അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതി

ലോക സാമ്പത്തികശക്തിയും പ്രതിരോധ ശക്തിയുമായ അമേരിക്കയുടെ പ്രസിഡന്റിന്റെ ഔദ്യോഗിക വസതി, വൈറ്റ് ഹൗസ് , ചരിത്രം ഉറങ്ങുന്ന വീടാണ്. പുതിയ അധികാരിയെ കാത്തിരിക്കുകയാണ് വൈറ്റ് ഹൗസ്. പിടുസി ലോകത്തെ ഏറ്റവും പ്രസിദ്ധമായ വിലാസം ഇങ്ങനെയാണ്. വൈറ്റ് ഹൗസ്, 1600 പെന്‍സില്‍വാനിയ അവന്യൂ, വാഷിങ്ടണ്‍. അമേരിക്കന്‍ പ്രസിഡന്റിന്റെ ആസ്ഥാനമായ വൈറ്റ് ഹൗസ്. പ്രതിവര്‍ഷം 15 ലക്ഷത്തോളം സന്ദര്‍ശകര്‍ ഈ നാലുനില കെട്ടിടം കാണാനെത്തുന്നു. സന്ദര്‍ശകര്‍ക്ക് സ്വതന്ത്രമായി ഇവിടെ കടന്നെത്താം. ചരിത്രസ്മാരകം പോലെ കണ്ടിറങ്ങാം. മുകള്‍ നിലയില്‍ പ്രസിഡന്റും കുടുംബവും താസിക്കുന്നുണ്ടെന്നത് സന്ദര്‍ശകര്‍ക്ക് ഒരു തടസമേയല്ല.. 1800 ഡിസംബറില്‍ പണി പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ട് വൈറ്റ് ഹൗസ് നിര്‍മാണത്തിന്റെ ഒരുക്കങ്ങള്‍ നടത്തിയത് ജോര്‍ജ് വാഷിങ്ടണ്‍ ആണ്. വൈറ്റ് ഹൗസ് നിര്‍മാണത്തിനുള്ള സാമഗ്രികള്‍ കാറ്റിന്റെയും വേലിയേറ്റത്തിന്റെയും ആനുകൂല്യം ഉപയോഗിച്ച് പുഴയിലൂടെ ഒഴുക്കിക്കൊണ്ടു വരികയായിരുന്നുവെന്ന് ചരിത്രം. അമേരിക്കയുടെ ചരിത്രവും വൈറ്റ് ഹൗസിന്റെ ചരിത്രവും അത്രമേല്‍ ഇഴുകി ചേര്‍ന്നിരിക്കുന്നു. 1814ല്‍ ബ്രിട്ടീഷുകാര്‍ വൈറ്റ് ഹൈസിനു തീയിട്ടു. ബുഷ് സീനിയറിന്റെ ഭരണകാലത്ത് വൈറ്റ് ഹൗസ് നവീകരിച്ചപ്പോള്‍ 28 അടുക്ക് പെയിന്റു പാളികള്‍ ചുരണ്ടി കല്ലുകള്‍ കണ്ടെത്തി കേടുപോക്കി. ബ്രിട്ടീഷുകാര്‍ തീയിട്ടപ്പോഴത്തെ കരിപ്പാടുകള്‍ പോലും അന്നു കണ്ടെത്തി. പ്രസിഡന്റുമാരുടെ ഭാര്യമാരാണ് ഇപ്പോഴത്തെ വൈറ്റ് ഹൗസിനു പലപ്പോഴായി ചന്തം ചാര്‍ത്തിയത്. പ്രസിഡന്റ് നിക്സന്റെ ഭാര്യ മുറികള്‍ പുനക്രമീകരിച്ചു. ജിമ്മി കാര്‍ട്ടറുടെ ഭാര്യ അമേരിക്കന്‍ പെയിന്റിങ്ങുകള്‍ സ്ഥാപിച്ചു. പുരാതന ഫര്‍ണിച്ചറിന്റെ പ്രൗഡി നല്‍കിയത് റൊണാള്‍ഡ് റെയ്ഗന്റെ ഭാര്യ നാന്‍സി. 1850ല്‍ പ്രസിഡന്റ് സക്കാരി ടെയ്ലറും 1841ല്‍ വില്യം എച്ച് ഹാരിസണും വൈറ്റ് ഹൗസളില് വച്ച് അസുഖബാധിതരായി മരിച്ചു.
വൈറ്റ് ഹൗസിന് രണ്ടുതവണ തീപിടിത്തം ഉണ്ടായിട്ടുണ്ട്. 1812 ലെ യുദ്ധത്തിലാണ് ആദ്യത്തെ തീപിടിത്തമുണ്ടായത്. ജെയിംസ് മാഡിസണ്‍ ആയിരുന്നു അക്കാലത്ത് അമേരിക്കന്‍ പ്രസിഡന്റ്. രണ്ടാമത്തെ തീപിടിത്തം 1929 ല്‍ സംഭവിച്ചു. ഹെര്‍ബര്‍ട്ട് ഹൂവര്‍ ആയിരുന്നു അന്ന് പ്രസിഡന്റ്. ബ്രിട്ടീഷുകാര്‍ക്കെതിരെ 1812 ല്‍ ആരംഭിച്ച യുദ്ധം 1815 വരെ നീണ്ടുനിന്നു. 1814 ഓഗസ്റ്റ് 24 നാണ് വാഷിംഗ്ടണ്‍ യുദ്ധം നടന്നത്. വാഷിംഗ്ടണില്‍ ഇറങ്ങിയ ബ്രിട്ടീഷ് സൈന്യം വൈറ്റ് ഹൗസ്, ക്യാപിറ്റല്‍ ബില്‍ഡിംഗ്, ട്രഷറി ബില്‍ഡിംഗ്, വാഷിംഗ്ടണ്‍ നേവി യാര്‍ഡ് എന്നിവയുള്‍പ്പെടെയുള്ള സര്‍ക്കാര്‍ ബില്‍ഡിങ്ങുകള്‍ കത്തിക്കുകയും നശിപ്പിക്കുകയും ചെയ്തു. പ്രസിഡന്റ് ജെയിംസ് മാഡിസണ്‍ അദ്ദേഹത്തിന്റെ ഭരണത്തിന്റെ അവസാന രണ്ട് വര്‍ഷം വൈറ്റ് ഹൗസ് പുനര്‍നിര്‍മ്മാണത്തിനായി അവിടെ നിന്നും മാറിനില്‍ക്കേണ്ടി വന്നു.
1929 ല്‍ വൈറ്റ് ഹൗസിന്റെ വെസ്റ്റ് വിംഗില്‍ ഉണ്ടായ തീപിടുത്തം 1814 ലെ തീപിടുത്തം പോലെ നാടകീയമായിരുന്നില്ല. വൈദ്യുത സര്‍ക്യൂട്ടില്‍ ഉണ്ടായ പ്രശ്നങ്ങള്‍ മൂലമാണ് ഈ തീപിടിത്തമുണ്ടായത്. വൈറ്റ് ഹൗസിന്റെ ചരിത്രത്തിലെ ഈ രണ്ടാമത്തെ തീപിടിത്തം, സ്റ്റോക്ക് മാര്‍ക്കറ്റ് തകര്‍ച്ചയ്ക്ക് ഒരാഴ്ച കഴിഞ്ഞ് ക്രിസ്മസ് രാവില്‍ സംഭവിച്ചു എന്നത് കൊണ്ടും ശ്രദ്ധേയമാണ്. ഒരു പ്രേതശല്യത്തിന്റെ കഥകൂടി പറഞ്ഞ് വൈറ്റ് ഹൗസിന്റെ കഥ അവസാനിപ്പിക്കാം. പ്രസിഡന്റായിരുന്ന തിയഡോര്‍ റൂസ് വെല്‍റ്റ് ഇങ്ങനെ എഴുതി: മരിച്ചുപോയ മുന്‍ പ്രാസിഡന്റ് എബ്രഹാം ലിങ്കണെ വൈറ്റ് ഹൗസിന്റെ പലമുറികളിലും വച്ച് ഞാന്‍ പിന്നീടു കണ്ടിട്ടുണ്ട്.