അമിത് ഷായ്ക്കെതിരേ ശശി തരൂര്‍; സ്വകാര്യ ആശുപത്രിയില്‍ പോയതെന്ന് എന്തിനെന്ന് ചോദ്യം

ന്യൂഡല്‍ഹി: കൊവിഡ് സ്ഥിരീകരിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയതിനെതിരെ കോണ്‍ഗ്രസ് എം പി ശശി തരൂര്‍. പൊതുമേഖലാ സ്ഥാപനങ്ങളെപ്പറ്റി ജനങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ടാകണമെങ്കില്‍ ശക്തരായവര്‍ അതിനെ പിന്തുണയ്ക്കണമെന്ന് ശശി തരൂര്‍ ട്വീറ്റില്‍ കുറിച്ചു. കൊവിഡ് സ്ഥിരീകരിച്ച അമിത് ഷായെ ഗുരുഗ്രാമിലെ മെഡാന്ത ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.ഡല്‍ഹി എയിംസ് ആശുപത്രി സ്ഥാപിച്ചതിനെപ്പറ്റിയുള്ള ഒരു ട്വീറ്റിനോട് പ്രതികരിച്ചു കൊണ്ടായിരുന്നു ശശി തരൂരിന്റെ പ്രതികരണം. ഡല്‍ഹിയില്‍ ആദ്യ എയിംസ് ആശുപത്രി സ്ഥാപിച്ചത് ആദ്യ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്റുവിന്റെ ആശയസാക്ഷാത്കാരമാണെന്നായിരുന്നു വിശാഖ് ചെറിയാന് എന്ന ട്വിറ്റര്‍ ഹാന്‍ഡില്‍ ട്വീറ്റ് ചെയ്തത്.
ആധുനിക ഇന്ത്യയുടെ ക്ഷേത്രങ്ങളിലൊന്നായ എയിംസിന്റെ ആശയം മുന്നോട്ടു വെച്ചത് ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്നു.
ഇന്ത്യയെ വന്‍കിട വ്യവസായങ്ങളുടെയും ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടേതും സാമ്പത്തിക സ്ഥാപനങ്ങളുടെയും മിശ്രണയാണ് ഇന്ത്യയെ നെഹ്റു വിഭാവനം ചെയ്തത് എന്നാണ് ട്വീറ്റില്‍ കുറിച്ചത്. ഈ ട്വീറ്റില്‍ ശശി തരൂരിനെ ടാഗ് ചെയ്യുകയും ചെയ്തിരുന്നു. ഇത് സത്യമാണെന്നായിരുന്നു ശശി തരൂരിന്റെ പ്രതികരണം. എന്തുകൊണ്ടാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയ്ക്ക് അസുഖം വന്നപ്പോള്‍ എയിംസില്‍ പോകാതെ അയല്‍ സംസ്ഥാനത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പോയതെന്ന് തരൂര്‍ ചോദിച്ചു. തനിക്ക് കൊവിഡ് സ്ഥിരകരിച്ചെങ്കിലും ആരോഗ്യനില തൃപ്തികരമാണെന്നും എന്നാല്‍ താനുമായി ബന്ധപ്പെട്ടവര്‍ നിരീക്ഷണത്തില്‍ പോകണമെന്നുമായിരുന്നു അമിത് ഷാ ഞായറാഴ്ച ട്വീറ്റ് ചെയ്തത്. ആവശ്യമെങ്കില്‍ ചികിത്സ തേടണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു. അമിത് ഷായ്ക്കു പുറമെ കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയും മധ്യമപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുവരും ആശുപത്രികളില്‍ ചികിത്സയിലാണ്.