KERALANEWS

അഭയ്ക്ക് പിന്നാലെ സിസ്റ്റര്‍ ജ്യോതിസിന്റെ ദുരൂഹ മരണത്തില്‍ തുടരന്വേഷണത്തിനൊരുങ്ങി ക്രൈംബ്രാഞ്ച്

കോഴിക്കോട്: സിസ്റ്റര്‍ ജ്യോതിസിന്റെ ദുരൂഹ മരണത്തില്‍ തുടരന്വേഷണത്തിനൊരുങ്ങി ക്രൈംബ്രാഞ്ച്. 1998 നവംബര്‍ 20നാണ് കല്ലുരുട്ടി സേക്രട്ട് ഹാര്‍ട്ട് മഠം വളപ്പിലെ കിണറ്റില്‍ സിസ്റ്റര്‍ ജ്യോതിസിനെ (21) മരിച്ചനിലയില്‍ കണ്ടെത്തിയത്. നേരത്തെ ആത്മഹത്യയെന്ന് ലോക്കല്‍ പൊലീസ് എഴുതിത്തള്ളിയ കേസാണ് വീണ്ടും അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് ഒരുങ്ങുന്നത്.മരണം സംബന്ധിച്ച് മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് വീണ്ടും അന്വേഷണം. മുങ്ങിമരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞെങ്കിലും ശരീരത്തില്‍ മുറിവുള്ളതായും രക്തം വാര്‍ന്നിരുന്നതായും സൂചിപ്പിച്ചിരുന്നു. ഇതോടെ ദുരൂഹത സംശയിച്ച് നല്‍കിയ പരാതിയിലാണ് ലോക്കല്‍ പൊലീസ് അന്വേഷണം നടത്തിയത്. എന്നാല്‍ പിന്നീട് ആത്മഹത്യയെന്ന് വിധിയെഴുതുകയായിരുന്നു. മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും ജീവനൊടുക്കാനുള്ള ഒരു സാഹചര്യവും ഇല്ലായിരുന്നുവെന്നുമാണ് കുടുംബം അന്ന് പറഞ്ഞത്.

തുടര്‍ന്ന് ബന്ധുക്കള്‍ ഹര്‍ജി നല്‍കിയതിനെ തുടര്‍ന്ന് അന്വേഷണം ഏറ്റെടുക്കാന്‍ ക്രൈംബ്രാഞ്ചിനോട് ഹൈകോടതി ഉത്തരവിടുകയായിരുന്നു. അന്വേഷണത്തിനൊടുവില്‍ ലോക്കല്‍ പൊലീസിന്റെ കണ്ടെത്തലുകള്‍ ശരിവെക്കുന്ന നിലപാടാണ് ക്രൈംബ്രാഞ്ച് സ്വീകരിച്ചത്. ഇതിനിടെ കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യം ഉയര്‍ന്നെങ്കിലും പരിഗണിക്കപ്പെട്ടില്ല.സിസ്റ്റര്‍ ജ്യോതിസിന്റെ മരണം അന്വേഷിക്കണം എന്നാവശ്യപ്പെട്ട് കാത്തലിക് ലെയ്മെന്‍സ് അസോസിയേഷന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതോടെയാണ് കേസ് വീണ്ടും ചര്‍ച്ചയായത്. ഡി.ജി.പി തുടരന്വേഷണത്തിന് ഉത്തരവിട്ടതോടെ ക്രൈംബ്രാഞ്ച് വീണ്ടും ചിലരുടെ മൊഴി രേഖപ്പെടുത്തിയതായാണ് വിവരം.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close