാളികള്‍ക്ക് സുപരിചതമായി തുടങ്ങിയത് സിസ്റ്റര്‍ അഭയ കൊലക്കേസിലൂടെയായിരുന്നു. ആത്മഹത്യയെന്ന് പോലീസും ക്രൈംബ്രാഞ്ചും വിധിയെഴുതിയ അഭയയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തുന്നതിലേക്ക് വഴിതുറന്നതും ഈ ആക്ഷന്‍ കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങളായിരുന്നു. 28 വര്‍ഷങ്ങള്‍ക്കിപ്പുറം അഭയ കൊലക്കേസില്‍ വിധി പ്രസ്താവിച്ചതോടെ അത് ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെയും അഭയയുടെ മരണവുമായി ബന്ധപ്പെട്ട് രൂപവത്കരിച്ച ആക്ഷന്‍ കൗണ്‍സിലിന്റെയും നിയമപോരാട്ടങ്ങളുടെ കൂടി വിജയമാണ്.

1992 മാര്‍ച്ച് 27-നാണ് കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റില്‍ ദുരൂഹസാഹചര്യത്തില്‍ അഭയയുടെ മൃതദേഹം കണ്ടെത്തിയത്. കോട്ടയം ജില്ലയിലെ അരീക്കരയില്‍ ഐക്കരകുന്നേല്‍ തോമസിന്റെയും ലീലാമ്മയുടെയും മകളായിരുന്നു അഭയ. അച്ഛന്‍ തോമസും അമ്മ ലീലാമ്മയും നാലു വര്‍ഷം മുന്‍പ് മരിച്ചു. കേസ് അന്വേഷണം അട്ടിമറിച്ച്അഭയയുടെ മരണം ആത്മഹത്യയാക്കാന്‍ ലോക്കല്‍ പോലീസ് ശ്രമിച്ചതോടെ 1992 മാര്‍ച്ച് 31-നാണ് കോട്ടയം മുനിസിപ്പല്‍ ചെയര്‍മാന്‍ പി.സി.ചെറിയാന്‍ മടുക്കാനി പ്രസിഡന്റും ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ കണ്‍വീനറുമായി ആക്ഷന്‍ കൗണ്‍സില്‍ രൂപവത്കരിച്ചത്. തുടര്‍ന്ന് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കോട്ടയത്ത് നിരവധി സമര പോരാട്ടങ്ങള്‍ നടത്തി. ലോക്കല്‍ പോലീസ് 17 ദിവസവും ക്രൈംബ്രാഞ്ച് ഒമ്പതര മാസവും കേസ് അന്വേഷിച്ചു. 1993 ജനുവരി 30- ന് കോട്ടയം ആര്‍.ഡി.ഒ കോടതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം അവസാനിപ്പിച്ചു കൊണ്ട് റിപ്പോര്‍ട്ട് നല്‍കി.

പോലീസും ക്രൈംബ്രാഞ്ചും മരണത്തില്‍ ദുരൂഹതയില്ലെന്ന് തീര്‍ത്തുപറഞ്ഞെങ്കിലും ജോമാന്‍ പുത്തന്‍പുരയ്ക്കലും ആക്ഷന്‍കൗണ്‍സിലും പിന്‍വാങ്ങിയില്ല. സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് ഇവര്‍ മുഖ്യമന്ത്രിയെ കണ്ടു. ഒടുവില്‍ 1993 ഏപ്രില്‍ 30-ന് സി.ബി.ഐ. സംഘം കേസ് ഏറ്റെടുത്തു. പക്ഷേ, അന്വേഷണച്ചുമതലയുണ്ടായിരുന്ന സി.ബി.ഐ. ഡിവൈ.എസ്.പി. വര്‍ഗീസ് പി.തോമസ് സര്‍വീസില്‍നിന്ന് വിരമിക്കാന്‍ വര്‍ഷങ്ങള്‍ ബാക്കിയിരിക്കെ രാജിവെച്ചതോടെ കേസില്‍ വീണ്ടും സംശയങ്ങളുണര്‍ന്നു. രാജിവെച്ചതിന് പിന്നാലെ സി.ബി.ഐ. എസ്.പി. ത്യാഗരാജനെതിരേ വര്‍ഗീസ് പി.തോമസ് ഗുരുതര ആരോപണങ്ങളുന്നയിച്ച് വാര്‍ത്താസമ്മേളനം നടത്തി. അഭയയുടെ മരണം ആത്മഹത്യയാണെന്ന റിപ്പോര്‍ട്ട് നല്‍കാന്‍ എസ്.പി. ത്യാഗരാജന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നായിരുന്നു വര്‍ഗീസ് പി.തോമസിന്റെ വെളിപ്പെടുത്തല്‍. ഇതോടെ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ കൃത്യമായി വിഷയത്തില്‍ ഇടപെട്ടു. വര്‍ഗീസ് പി.തോമസിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ അഭയക്കേസിന്റെ മേല്‍നോട്ട ചുമതലയില്‍ നിന്നും സിബിഐ കൊച്ചി യൂണിറ്റ്എസ്.പി സ്ഥാനത്ത് നിന്നും വി.ത്യാഗരാജനെഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ 1994 മാര്‍ച്ച് 17-ന് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.

1994 ജൂണ്‍ 2-ന് അന്നത്തെ സിബിഐ ഡയറക്ടര്‍ കെ. വിജയരാമറാവുവിനെ എം.പി.മാരായഒ.രാജഗോപാല്‍,ഇ.ബാലാനന്ദന്‍,പി.സി.തോമസ് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ എന്നിവര്‍ ചേര്‍ന്ന്നേരില്‍ കണ്ട് പരാതി നല്‍കിയതിന് തുടര്‍ന്ന് ത്യാഗരാജനെ അഭയക്കേസിന്റെ മേല്‍ നോട്ടത്തില്‍ നിന്നും ചെന്നൈയിലേക്ക് സ്ഥലം മാറ്റി. അതോടൊപ്പം എം.എല്‍ ശര്‍മയുടെ നേത്യത്വത്തിലുള്ള സിബിഐ സംഘം അഭയക്കേസ് അന്വേഷിക്കാന്‍ ഉത്തരവിട്ടു. ത്യാഗരാജനെ മാറ്റണമെന്ന ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലെ ആവശ്യം സിബിഐ ഡയറക്ടര്‍ നടപ്പിലാക്കിയെന്ന് കാണിച്ചുകൊണ്ട് സിബിഐ സത്യവാങ്മൂലം ഫയല്‍ ചെയ്തതിനെ തുടര്‍ന്ന് 1994 ജൂലൈ 22-ന് ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ ഹര്‍ജി തീര്‍പ്പാക്കികൊണ്ട് ഹൈക്കോടതി ഉത്തരവിട്ടു.

2007 മെയ് 9 നും 18 നും സിബിഐ ഡയറക്ടര്‍ വിജയശങ്കരനെനേരില്‍ കണ്ട ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നല്‍കിയ പരാതിയിന്മേല്‍ സിബിഐ ഡല്‍ഹി ക്രൈം യൂണിറ്റ് എസ്.പിയും താജ് ഇടനാഴികേസിലെ അന്വേഷണ ഉദ്യോഗസ്ഥനുമായ ആര്‍.എം.കൃഷ്ണയുടെയുംസിബിഐ ഡി.വൈ.എസ്.പി ആര്‍.കെ.അഗര്‍വാളിന്റെയും നേതൃത്വത്തില്‍ പ്രത്യേകസംഘം അഭയ കേസിന്റെ അന്വേഷണം നടത്തുവാന്‍ സിബിഐ ഡയറക്ടര്‍ഉത്തരവിട്ടു. എസ്.പി. ആര്‍.എം .കൃഷ്ണയുടെയും ഡി.വൈ.എസ്.പി ആര്‍.കെ.അഗര്‍വാളിന്റെ നേതൃത്വത്തിലുള്ള സിബിഐ സംഘം കോട്ടയത്ത് ക്യാമ്പ് ചെയ്ത്അന്വേഷണം നടത്തി പ്രതികളെ ബാംഗ്ലൂരില്‍ നാര്‍കോ അനാലിസിസ് ടെസ്റ്റ് നടത്തി. നാര്‍കോ അനാലിസിസ്ടെസ്റ്റ് റിസള്‍ട്ട് കോടതിയില്‍ ഹാജരാക്കാന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ ഹര്‍ജിയിന്മേല്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പിന്നീട് അഭയ കേസിന്റെ അന്വേഷണം ഡല്‍ഹി യൂണിറ്റില്‍ നിന്നും കൊച്ചി യൂണിറ്റിലേക്ക്കൈമാറി. തുടര്‍ന്ന് കൊച്ചി യൂണിറ്റ്സിബിഐ ഡി.വൈ.എസ്.പി നന്ദകുമാര്‍ നായര്‍ 2008 നവംബര്‍ 1 ന് അന്വേഷണം ഏറ്റെടുത്തു.

അഭയ കേസിലെ പ്രതികളായ ഫാ.തോമസ് കോട്ടൂര്‍,ഫാ.ജോസ് പുതൃക്കയില്‍ ,സിസ്റ്റര്‍ സെഫി എന്നിവരെ ഡി.വൈ.എസ്.പി നന്ദകുമാര്‍ നായരുടെ നേതൃത്തിലുള്ള സിബിഐ സംഘം 2008 നവംബര്‍ 18-നാണ് അറസ്റ്റ് ചെയ്തത്. 2009 ജൂലായ് 17-ന് സിബിഐ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം നല്‍കി. വിചാരണ കൂടതെ കുറ്റവിമുക്തരാക്കണം എന്ന് ആവശ്യപ്പെട്ട് മൂന്നു പ്രതികളും 2011 മാര്‍ച്ച് 16-ന് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ്കോടതിയില്‍ വിടുതല്‍ ഹര്‍ജി നല്‍കി. കുറ്റപത്രം നല്‍കി രണ്ടു വര്‍ഷം കഴിഞ്ഞാണ് പ്രതികള്‍ കോടതിയില്‍ വിടുതല്‍ ഹര്‍ജി നല്‍കിയത്. അഭയ കേസില്‍ തെളിവ് നശിപ്പിച്ച ക്രൈംബ്രാഞ്ച് എസ്.പി. ആയിരുന്നകെ.ടി. മൈക്കിള്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെ സിബിഐ തുടരന്വേഷണം നടത്തുവാന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ ഹര്‍ജിയില്‍ 2014 മാര്‍ച്ച് 19 ന് ഹൈക്കോടതി ഉത്തരവിട്ടു.

വിചാരണ കൂടാതെ കുറ്റവിമുക്തരാക്കണമെന്നുള്ള പ്രതികളുടെ ഹര്‍ജി സിബിഐ കോടതിയില്‍ പരിഗണിക്കുമ്പോള്‍ പ്രതികള്‍ഓരോ കാരണങ്ങള്‍ പറഞ്ഞു വാദം പറയുന്നത് മാറ്റിവച്ചു. ഹര്‍ജിയിലെ വാദം ഇങ്ങനെ ഒന്‍പത് വര്‍ഷത്തോളം നീട്ടിക്കൊണ്ടുപോയി. ഒടുവില്‍ സിബിഐ കോടതി ഒന്നാം പ്രതി ഫാ.കോട്ടൂരിന്റെയും രണ്ടാം പ്രതി ഫാ.ജോസ് പുതൃക്കയിലിന്റെയും,സിസ്റ്റര്‍ സെഫിയുടെയും വിടുതല്‍ ഹര്‍ജിയില്‍ അന്തിമവാദം കേട്ട് ഒരുമിച്ചു വിധി പറഞ്ഞു. ഒന്നാം പ്രതി ഫാ.തോമസ് കോട്ടൂരും മൂന്നാം പ്രതി സെഫിയും വിചാരണ നേരിടുവാന്‍ പര്യാപ്തമായ തെളിവുകളുണ്ടെന്ന് കണ്ടെത്തി തിരുവനന്തപുരം സിബിഐ കോടതി ജഡ്ജി ജെ.നാസര്‍ 2018 മാര്‍ച്ച് 7 ന് ഒന്നാം പ്രതിയുടെയുംമൂന്നാം പ്രതിയുടെയുംവിടുതല്‍ ഹര്‍ജി തള്ളി കൊണ്ട് ഉത്തരവിട്ടു. അതേസമയം, ഫാ. ജോസ് പുതൃക്കയിലിനെ വിചാരണ കൂടാതെ വെറുതെവിടാനും കോടതി ഉത്തരവിട്ടു.

ഫാ. ജോസ് പുതൃക്കയിലിനെ വിചാരണ കൂടാതെ വെറുതെവിട്ടതിനെതിരേ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ പ്രോസിക്യൂഷനാണ് അപ്പീല്‍ നല്‍കേണ്ടതെന്ന് ചൂണ്ടിക്കാണിച്ച് ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ അപ്പീല്‍ കോടതി തള്ളി. സിബിഐയുടെ കുറ്റപത്രത്തില്‍ 133 പ്രോസിക്യൂഷന്‍ സാക്ഷികളാണ് അഭയ കൊലക്കേസിലുള്ളത്. 28 വര്‍ഷം മുമ്പ് നടന്ന സംഭവമായതിനാല്‍ പല സാക്ഷികളും മരിച്ചിരുന്നു. അതിനാല്‍ 49 സാക്ഷികളെ മാത്രമേ പ്രോസിക്യൂഷന് കോടതിയില്‍ വിസ്തരിക്കാന്‍ കഴിഞ്ഞുള്ളൂ. പ്രതിഭാഗത്തിന് ഒരു സാക്ഷിയെ പോലും വിസ്തരിക്കുവാന്‍ കഴിഞ്ഞില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close