അമേരിക്കയില്‍ വീണ്ടും ശക്തിയാര്‍ജിച്ച് വംശീയവിരുദ്ധ പ്രക്ഷോഭം, അടിച്ചമര്‍ത്താന്‍ നടപടികളുമായി ട്രംപ്
വാഷിംഗ്ഡണ്‍: അമേരിക്കയില്‍ വീണ്ടും ശക്തിയാര്‍ജിക്കുകയാണ് വംശീയവിരുദ്ധ പ്രക്ഷോഭം. അത് അടിച്ചമര്‍ത്താന്‍ കടുത്ത നടപടികളുമായി എത്തിയിരിക്കുകയാണ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പ്രക്ഷോഭകാരികളെ തീവ്രവാദികളെന്ന് വിശേഷിപ്പിച്ച ട്രംപ്, തന്റെ ഫെഡറല്‍ സൈന്യത്തെ ഉപയോഗിച്ച് നേരിടുമെന്നും വ്യക്തമാക്കി. പോര്‍ട്ട്ലാന്‍ഡ്,സിയാറ്റില്‍, കാലിഫോര്‍ണിയ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വന്‍ പ്രക്ഷോഭമാണ് നടക്കുന്നത്. നിരവധി പേരെ അറസ്റ്റ് ചെയ്യുന്നുണ്ട്. ആവശ്യമെങ്കില്‍ കൂടുതല്‍ സൈന്യത്തെ നിയോഗിക്കുമെന്നും ട്രംപ് ഭരണകൂടം വ്യക്തമാക്കി.
അമേരിക്ക ഏകാധിപത്യ രാജ്യം പോലെ പ്രതികരിക്കുന്നതായി സി.എന്‍.എന്‍ അടക്കം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
സമാധാനപരമായി പ്രക്ഷോഭം നടത്തുന്നവര്‍ക്കെതിരെ അപകടകരമായ യുദ്ധസാമഗ്രികള്‍ ഉപയോഗിക്കുന്നതായും ഫെഡറല്‍ ഏജന്റുമാര്‍ തെരുവില്‍നിന്ന് കാരണം കൂടാതെ ആളുകളെ പിടിച്ചുകൊണ്ടുപോകുന്നതായും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഔപചാരിക നേതാവോ ആസ്ഥാനമോ ഇല്ലാത്ത ആന്റിഫ (ആന്റി ഫാഷിസ്റ്റിെന്റ ചെറുരൂപം)യാണ് സംഘര്‍ഷങ്ങള്‍ക്ക് കാരണമെന്നും അവര്‍ ഭീകരരാണെന്നുമാണ് ട്രംപ് കുറ്റപ്പെടുത്തുന്നത്. അതിനിടെ, പോര്‍ട്ട്ലാന്‍ഡ് പ്രക്ഷോഭത്തെ പിന്തുണച്ച് സിയാറ്റിലില്‍ നടന്ന സമരം സംഘര്‍ഷത്തിലെത്തുകയും പൊലീസ് കുരുമുളക്സ്പ്രേയും കണ്ണീര് വാതക ഗ്രനേഡുകളും പ്രയോഗിക്കുകയും ചെയ്തു. ഇതുവരെ 45 പ്രക്ഷോഭകരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 21 പൊലീസ് ഓഫിസര്‍മാര്‍ക്ക് പരിക്കുണ്ട്.