INSIGHTTop NewsTrending

അമേരിക്കൻ പോരാട്ടം അന്തിമ ഘട്ടത്തിലേക്ക്

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍, സിനിമാനിരൂപകന്‍, തിരക്കഥാകൃത്ത്. മലയാളമനോരമയില്‍ തുടങ്ങി. ദ ഗള്‍ഫ് ടുഡേയില്‍ വേള്‍ഡ് എഡിറ്ററായി വിരമിച്ച പി.പി.മാത്യുവിന്റെ അമേരിക്കന്‍ തെരഞ്ഞെടുപ്പ് അവലോകനങ്ങള്‍ ഇനി തുടര്‍ച്ചയായി മീഡിയമംഗളത്തില്‍ വായിക്കാം.

പി പി മാത്യു 

നവംബർ മൂന്ന് അകലെയല്ല. അമേരിക്ക കണ്ട ഏറ്റവും അപഹാസ്യനായ പ്രസിഡന്റ് എന്ന കുപ്രസിദ്ധി നേടിക്കഴിഞ്ഞ ഡൊണാൾഡ് ട്രംപ് ഒരിക്കൽ കൂടി ജയിച്ചു കയറുമോ എന്ന് ലോകം ഏറെ ആകാംക്ഷയോടെ ആണ് ഉറ്റു നോക്കുന്നത്. എണ്ണമറ്റ കോവിഡ് മരണങ്ങളും നിയന്ത്രണമില്ലാത്ത വ്യാപനവും അതു കൊണ്ടു തന്നെ ഉണ്ടായ വൻ സാമ്പത്തിക തകർച്ചയും ട്രംപിനെതിരെ ജനങ്ങളെ തിരിക്കുന്നു എന്നാണ് അഭിപ്രായ വോട്ടെടുപ്പുകളിൽ കാണുന്നത്. ഡെമോക്രാറ്റ് സ്ഥാനാർത്ഥി ജോസഫ് ബൈഡൻ അമേരിക്കയുടെ കണ്ണിലുണ്ണിയൊന്നും അല്ല. പക്ഷെ നിലവിലുള്ള പ്രസിഡന്റിനെ നീക്കം ചെയ്യാൻ ജനം ഉറച്ചങ്ങു തീരുമാനിച്ചിട്ടുണ്ടെങ്കിൽ 77 വയസായ ബൈഡനു മറ്റു തടസ്സമൊന്നും ഇല്ല.  ചരിത്രത്തിന്റെ തെളിവുണ്ട് അത്തരം ജനകീയ ചിന്തയ്ക്ക്. ജോർജ് ബുഷ് സീനിയർ 1992ൽ കുവൈറ്റ് യുദ്ധം ജയിച്ച തിളക്കത്തിലാണ് തെരഞ്ഞെടുപ്പിനു രണ്ടാമത് ഇറങ്ങിയത്. അന്ന് എതിരാളി ബിൽ ക്ലിന്റണെ അധികമാരും അറിയില്ല.

Donald Trump

അമേരിക്കയുടെ ഏറ്റവും ദരിദ്രമായ അർകൻസൊ സംസ്ഥാനത്തെ ഗവർണർ എന്ന നിലയിൽ ക്ലിന്റൺ ആദരണീയനുമായിരുന്നില്ല. പ്രചാരണത്തിന്റെ  ആദ്യ ഘട്ടത്തിൽ  ‘ക്ലിന്റൺ ആര്’ എന്ന ചോദ്യമായിരുന്നു യു എസ് മാധ്യമങ്ങൾ ഉയർത്തിയത്. പക്ഷെ കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ മദ്ധ്യേ നടന്ന തെരഞ്ഞെടുപ്പിൽ ബുഷ് വീണു. അർകൻസൊ ഗവർണർ സാമ്പത്തിക പുനരുദ്ധാരണം നടത്തും എന്ന് ജനത്തിന് പ്രതീക്ഷ ഉണ്ടായി. ഇത്തവണ, ജനഹിത പരിശോധനകൾ എല്ലാം നൽകുന്ന പൊതു സൂചന മഹാമാരി കൈകാര്യം ചെയ്ത രീതിയെ കുറിച്ച് ഭൂരിപക്ഷം ജനങ്ങൾക്കും രോഷം ഏറെയുണ്ട് എന്നാണ്. രോഗവ്യാപനം തടയാൻ അണുനാശിനി കുടിച്ചാൽ മതി എന്ന് തുടങ്ങിയ ഭോഷത്തങ്ങൾ വിളമ്പിയ പ്രസിഡന്റ് മഹാമാരിയെ ഗൗരവത്തോടെ കണ്ടില്ല എന്ന സത്യം ലോകത്തെ തന്നെ അമ്പരപ്പിച്ചതാണ്. അടച്ചു പൂട്ടലും ഭാഗിക നിയന്ത്രണങ്ങളും എല്ലാം കൂടി കൊണ്ട് വന്ന സാമ്പത്തിക തകർച്ചയാണ് പക്ഷെ ട്രംപിനെതിരെ ജനരോഷം ആളിക്കത്തിച്ചത്. 

Joseph Biden

അമേരിക്കയിൽ ജീവിക്കുന്നവർക്ക് സാമ്പത്തിക ഭദ്രത ഏറ്റവും പ്രധാനപ്പെട്ട ഒരു വിഷയമാണ്. ബുഷിന്റെ തോൽവി അങ്ങിനെ സംഭവിച്ചതാണ്. അന്ന് ക്ലിന്റൺ അജ്ഞാതനായിരുന്നു എങ്കിൽ, ഇന്ന് ബൈഡൻ അങ്ങിനെയല്ല. ഒരൊറ്റ ആരോപണത്തിന്റെയും കറ പുരളാത്ത ഒരു ഭരണം ആധുനിക അമേരിക്കൻ ചരിത്രത്തിൽ ഒബാമയുടേത് ആയിരുന്നു. ആ എട്ടു വര്ഷം വൈസ് പ്രസിഡന്റ് ആയിരുന്ന ബൈഡനു സാധാരണക്കാരുടെ സുഹൃത്ത് എന്ന കീർത്തിയുമുണ്ട്. ‘മിഡിൽ ക്ലാസ് ജോ’ എന്നാണ് ഓമനപ്പേര് തന്നെ. സാമ്പത്തിക തകർച്ചയിൽ നട്ടം  തിരിയുന്ന ജനവിഭാഗങ്ങളെയാണ് ബൈഡൻ ലക്ഷ്യമിടുന്നത്. 

ആഫ്രിക്കൻ വംശജർ ട്രംപിനെതിരെ രോഷം പൂണ്ടു നിൽപ്പാണ്. ഇക്കഴിഞ്ഞ മെയ് 25നു മിനാപോളിസിൽ ജോർജ് ലോയ്ഡ് എന്ന കറുത്ത വർഗക്കാരനെ പോലീസ് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയപ്പോൾ രാജ്യമൊട്ടാകെ വൻ പ്രതിഷേധമാണ് കത്തി ജ്വലിച്ചത്. അതിന്റെ അലകൾ ഒടുങ്ങിയിട്ടില്ല. ജോ ബൈഡൻ കറുത്ത വർഗക്കാരന്റെ പുത്രിയായ സെനറ്റർ കമല ഹാരിസിനെ വൈസ് പ്രസിഡന്റ് സ്ഥാനാർഥി ആക്കിയതിന് അതൊരു കാരണമാണ്.ഹാരിസിന്റെ ‘അമ്മ ഇന്ത്യക്കാരിയായിരുന്നു എന്നത് ഏഷ്യൻ വോട്ടുകളിലേക്കു വഴി തുറക്കുന്ന ഘടകവുമാണ്. ഒരു ആഫ്രോ-ഏഷ്യൻ കൂട്ടുകെട്ടിന്റെ സാധ്യത കണ്ട്, അതിനെ മറികടക്കാൻ ട്രംപ് ഒരു ഉളുപ്പുമില്ലാതെ വർഗീയത പുറത്തെടുത്തിട്ടുണ്ട്. 

kamala Haris

ഇസ്രായേലിലെ യു എസ് എംബസി ജെറുസലേമിലേക്കു മാറ്റാനുള്ള തീരുമാനം ഇവാൻജെലിക്കൽ വിഭാഗങ്ങൾക്ക് വേണ്ടിയാണെന്ന് ട്രംപ് പറഞ്ഞത് വോട്ട് നൽകുമെന്ന ഉറപ്പുള്ള ഒരു വിഭാഗത്തെ സുഖിപ്പിക്കാൻ മാത്രമല്ല. ബൈഡൻ കത്തോലിക്കാ സഭാംഗമാണ് എന്ന സത്യം പരോക്ഷമായി ഓർമ്മിപ്പിക്കാൻ കൂടിയാണ്. ജോൺ കെന്നഡിക്കു ശേഷം ഒരു കത്തോലിക്കൻ യു എസ് പ്രസിഡന്റായിട്ടില്ല. ഇവാൻജെലിക്കൽ വിഭാഗങ്ങൾക്ക് അത് സ്വീകാര്യമല്ല എന്ന് ട്രമ്പിനറിയാം. അപ്പോൾ ഒരു വർഗീയ-വംശീയ വെടിക്കു രണ്ടു പക്ഷി. ഹാരിസ് കറുത്ത വർഗക്കാരന്റെ പുത്രിയല്ല എന്ന വാദവും ട്രംപ് ഉയർത്തുന്നു. കരീബിയൻ ദ്വീപ സമൂഹത്തിൽ പെട്ട ജമൈക്കയിൽ ആയിരുന്നു പിതാവിന്റെ ജന്മം എന്നതാണ് ആ വാദത്തിന്റെ അടിസ്ഥാനം. പക്ഷെ കറുത്ത വർഗക്കാരുടെ രോഷം തനിക്കെതിരെ തിളച്ചു മറിയുമ്പോൾ ഇത്തരം ഒരു കാർഡ് ട്രംപ് തേടിപ്പിടിക്കുന്നത് അവരെ തന്നെ അമ്പരപ്പിക്കുന്നു.

അതെ സമയം ഒബാമയുടെ നിഴൽ പോലെ എട്ടു വര്ഷം പ്രവർത്തിച്ച ബൈഡൻ അവർക്കു കൂടുതൽ താല്പര്യമുള്ള നേതാവുമാണ്. അമേരിക്ക കണ്ട ഏറ്റവും നല്ല വൈസ് പ്രസിഡന്റ് എന്ന് ഒബാമ അദ്ദേഹത്തെ വിളിക്കുമ്പോൾ ബൈഡൻ ഒബാമയെ പറ്റി പറയുക ‘സഹോദരൻ’ എന്നാണ്. ബൈഡന്റെ ലക്‌ഷ്യം ഇന്ത്യൻ വംശജരുടെ വോട്ടുകൾ കൂടിയാണ്. കമലയുടെ ‘അമ്മ ഇന്ത്യക്കാരിയായിരുന്നു എന്നും മകൾക്കു ഏഴു വയസുള്ളപ്പോൾ മാതാപിതാക്കൾ പിരിഞ്ഞതാണെന്നും ആണ് ചരിത്രം. അമ്മയാണ് അവരെ പിന്നീട് വളർത്തിയത്. ഇഡ്ഡലി പ്രിയപ്പെട്ട ഭക്ഷണമാണ് എന്ന് തുടങ്ങിയ കഥകൾ ഇന്ന് നമ്മൾ കേട്ട് കഴിഞ്ഞു. ഇരുപതു ലക്ഷത്തോളം വരുന്ന ഇന്ത്യൻ വോട്ടുകൾ ഹാരിസ് ലക്ഷ്യമിടുന്നു എന്ന് ഉറപ്പായതോടെ, ട്രംപ് ഇന്ത്യൻ വംശജരുടെ വോട്ട് കിട്ടാൻ നരേന്ദ്ര മോദിയെ തന്നെ രംഗത്തിറക്കിയതാണ് പുതിയ കൗതുകം. ട്രംപിന്റെ അഹമ്മദാബാദ് സന്ദർശനം ഉൾപ്പെട്ട 107 മിനിറ്റ് വീഡിയോ ഞായറാഴ്ച പുറത്തിറങ്ങി. അമേരിക്കയ്ക്ക് ഇന്ത്യയുമായി മഹത്തായ ബന്ധമാണ് ഉള്ളതെന്ന് ‘നാലു വര്ഷം കൂടി’ എന്ന വിഡിയോയിൽ പറയുന്നു. കഴിഞ്ഞ വര്ഷം മോദി ഹൂസ്റ്റൺ സന്ദർശിച്ചപ്പോൾ ട്രംപിന്റെ കൈ പിടിച്ചു എൻ ആർ ജി സ്റ്റേഡിയത്തിലെ സ്വീകരണ വേദിയിലേക്ക് കയറി വരുന്ന രംഗത്തിൽ നിന്നാണ് വീഡിയോ തുടങ്ങുന്നത്. അമേരിക്കൻ ഇന്ത്യക്കാർക്ക് അതൊരു ആവേശം ആവുമോ എന്ന ചോദ്യത്തിന് ഡമോക്രാറ്റുകൾ നൽകുന്ന മറുചോദ്യം  ഇതാണ്: ഇന്ത്യക്കാരിയുടെ മകൾ വൈസ് പ്രസിഡന്റ് ആകുന്നതിലല്ലേ യഥാർത്ഥത്തിൽ ആവേശം ഉണ്ടാവുക. 

മിഷിഗൺ, ഒഹായോ, പെൻസിൽവേനിയ തുടങ്ങിയ നിർണായക സംസ്ഥാനങ്ങളിൽ ഇന്ത്യക്കാരുടെ വോട്ട് സുപ്രധാനമാണ്. സ്ഥാനാർത്ഥിത്വം സ്വീകരിച്ചു കൊണ്ട് ഡെമോക്രാറ്റിക്‌ കൺവെൻഷനിൽ ബൈഡൻ നടത്തിയ പ്രസംഗത്തിൽ പ്രധാനമായും സ്പർശിച്ചത് കൊറോണ വൈറസിനെ നേരിടുന്നതിൽ ട്രംപിനുണ്ടായ പരാജയം ആണ്. അഞ്ചു കോടി അമേരിക്കൻ പൗരന്മാർ ഈ വര്ഷം തൊഴിലില്ലായ്മ വേതനത്തിന് അപേക്ഷിച്ചിട്ടുണ്ട് എന്നതാണ് ഒരു അനുബന്ധ വിഷയം. ആറിലൊന്ന് എന്ന തോതിൽ ചെറുകിട കച്ചവടങ്ങൾ പൂട്ടി എന്നും അദ്ദേഹം പറഞ്ഞു. ഇതൊക്കെ ചൂണ്ടിക്കാട്ടിയ ശേഷം ബൈഡൻ പ്രഖ്യാപിച്ചത്, താൻ പ്രസിഡന്റായാൽ വംശീയതയും വർഗീയതയും തുടച്ചു നീക്കാൻ ശ്രമിക്കും എന്നാണ്. അമിതമായ ഭീതിയും രോഷവും വെറുപ്പും സൃഷ്ടിച്ച ട്രംപ് ഭരണം അവസാനിക്കണം. ആറു തവണ സെനറ്ററായ ബൈഡൻ വ്യക്തമായ മുൻ തൂക്കത്തോടെ ആണ് ഇപ്പോൾ നിലയുറപ്പിച്ചിട്ടുള്ളത്. പക്ഷെ വിജയത്തിന്  അതൊരു ഉറപ്പല്ല. തലനാരിഴ കീറി പരിശോധിച്ചേ വോട്ടർമാർ തീരുമാനം എടുക്കൂ. 

വോട്ടർമാരെ ബൂത്തുകളിലേക്കു ആകർഷിക്കുന്നതാണ് ഒരു വെല്ലുവിളി. കഴിഞ്ഞ തവണ 28 ശതമാനമാണ് വോട്ട് ചെയ്തത്. ഏതെങ്കിലും സ്ഥാനാർത്ഥിയോട് കടുത്ത രോഷമുണ്ടെങ്കിൽ അയാളെ തോൽപിക്കാൻ വേണ്ടി ജനം പാഞ്ഞെത്തും എന്നൊരു കണക്കു കൂട്ടലുണ്ട്. ഇത്തവണ അതുണ്ടാവും എന്നു ഡെമോക്രാറ്റ്സ് പ്രതീക്ഷിക്കുന്നു. ജനകീയ വോട്ടുകൾ എന്തായാലും ഇലക്ട്‌റൽ കോളേജിൽ ഭൂരിപക്ഷം നേടിയാൽ മാത്രമേ വിജയം ഉണ്ടാവൂ എന്ന വ്യവസ്ഥ അമേരിക്കയുടെ പ്രത്യേകതയാണ്. ജനകീയ വോട്ട് കിട്ടിയാലും തോൽക്കാം — അൽ ഗോറിനു സംഭവിച്ച  പോലെ. ഇലക്ട്‌റൽ വോട്ട് ഭൂരിപക്ഷത്തിനു 270 കടക്കണം — 538 ആണ് അംഗ സംഖ്യ. അങ്ങിനെ വരുമ്പോൾ ഏറ്റവും അധികം ഇലക്ട്‌റൽ വോട്ടുള്ള സംസ്ഥാനങ്ങൾ പ്രധാനമാവുന്നു. പോർക്കളങ്ങൾ എന്ന് പറയുന്ന ഈ സംസ്ഥാനങ്ങളിൽ ഏറ്റവും വലുത് കലിഫോണിയ ആണ്. ഹാരിസിനെ സെനറ്റർ ആക്കിയ സംസ്ഥാനത്തിന് 55 അംഗങ്ങൾ ഉണ്ടാവും ഇലക്ട്‌റൽ കോളേജിൽ. അടുത്ത് ടെക്സാസ് — 38. പിന്നെ ന്യു യോർക്ക്  29, ഫ്ലോറിഡ 29, ഇലാനോയ് 20, പെൻസിൽവാനിയ 20. ജനങ്ങളുടെ വോട്ടും ജനസംഖ്യയും കണക്കിലെടുത്തുള്ള സങ്കീർണമായ ഒരു സംവിധാനമാണ് ഇലക്ട്‌റൽ കോളജ്. കാലിഫോണിയ ഡെമോക്രറ്റുകൾക്കു പിടിയിൽ ഒതുങ്ങുന്ന സംസ്ഥാനമാണ്. ഇലിനോയിയും. ഒഹായോ, ഫ്ലോറിഡ, പെൻസിൽവാനിയ എന്നിവ എങ്ങോട്ടും മറിയാം. 

ട്രംപ് യാതൊരു മൂല്യങ്ങളും ഇല്ലാത്ത ഒരാളാണെന്ന് അദ്ദേഹത്തിന്റെ മൂത്ത സഹോദരി മര്യനെ ട്രംപ് ബാരി പറയുന്ന ഒരു വീഡിയോ അതിനിടെ വിവാദമായിട്ടുണ്ട്. വാഷിംഗ്‌ടൺ പോസ്റ്റ് പത്രം രഹസ്യമായി റെക്കോർഡ് ചെയ്തതാണത്രേ ഈ വീഡിയോ. ജഡ്ജ് ആയിരുന്ന ബാരി അതിർത്തിയിൽ കുടിയേറ്റക്കാർക്കെതിരെ ട്രംപ് ആഞ്ഞടിക്കുന്നതിനെ എതിർക്കുന്നു. “സ്വന്തം വോട്ടർമാരെ മാത്രം മതി അയാൾക്ക്. ദൈവത്തിനു നിരക്കാത്തതാണ് ചെയ്യുന്നത്. ദൈവത്തിൽ വിശ്വാസമുണ്ടെങ്കിൽ മനുഷ്യരെ സഹായിക്കണം. അയാൾക്ക്‌ ഒരു മൂല്യങ്ങളുമില്ല,” എന്നിങ്ങനെ പോകുന്നു അവരുടെ അഭിപ്രായങ്ങൾ. ട്രംപിന്റെ ‘മുടിഞ്ഞ’ ട്വീറ്റുകൾ മുഴുവൻ നുണയാണെന്ന് അവർ ആവർത്തിച്ച് പറയുന്നു. സെക്സ് ചിത്രങ്ങളിൽ അഭിനയിക്കുന്ന സ്റ്റോമി ഡാനിയേഴ്‌സ് എന്ന നടിക്കു ട്രംപ് 44,100 ഡോളർ നഷ്ടപരിഹാരം നൽകണമെന്ന കോടതി വിധിയാണ് അദ്ദേഹത്തിനേറ്റ ഏറ്റവും പുതിയ പ്രഹരം. ലൈംഗിക ബന്ധം മറച്ചു വയ്ക്കാൻ അവരുടെ മേൽ സമ്മർദം ചെലുത്തി എന്നായിരുന്നു ആരോപണം. 

ബൈഡൻ ജയിച്ചാൽ അരാജകത്വം കൊടികുത്തി വാഴും എന്നാണ് ട്രംപിന്റെ താക്കീത്. അമേരിക്കൻ സ്വപ്നം ഉറപ്പാക്കാൻ മുഴു ഭ്രാന്തിനെതിരെയും അരാജകത്വത്തിനെതിരെയും നിൽക്കുന്ന ഏക വ്യക്തി താനാണെന്നും അദ്ദേഹം  പറയുന്നു.ദേശീയ തലത്തിലുള്ള അഭിപ്രായ വോട്ടെടുപ്പുകളിൽ ഓഗസ്റ്റ് 21 ലെ നില ബൈഡൻ 50 പോയിന്റും ട്രംപ് 40 പോയിന്റും എന്നതാണ്. 2016 തെരഞ്ഞെടുപ്പിൽ ഓഗസ്റ്റിൽ ഇത്ര വ്യക്തമായ ലീഡ് ട്രമ്പിനോ ഹിലരി ക്ലിന്റനോ ഉണ്ടായിരുന്നില്ല. അന്ന് ട്രംപ് ജയിച്ച 10 പോർക്കങ്ങളിലും ഇപ്പോൾ ബൈഡനു വ്യക്തമായ മുൻതൂക്കമുണ്ട്. 

Tags
Show More

Related Articles

Back to top button
Close