INSIGHTKERALANEWS

അഭയ കേസ് : സമാനതകളില്ലാത്ത അന്വേഷണ വിചാരണ ചരിത്രം, കള്ളനും പോലീസും സത്യത്തിനുവേണ്ടി നിലകൊണ്ട ആദ്യ കേസ്

പ്രസാദ് നാരായണന്‍

തിരുവനന്തപുരം : കേരളത്തിലെയെന്നല്ല , ഇന്ത്യലെതന്നെ കുറ്റന്വേഷണ ചരിത്രത്തില്‍ തന്നെ സമാനതകളില്ലാത്ത കേസാണ് സിസ്റ്റര്‍ അഭയ കൊലക്കേസ്. പ്രതികളെ കണ്ടെത്തി വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ 28 വര്‍ഷം എടുത്തു എന്നതുകൊണ്ട് മാത്രമല്ല , മറിച്ചു തുടക്കം മുതല്‍ ഇതുവരെ ഉണ്ടായ നാടകീയമായ സംഭവങ്ങള്‍ സിനിമ കഥയെ വെല്ലുന്ന തരത്തില്‍ ആയിരുന്നു. ഇതിനിടിയായില്‍ ഒന്നിലധികം സിനിമകളില്‍ ഈ വിഷയം കഥയായി മാറുകയും ചെയ്തു. കുറ്റകൃത്യത്തില്‍ പങ്കെടുത്തവര്‍ മാത്രമല്ല ,അന്വേഷണ ഉദ്യോഗസ്ഥരും പ്രതികളായി മാറിയ അത്യപൂര്‍വ ചരിത്രം കൂടി അഭയകേസ് പങ്കിടുന്നു. എന്നാല്‍ കേസിലുടനീളം ദൈവത്തിന്റെ കൈഒപ്പുപോലെ ഉയര്‍ത്തെഴുന്നേല്‍ക്കുന്ന സത്യം നമ്മിലേക്കെത്തുന്നത് ചിലപ്പോള്‍ സാക്ഷിയായ കള്ളനൊപ്പവും മറ്റ് ചിലപ്പോള്‍ രാജിവെച്ചു പുറത്തു വന്നു സത്യം വിളിച്ചുപറഞ്ഞ സിബിഐ ഉദ്യോഗസ്ഥന്റെ രൂപത്തിലുമായിരുന്നു. അപൂര്‍വമായ ആ ചരിത്രത്തിലേക്ക്

സിസ്റ്റര്‍ അഭയയുടെ ദുരൂഹ മരണം


കോട്ടയം ബി.സി.എം കോളേജിലെ രണ്ടാം വര്‍ഷ പ്രീ-ഡിഗ്രി വിദ്യാര്‍ത്ഥിനിയും ക്‌നാനായ കത്തോലിക്കാ സഭയുടെ കീഴിലുള്ള സെന്റ് ജോസഫ് കോണ്‍ഗ്രിഗേഷനിലെ കന്യാസ്ത്രീയായ സിസ്റ്റര്‍ അഭയ (21) 1992 മാര്‍ച്ച് 27 ന് കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ടു.കോട്ടയം ജില്ലയിലെ അരീക്കരയില്‍ ഐക്കരകുന്നേല്‍ തോമസിന്റെയും ലീലാമ്മയുടെയും മകളാണ് അഭയ. അച്ഛന്‍ തോമസും അമ്മ ലീലാമ്മയും നാലു വര്‍ഷം മുന്‍പ് മരിച്ചു. കേസ് അന്വേഷണം അട്ടിമറിച്ച് അഭയയുടെ മരണം ആത്മഹത്യയാക്കാന്‍ ലോക്കല്‍ പോലീസിന്റെ ശ്രമത്തിനെതിരെ 1992 മാര്‍ച്ച് 31ന് കോട്ടയം മുനിസിപ്പല്‍ ചെയര്‍മാന്‍ പി.സി.ചെറിയാന്‍ മടുക്കാനി പ്രസിഡന്റും,ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ കണ്‍വീനറുമായി ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചതിനെ തുടര്‍ന്ന് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കോട്ടയത്ത് നിരവധി സമര പോരാട്ടങ്ങള്‍ നടത്തി.ലോക്കല്‍ പോലീസ് 17 ദിവസവും ക്രൈംബ്രാഞ്ച് ഒമ്പതര മാസവും അന്വേഷിച്ചു.1993 ജനുവരി 30 ന് കോട്ടയം ആര്‍.ഡി.ഒ കോടതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം അവസാനിപ്പിച്ചു കൊണ്ട് റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ സമരസമതിയുടെ കര്‍ശനമായ നിലപാടിനെ തുടര്‍ന്നു അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരന്‍ അന്വേഷണം സി ബി ഐക്കു വിടുന്നു.



ഒരു സിബിഐ അന്വേഷണ കഥ

സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശയെത്തുടര്‍ന്ന് സിബിഐ അഭയ കേസിന്റെ അന്വേഷണം ഏറ്റെടുത്തു. 1993 മാര്‍ച്ച് 29 ന് എറണാകുളം ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ സിബിഐ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.സിബിഐ കൊച്ചി യൂണിറ്റ് ഡി.വൈ.എസ്.പി വര്‍ഗീസ്.പി.തോമസിന്റെ നേതൃത്വത്തില്‍ സിബിഐ സംഘം അഭയയുടെ മരണം ആത്മഹത്യയാണെന്നുള്ള ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട് തള്ളികൊണ്ട് കൊലപാതകമാണെന്ന് ആറു മാസത്തിനുള്ളില്‍ സിബിഐ കണ്ടെത്തി.സിബിഐയുടെ കേസ് ഡയറിയില്‍ കൊലപാതകമാണെന്ന് രേഖപ്പെടുത്തുകയും ചെയ്തു.സിബിഐ അന്വേഷണ ഉദ്യോഗസ്ഥന്റെ നിഗമനത്തിന് ഘടക വിരുദ്ധമായി അഭയയുടെ മരണം ആത്മഹത്യയാക്കാന്‍ അന്നത്തെ സിബിഐ എസ്.പി വി.ത്യാഗരാജന്‍ തന്റെ മേല്‍ സമ്മര്‍ദം ചെലുത്തി, അതിന് വഴങ്ങാതെ വന്നപ്പോള്‍ പീഡിപ്പിച്ചെന്ന് സിബിഐ ഡി.വൈ.എസ്.പി വര്‍ഗീസ്.പി.തോമസ് രാജിവെക്കാന്‍ തീരുമാനിക്കുകയും ,1994 മാര്‍ച്ച് 7 ന് എറണാകുളത്ത് വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തിയത് സിബിഐയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ്. അതോടെ അഭയക്കേസ് ദേശീയ ശ്രദ്ധ പിടിച്ചുപറ്റി.

ഈ വിഷയം പാര്‍ലമെന്റില്‍ എം.പി മാര്‍ ഉന്നയിച്ചതിനെത്തുടര്‍ന്ന് പുതിയ വിവാദത്തിന് തിരികൊളുത്തി അന്നത്തെ പ്രധാനമന്ത്രി പി.വി.നരസിംഹറാവു വിഷയത്തില്‍ ഇടപെടുകയും സിബിഐയുടെ ചുമതലയുള്ള പേഴ്‌സണല്‍ മന്ത്രാലയത്തിന്റെ മന്ത്രി മാര്‍ഗരറ്റ് ആല്‍വ പാര്‍ലമെന്റില്‍ മറുപടി പറയേണ്ടിയും വന്നു. ഇതിനെ തുടര്‍ന്നു അഭയക്കേസിന്റെ മേല്‍നോട്ട ചുമതലയില്‍ നിന്നും സിബിഐ കൊച്ചി യൂണിറ്റ് എസ്.പി സ്ഥാനത്തു നിന്നും വി.ത്യാഗരാജനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ 1994 മാര്‍ച്ച് 17 ന് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഹര്‍ജി ഹൈക്കോടതി പരിഗണിക്കവേ സി ബി ഐ സ്വമേധയാ ത്യാഗരാജനെ കേസില്‍ നിന്നും മാറ്റി .

ഡമ്മി ടു ഡമ്മിയും പുതിയ കണ്ടെത്തലും

പുതിയതായി ചുമതലയെടുത്ത എസ് പി സി എം എല്‍ ശര്‍മയുടെ നേതൃത്വത്തിലുള്ള സിബിഐ സംഘം കോട്ടയത്ത് എത്തി പയസ് ടെന്‍ത്‌കോണ്‍വെന്റിലെ കിണറ്റില്‍ ജയ്പൂരിലെ ഫോറന്‍സിക് വിദഗ്ധരുടെ സാന്നിധ്യത്തില്‍ അഭയയുടെ ഡമ്മി പരീക്ഷണം നടത്തി.അഭയയുടെ മരണം കൊലപാതകമാണെങ്കിലും പ്രതികളെ പിടിക്കുവാന്‍ സിബിഐ എത്ര ശ്രമിച്ചിട്ടും കഴിയുന്നില്ലന്ന് കാണിച്ചു കൊണ്ട് അന്വേഷണം അവസാനിപ്പിക്കുവാന്‍ അനുമതി ചോദിച്ചു കൊണ്ട് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ 1996 ഡിസംബര്‍ 6 ന് റിപ്പോര്‍ട്ട് കൊടുത്തു.സിബിഐ റിപ്പോര്‍ട്ട് തള്ളിക്കൊണ്ട് തുടരന്വേഷണം നടത്തുവാന്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കെ.കെ.ഉത്തരന്‍ 1997 മാര്‍ച്ച് 20 ന് ഉത്തരവ് നല്‍കി.


രണ്ടാം തവണയും സിബിഐ അന്വേഷണം അവസാനിപ്പിച്ച് കൊണ്ട് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ 1999 ജൂലൈ 12 ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.സിബിഐ സമര്‍പ്പിച്ച റിപ്പോര്‍ട്ട് തള്ളി കൊണ്ട് അഭയ കേസില്‍ രണ്ടാം തവണയും തുടരന്വേഷണം നടത്താന്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ആന്റണി.റ്റി. മൊറൈസ് 2000 ജൂണ്‍ 23 ന് ഉത്തരവിട്ടു.സിബിഐ അഭയ കേസിന്റെ അന്വേഷണം മൂന്നാം തവണയും അവസാനിപ്പിക്കാന്‍ അനുമതി ചോദിച്ച് കൊണ്ട് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ 2005 ആഗസ്റ്റ് 30 ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എന്നാല്‍ കൊലപാതകമാണെന്ന് ഉറപ്പുള്ള കേസില്‍ പ്രതികളെ കണ്ടെത്താതെ കേസ് അവസാനിപ്പികന്‍ സാധിക്കില്ലെന്ന ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് പി.ഡി. ശാരങ്ധരന്റെ നിലപാട് കേസ് തുടരാന്‍ കാരണമായി.

ഫോറെന്‍സിക് രേഖകളിലെ തിരുത്തലും മാധ്യമ വാര്‍ത്തയും

2007 ഏപ്രിലില്‍ അഭയ കേസിലെ ആന്തരികാവയവ പരിശോധനാ റിപ്പോര്‍ട്ടില്‍ തിരുത്തല്‍ നടന്നുവെന്ന വാര്ത്ത പുറത്തുവന്നതോടെ കേസ് വീണ്ടും സജീവമാകുന്നു. കോട്ടയം മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരുന്ന റജിസ്റ്ററില്‍ നിന്ന് അഭയയുടെ റിപ്പോര്‍ട്ട് കാണാതായെന്നു കോടതിയില്‍ പൊലീസ് സര്‍ജന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നു ഹൈക്കോടതി വിഷയത്തില്‍ ഇടപെടുകയും അന്വേഷണം സിബിഐ കൊച്ചി യൂണിറ്റിലെ ഡി വൈ എസ് പി നന്ദകുമാറിന്റെ നേതൃത്വത്തില്‍ തുടരാന്‍തീരുമാനിക്കുകയും ചെയ്തു .


വീണ്ടും സി ബി ഐ ,ഇത്തവണ രക്ഷയായത് കള്ളന്‍

പുതിയ സംഘം കേസ് വിശദമായി പടിക്കുകയും ആദ്യം മുതല്‍ അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഈ അന്വേഷണത്തില്‍ അയല്‍വാസിയായ സഞ്ജു മാത്യു നല്‍കിയ മൊഴി നിര്‍ണയകമായി. ഈ മൊഴിയില്‍ ഫാ:തോമസ് കോട്ടൂരും ഫാ: ജോസ് പൂതൃക്കയിലും കൊലപാതകം നടന്ന ദിവസം മഠത്തില്‍ വന്നതായി കണ്ടെത്തി . എന്നാലും പ്രതികളുടെ കൃത്യത്തിലുള്ള പങ്ക് വ്യക്തമാകാതെ അന്വേഷണ സംഘം ഉഴലവേ ദൈവത്തിന്റെ രൂപത്തില്‍ കൃത്യം നടന്ന ദിവസം അവിടെ മോഷണത്തിന് കയറിയ അടക്ക രാജുവിനെ സംഘം കണ്ടെത്തുന്നു. രാജുവിന്റെ മൊഴിയിലൂടെ സിസ്റ്റര്‍ സ്റ്റെഫിയും , ഫാദര്‍ കോട്ടൂരുമായിഉള്ള അവിഹിത വേഴ്ചയ്ക്ക് ദൃക്‌സാക്ഷിയാകേണ്ടിവന്ന സിസ്റ്റര്‍ അഭയയുടെ കൊലപാതകത്തിന്റെ ചുരുള്‍ അഴിയുന്നു. ഇതിനെ തുടര്‍ന്നു പ്രതികള്‍ കസ്റ്റഡിയിലാകുന്നു .



വിചാരണക്ക് മുന്നേ സുപ്രീം കോടതിവരെ

കേസ് വിചാരണക്ക് മുന്നേ ഒട്ടനവധി തവണ ഉന്നത കോടതികള്‍ കേറിയ കേസുകൂടിയാണ് അഭയ കേസ്. തുടര്‍ കോടതി നടപടികളില്‍ ഹൈക്കോടതി രണ്ടാം പ്രതിയായ ഫാദര്‍ പൂതൃക്കയിലിനെ ഒഴിവാക്കുകയും ചെയ്തു .ഇതിനൊക്കെയോടുവിലാണ് 28 വര്‍ഷങ്ങള്‍ക്കിപ്പുറം അഭയ കേസില്‍ വിധി വന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close