അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ രണ്ടാം പ്രസിഡന്‍ഷ്യല്‍ സംവാദം റദ്ദാക്കി

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ രണ്ടാം പ്രസിഡന്‍ഷ്യല്‍ സംവാദം റദ്ദാക്കി. വിര്‍ച്വല്‍ രീതിയില്‍ സംവാദത്തിന് തയ്യാറല്ലെന്ന് ട്രംപ് പ്രഖ്യാപിച്ചതിനെത്തുടര്‍ന്നാണ് പ്രസിഡന്‍ഷ്യല്‍ സംവാദം റദ്ദാക്കിയത്. ഒക്ടോബര്‍ 15-നാണ് സംവാദം നടക്കേണ്ടിയിരുന്നത്.തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന പ്രസിഡന്‍ഷ്യല്‍ സംവാദങ്ങള്‍ പൊതുവേ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ നിര്‍ണായകസ്വാധീനങ്ങളിലൊന്നാണ്. കൊവിഡ് പോസിറ്റീവായ ഡോണള്‍ഡ് ട്രംപ് നിലവില്‍ ചികിത്സയിലാണ്. അതേസമയം, ട്രംപിന്റെ കൊവിഡ് നെഗറ്റീവായോ എന്ന ചോദ്യങ്ങളോട് വൈറ്റ് ഹൗസ് പ്രതികരിക്കുന്നതേയില്ല.ട്രംപ് കൊവിഡ് പോസിറ്റീവായതിനെത്തുടര്‍ന്നാണ്, രണ്ടാം സംവാദം വിര്‍ച്വല്‍ രീതിയിലേക്ക് മാറ്റുന്നതായി പ്രഖ്യാപനമുണ്ടായത്. എന്നാല്‍ പ്രചാരണത്തിലേക്ക് അടിയന്തരമായി മടങ്ങുകയാണെന്ന് നിരന്തരം ട്വിറ്റര്‍ വഴി പ്രഖ്യാപിക്കുന്ന ഡോണള്‍ഡ് ട്രംപ് വിര്‍ച്വല്‍ സംവാദത്തിന് എതിരായിരുന്നു. ഇത് രണ്ട് സ്ഥാനാര്‍ത്ഥികളും നേരിട്ട് നടക്കുന്ന സംവാദമാക്കിത്തന്നെ മാറ്റണമെന്ന് ട്രംപ് ഉറച്ച നിലപാടെടുത്തു.എന്നാല്‍, ട്രംപ് അസുഖബാധിതനായതിനാല്‍, നേരിട്ടുള്ള സംവാദം നടത്താനാകില്ലെന്ന് ജോ ബൈഡനും ഉറപ്പിച്ചുപറഞ്ഞു. വിര്‍ച്വല്‍ സംവാദത്തിന് തയ്യാറാകാത്ത ട്രംപിന്റെ നടപടിയെ ബൈഡന് രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. ”വോട്ടര്‍മാര്‍ ചോദ്യം ചോദിക്കുന്ന ഏക സംവാദപരിപാടിയില്‍ നിന്ന് ട്രംപ് അനാവശ്യഒഴികഴിവ് പറഞ്ഞ് മാറിനില്‍ക്കുന്നത് നാണംകെട്ട പരിപാടിയാണ്. പക്ഷേ, തല്ക്കാലം എനിക്കതില്‍ അദ്ഭുതവുമില്ല”, എന്നാണ് ബൈഡന്റെ വക്താവ് ആന്‍ഡ്രൂ ബേറ്റ്സ് പ്രതികരിച്ചത്.സംവാദം നടക്കേണ്ടിയിരുന്ന ദിവസം മറ്റ് പരിപാടികള്‍ രണ്ട് സ്ഥാനാര്‍ത്ഥികളും പ്രഖ്യാപിച്ചുകഴിഞ്ഞു. അതിനാല്‍ പ്രസിഡന്‍ഷ്യല്‍ സംവാദം ഉണ്ടാകില്ല എന്ന് പരിപാടി നിയന്ത്രിക്കുന്ന കമ്മീഷന് ഓഫ് പ്രസിഡന്‍ഷ്യല്‍ ഡിബേറ്റ്സ് പ്രഖ്യാപിച്ചു.രണ്ടാം സംവാദത്തീയതി റദ്ദാക്കിയതോടെ, ഇനി ഇരുസ്ഥാനാര്‍ത്ഥികളും തമ്മില്‍ സംവാദം നടത്താന്‍ ഒക്ടോബര്‍ 22 എന്ന ഒറ്റത്തീയതി മാത്രമേ ബാക്കിയുള്ളൂ. ടെന്നസിയിലാണ് ഈ സംവാദവേദി തീരുമാനിച്ചിരിക്കുന്നത്. നവംബര്‍ 3-നാണ് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്.2000 മുതല്‍ എല്ലാ പ്രസിഡന്റ് തെരഞ്ഞെടുപ്പുകള്‍ക്കും മുമ്പ് മൂന്ന് തവണയെങ്കിലും പ്രസിഡന്റ് സ്ഥാനാര്‍ത്ഥികള്‍ തമ്മില്‍ സംവാദം നടക്കാറുണ്ട്. കഴിഞ്ഞ ദിവസം വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളായ, ഇന്ത്യന്‍ വംശജ കമലാഹാരിസും നിലവിലെ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സും തമ്മില്‍ നടന്നിരുന്ന സംവാദം ശ്രദ്ധ നേടിയിരുന്നു.