അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ നുറുങ്ങുകള്‍

* കമല ഹാരിസ് വൈസ് പ്രസിഡന്റായാല്‍, ആ സ്ഥാനത്തു എത്തുന്ന ആദ്യ വനിതയാവും. ഹിലരി ക്ലിന്റണ് 2016 ല്‍ പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിച്ച ആദ്യ വനിതയാണെങ്കില്‍ വനിതകള്‍ക്കു വോട്ടവകാശം കിട്ടുന്നതിന് 48 വര്‍ഷം മുന്‍പ് 1872 ല്‍ സഫ്റഗേറ്റ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി ഒരു വനിത മത്സരിച്ചിരുന്നു: വിക്ടോറിയ വുഡ്ഹാള്‍. വനിതകള്‍ വോട്ട് ചെയ്ത ആദ്യ തെരഞ്ഞെടുപ്പ് 1920 ല്‍ ആയിരുന്നു.
* മൊണ്ടാനയില്‍ നിന്നുള്ള ജീനറ്റ് റാങ്കിന് ആയിരുന്നു ആദ്യമായി യു എസ് കോണ്‍ഗ്രസിലേക്കു ജയിച്ച വനിത — 1916 ല്‍.
* അമേരിക്കന്‍ പ്രസിഡന്റായ ഏറ്റവും പ്രായമേറിയ ആള് ട്രംപ് ആയിരുന്നു, 2016 ല്‍. അന്ന് 70 വയസ്. റൊണാള്‍ഡ് റെയ്ഗന് പ്രസിഡന്റായത് 69 വയസിലാണ്. രണ്ടാമത് പ്രസിഡന്റാവുമ്പോള്‍ 73 വയസ്. ബൈഡന് ജയിച്ചാല്‍ ഈ റെക്കോര്‍ഡ് എല്ലാം തകരും. അദ്ദേഹത്തിന് സ്ഥാനമേല്ക്കുമ്പോള് 78 വയസുണ്ടാവും. 1942 നവംബര്‍ 20 ആണ് ജന്മദിനം.
* മേജര്‍, ചാംപ് എന്നീ നായ്ക്കളാണ് ബൈഡന്റെ പ്രിയ ഓമനകള്‍. ഐസ് ക്രീം ആണ് മനസും തണുപ്പിക്കുന്ന ഭക്ഷണം. കട്ടന്‍ കാപ്പി പ്രിയമാണ്. ടി വി ചാനല്‍? ഇ എസ് പി എന്‍.
ഇക്കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ ട്രംപ് മറുപടി പറഞ്ഞില്ല എന്ന് സര്‍വെ നടത്തിയ ഡബ്ലിയു എം ആര് പറയുന്നു.
* വികസിത രാജ്യങ്ങളില്‍ വോട്ടിംഗ് ശതമാനം കുറഞ്ഞ അമേരിക്കയില്‍ 60% ആണ് പരമാവധി എത്തുക. 1972 ല്‍ റിച്ചാഡ് നിക്സണ് ജയിച്ച തെരഞ്ഞെടുപ്പിലാണ് ഏറ്റവും ഉയര്‍ന്ന വോട്ടിംഗ് ഉണ്ടായത്: 61.3%.
* ആറു ലക്ഷത്തോളം പേര്‍ക്ക് ചില്ലറ കേസുകള്‍ മൂലം വോട്ട് ചെയ്യാനാവില്ല. ഫ്ളോറിഡയില്‍ ഇങ്ങിനെയുള്ള 36000 കറുത്ത വര്‍ഗക്കാര്‍ക്കു ഫൈന്‍ അടച്ചു വോട്ട് ചെയ്യാന്‍ മാധ്യമപ്രഭുവും ന്യു യോര്‍ക്ക് മേയറുമായ മൈക്ക് ബ്ലൂംബര്‍ഗ് കോടികള്‍ നല്കി. ബൈഡന്റെ വിജയം ഉറപ്പാക്കാനാണിത്.
* ബഹിരാകാശത്തുള്ള പൗരന്മാര്ക്ക് അവിടന്നു വോട്ട് ചെയ്യാം. ബാലറ്റ് പേപ്പര്‍ ഇമെയില്‍ വഴി എത്തും.
* മന്ദബുദ്ധികള്‍, മനോരോഗികള്‍ ഇവരെ വോട്ടിങ്ങില്‍ നിന്നു വിലക്കാറുണ്ട്. അതിനു ജഡ്ജിയുടെ സാക്ഷ്യപത്രം വേണം.
* ടെക്സസില്‍ തോക്കിന്റെ ലൈസന്‍സ് കാട്ടി വോട്ട് ചെയ്യാം. സ്റ്റുഡന്റ് ഐ ഡി കാണിച്ചാല്‍ നടക്കില്ല.
* ആദ്യകാലത്തു വോട്ടിംഗ് പരസ്യമായിരുന്നു. കൈ പൊക്കി ആയിരുന്നു വോട്ട് ചെയ്യുക. 1888 ല്‍ മാസച്യുസെറ്സിലാണ് ആദ്യത്തെ രഹസ്യ ബാലറ്റ് ഉണ്ടായത്.
* ജനകീയ വോട്ട് ജയിച്ചിട്ടും ഇലക്ടറല്‍ കോളജില്‍ തോറ്റ ആല് ഗോറിനു കൂട്ടായി ചരിത്രത്തില്‍ ആന്‍ഡ്രൂ ജാക്സണുമുണ്ട്, 1824 ല്‍. ജോണ്‍ ക്വിന്‍സി ആഡംസാണ് പ്രസിഡന്റായത്.
1876 ല്‍, സാമുവല്‍ റ്റില്ഡണ് ജനകീയ വോട്ട് നേടിയെങ്കിലും ഒരൊറ്റ ഇലക്ടറല്‍ വോട്ടിനു റുഥര്‍ഫോഡ് ബി. ഹയ്സ് പ്രസിഡന്റായി.
അടുത്തത് 1888 ല്‍ ആയിരുന്നു. നാലു വര്‍ഷം മുന്‍പ് പ്രസിഡന്റായ ഗ്രോവര്‍ ക്ളീവ്ലാന്‍ഡ് 1888 ലും ജനകീയ വോട്ട് ജയിച്ചു. പക്ഷെ ഇലക്ടറല്‍ കോളജില്‍ ജയിച്ചത് ബഞ്ചമിന് ഹാരിസ് ആണ്. തോറ്റ പ്രസിഡന്റ് പക്ഷെ വിട്ടു കൊടുത്തില്ല. 1892 ല്‍ വീണ്ടും മത്സരിച്ചു, ജയിച്ചു.
* എതിരില്ലാതെ ജയിച്ച ഒരൊറ്റ പ്രസിഡന്റ് മാത്രം: ജോര്‍ജ് വാഷിംഗ്ടണ്‍. 1801ല്‍ ജെയിംസ് മണ്‍റോയ്ക്കു ഇലക്ടറല്‍ കോളജില്‍ ഒരൊറ്റ വോട്ടാണ് നഷ്ടമായത്. വാഷിംഗ്ടണ്‍ നേടിയ റെക്കോര്‍ഡ് മറ്റാരും സ്വന്തമാക്കേണ്ട എന്നു പറഞ്ഞു ന്യു ഹാംപ്ഷെയറില്‍ നിന്നുള്ള ഒരു പ്രതിനിധി ആണ് എതിര്‍ത്ത് വോട്ട് ചെയ്തത്.
* വാഷിംഗ്ടണ്‍ 1758 ല്‍ വിര്‍ജീനിയ നിയമസഭയിലേക്ക് മത്സരിക്കുമ്പോള്‍ തന്റെ പ്രചരണത്തിനുള്ള 50 ബ്രിട്ടീഷ് പൗണ്ടും മദ്യം വാങ്ങാനാണ് ഉപയോഗിച്ചത്. 391 വോട്ടര്‍മാര്‍ക്കായി 160 ഗ്യാലന് മദ്യം ഒഴുക്കി. ഇംഗ്ലണ്ടില്‍ നിന്നു കൊണ്ട് വന്ന ഒരു കീഴ്വഴക്കം ആയിരുന്നു അത്.
* ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റ് തിയോഡോര്‍ റൂസ്വെല്‍റ്റ് ആയിരുന്നു. സ്ഥാനമേല്ക്കുമ്പോള് 42.
* ജോണ്‍ എഫ് കെന്നഡി 43 വയസിലാണ് പ്രസിഡന്റായത്. പ്രസിഡന്റായ ആദ്യത്തെ കത്തോലിക്കാ വിശ്വാസി. ബൈഡന് ജയിച്ചാല്‍ രണ്ടാമത്തെ കത്തോലിക്ക പ്രസിഡന്റാകും.
* ഫ്രാങ്ക്ളിന് റൂസ്വെല്‍റ്റ് നാലു തവണ പ്രസിഡന്റ് ആയി. പില്ക്കാലത്തു ഭരണഘടന മാറിയപ്പോള്‍ രണ്ടു തവണ മാത്രമേ പ്രസിഡന്റാവാന്‍ കഴിയൂ എന്ന് വ്യവസ്ഥ വന്നു.
* അവിവാഹിതനായ ഒരു പ്രസിഡന്റും ഉണ്ടായി. ജെയിംസ് ബുക്കാനന് ഭരിച്ചത് 1857 മുതല്‍ നാലു വര്‍ഷം. ഏഴു തെക്കന്‍ സംസ്ഥാനങ്ങളുടെ വിഘടനം അമേരിക്കയെ ആഭ്യന്തര യുദ്ധത്തിന്റെ വക്കിലെത്തിച്ച കാലഘട്ടം ആയിരുന്നു അത്. അടുത്ത പ്രസിഡന്റ് എബ്രഹാം ലിങ്കണ് ആയിരുന്നു. അദ്ദേഹം സ്ഥാനമേറ്റു ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ആഭ്യന്തര യുദ്ധം തുടങ്ങി.
* അമേരിക്കയില്‍ ജനിച്ച ആദ്യത്തെ പ്രസിഡന്റ് മാര്ട്ടിന് വാന്‍ ബുറന്‍ ആയിരുന്നു. 1837 ലാണ് അദ്ദേഹം സ്ഥാനമേറ്റത്. അതിനു മുന്‍പ് ഏഴു പ്രസിഡന്റുമാര്‍ ബ്രിട്ടീഷ് പൗരന്മാരായിരുന്നു.
* രാജി വച്ച് ഒഴിയേണ്ടി വന്ന ഒരു പ്രസിഡന്റ് മാത്രമേ യു എസ് ചരിത്രത്തില്‍ ഉള്ളൂ. റിച്ചാഡ് നിക്സണ്. വാട്ടര്‍ഗേറ്റ് അഴിമതി എന്നറിയപ്പെടുന്ന ക്രിമിനല്‍ കുറ്റമാണ് നിക്സനെ വീഴ്ത്തിയത്. ഡെമോക്രാറ്റിക് പാര്‍ട്ടി രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ക്രിമിനലുകളെ നിയോഗിച്ച സംഭവം യു എസ് ജാനാധിപത്യ ചരിത്രത്തിലെ ഏറ്റവും കറുത്ത അധ്യായമാണ്.
* അധോസഭയായ ഹൗസ് മൂന്നു പ്രസിഡന്റുമാരെ കുറ്റ വിചാരണ ചെയ്തിട്ടുണ്ട്. 1868 ല്‍ ആന്‍ഡ്രൂ ജാക്സണ്, 1998 ല്‍ ബില്‍ ക്ലിന്റണ്, 2019 ല്‍ ട്രംപ്. മൂന്നു പേരെയും സെനറ്റ് കുറ്റവിമുക്തരാക്കി.
* അധികാരത്തിലിരിക്കെ മരിച്ച 8 പ്രസിഡന്റുമാരുണ്ട്: വില്യം ഹെന്റി ഹാരിസണ്‍ ന്യുമോണിയ ബാധിച്ചാണ് മരിച്ചത്. സകറി ടെയ്ലര് ഗ്യാസ്ട്രോ എന്ററൈറ്റിസ് മൂലം മരണമടഞ്ഞു. ചെറി പഴങ്ങള്‍ അമിതമായി കഴിച്ചു വിഷബാധ ഉണ്ടായി എന്നാണ് ഒരു കഥ.
ഏബ്രഹാം ലിങ്കണ്, ജെയിംസ് ഗാര്‍ഫീല്‍ഡ്, വില്യം മക്കിന്‍ലി, ജോണ്‍ കെന്നഡി എന്നിവര്‍ വധിക്കപ്പെട്ടു. വാറന്‍ ഹാര്‍ഡിങ് മരിച്ചത് ഹൃദയാഘാതം മൂലം. അദ്ദേഹത്തിന്റെ ഭാര്യ ഫ്ളോറന്‍സ് വിഷം കൊടുത്തതാണ് എന്നും പറയപ്പെടുന്നു.
ഫ്രാങ്ക്ളിന് റൂസ്വെല്‍റ്റിനു മസ്തിഷ്ക രക്തസ്രാവം ആയിരുന്നു മരണ കാരണം.
* തെരഞ്ഞടുക്കപെട്ട ആദ്യത്തെ കറുത്ത വര്ഗക്കാരന് ജോണ്‍ മെര്‍സെര്‍ ലംഗ്സ്റ്റോണ് ആയിരുന്നു. 1855 ല്‍ ഒഹായോവിലെ ബ്രൗണ്ഹെമില് ടൗണ്‍ ക്ലാര്‍ക് തസ്തികയിലേക്ക് ആയിരുന്നു വോട്ടെടുപ്പ്.
* പ്രസിഡന്റായ ആദ്യത്തെ കറുത്ത വര്ഗക്കാരന് ബരാക്ക് ഒബാമ. (2008 2016).