KERALANEWS

അമിതമായ മദ്യപാനം, മർദ്ദനം തുടർക്കഥ; തിരുവനന്തപുരത്ത് അമ്മയെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവം പുറത്തറിഞ്ഞത് സംസ്കാരച്ചടങ്ങ് രഹസ്യമായി നടത്താൻ ശ്രമിക്കുമ്പോൾ; മുൻ സൈനികനായ മകൻ അറസ്റ്റിൽ

തിരുവനന്തപുരം: അമ്മയെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ മകൻ അറസ്റ്റിൽ. പൂവാർ പാമ്പുകാല ഊറ്റുകുഴിയിൽ പരേതനായ പാലയ്യന്റെ ഭാര്യയും മുൻ അധ്യാപികയുമായ ഓമന(70)യുടെ മരണത്തിൽ മകൻ വിപിൻദാസിനെയാണ് (39) പോലീസ് അറസ്റ് ചെയ്തത്. . മദ്യപാനിയായിരുന്ന വിപിൻദാസ് അമ്മയെ സ്ഥിരമായി മർദിക്കാറുണ്ടായിരുന്നെന്നും അതുതന്നെയാണ് മരണകാരണമെന്നും പോലീസ് വ്യക്‌തമാക്കി. രഹസ്യമായി സംസ്കാരച്ചടങ്ങുകൾ നടത്താൻ ശ്രമിക്കുന്നതിനിടെ നാട്ടുകാരുടെ ശ്രദ്ധയിൽ പെടുകയും അവർ പോലീസിനെ വിവരം അറിയിക്കുകയുമായിരുന്നു.

മദ്യപാനിയായിരുന്ന വിപിൻദാസ് അമ്മയെ ക്രൂരമായി മർദിക്കുമായിരുന്നെന്ന് കണ്ടെത്തി. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഓമന മരിച്ചത്. എന്നാൽ മരണവിവരം വിപിൻദാസ് ആരെയും അറിയിച്ചിരുന്നില്ല. ശവപ്പെട്ടി വാങ്ങി വരുന്നതുകണ്ടതോടെയാണ് ഓമനയുടെ മരണം പുറത്തറിയുന്നത്. വീട്ടിലേക്കു കടക്കാൻ ശ്രമിച്ച നാട്ടുകാരെ മദ്യലഹരിയിലായിരുന്ന വിപിൻദാസ് ഓടിക്കാൻ ശ്രമിച്ചു. തുടർന്ന് മൃതദേഹം കുളിപ്പിക്കുകയും മറവുചെയ്യാൻ സ്വന്തമായി കുഴിവെട്ടുകയും ചെയ്തു. സംശയം തോന്നിയ നാട്ടുകാർ പൂവാർ പോലീസിനെ വിവരമറിയിച്ചു. തുടർന്ന് പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയായിരുന്നു.

പോലീസ് എത്തിയപ്പോഴും വിപിൻദാസ് തടയാൻ ശ്രമിച്ചു. എന്നാൽ, കോവിഡ് പരിശോധന നടത്തിയ ശേഷമേ മൃതദേഹം മറവുചെയ്യാൻ അനുവദിക്കുകയുള്ളൂവെന്ന് പോലീസ് നിലപാടെടുത്തു. തുടർന്ന് മൃതദേഹം പോലീസിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി. വിപിൻദാസിനെ കസ്റ്റഡിയിലെടുത്തു.

മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് മരണത്തിൽ ദുരൂഹത കണ്ടെത്തിയത്. മൃതദേഹത്തിന്റെ കഴുത്തിലും വയറ്റിലും മർദനമേറ്റ പാടുകളുണ്ടെന്ന് പോലീസ് പറഞ്ഞു. മദ്യപാനിയായ വിപിൻദാസ്, സ്ഥിരമായി ഓമനയെ മർദിക്കാറുണ്ടെന്ന് നാട്ടുകാരും പോലീസിനു മൊഴിനൽകി. ഇയാളുടെ സുഹൃത്തുക്കളും ഇവിടെ സ്ഥിരമായി മദ്യപിക്കാനെത്താറുണ്ടെന്നും പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. അതിനാൽ ഓമനയുടെ മരണത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും പോലീസ് അന്വേഷണം നടത്തുമെന്ന് അറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close